കിങ്‌സ്റ്റണ്‍: തന്റെ കന്നി ടെസ്റ്റ് സെഞ്ചുറി മരിച്ചു പോയ പിതാവിന് സമര്‍പ്പിച്ച് ഹനുമ വിഹാരി. തനിക്കൊപ്പം ഉറച്ച് നിന്ന് ബാറ്റ് ചെയ്ത പേസര്‍ ഇശാന്ത് ശര്‍മ്മയ്ക്കും വിഹാരി നന്ദി പറഞ്ഞു. തന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറി മരിച്ചു പോയ അച്ഛന് സമര്‍പ്പിക്കുമെന്ന് 13 വര്‍ഷം മുമ്പ് തന്നെ വിഹാരി തീരുമാനിച്ചതായിരുന്നു.

”എനിക്ക് 12 വയസുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. അന്ന് ഞാന്‍ തീരുമാനിച്ചതാണ് അന്താരാഷ്ട്ര തലത്തില്‍ ക്രിക്കറ്റ് കളിക്കുമെന്നും ആദ്യ സെഞ്ചുറി അദ്ദേഹത്തിന് സമര്‍പ്പിക്കുമെന്നും” 111 റണ്‍സാണ് വിഹാരി വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയത്.

”ഇന്ന് വളരെ വൈകാരികമായൊരു ദിവസമാണ്. എവിടെയാണെങ്കിലും അദ്ദേഹം അഭിമാനിക്കുന്നുണ്ടാകും. എനിക്കിത് നേടാനായതില്‍ അഭിമാനമുണ്ട്’ ഇശാന്തുമൊത്ത് എട്ടാം വിക്കറ്റില്‍ 112 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇശാന്ത് 80 പന്തില്‍ 57 റണ്‍സ് നേടി. വിന്‍ഡീസ് ബോളര്‍മാരുടെ ക്ഷമ പരീക്ഷിക്കുകയായിരുന്നു ഇരുവരും.

”സെഞ്ചുറി നേടിയതില്‍ സന്തോഷമുണ്ട്. പക്ഷെ ക്രെഡിറ്റ് ഇശാന്തിനാണ്. ഇന്ന് ്അവന്‍ ഒരു ബാറ്റ്‌സ്മാനെ പോലെയാണ് കളിച്ചത്, എന്നെക്കാളുമുപരിയായി. ബോളര്‍ എന്തായിരിക്കും ചിന്തിക്കുക എന്നായിരുന്നു ഞങ്ങള്‍ ചര്‍ച്ച ചെയ്തത്. അവന്റെ അനുഭവ സമ്പത്ത് ഉപകരിച്ചു” വിഹാരി പറഞ്ഞു.

അതേസമയം, ഒന്നാം ടെസ്റ്റില്‍ വിജയിച്ച ഇന്ത്യ രണ്ടാം ടെസ്റ്റിലും പിടിമുറുക്കുകയാണ്. ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് സ്‌കോറായ 416 റണ്‍സ് പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നേടിയിരിക്കുന്നത് വെറും 87 റണ്‍സ് മാത്രമാണ്. ഇപ്പോഴും ഇന്ത്യയേക്കാള്‍ 329 റണ്‍സ് പിന്നിലാണ് കരീബിയന്‍സ്. ഹാട്രിക് അടക്കം ആറ് വിക്കറ്റാണ് ഇന്ത്യയ്ക്ക് വേണ്ടി ബുംറ നേടിയത്. മൊഹമ്മദ് ഷമി ഒരു വിക്കറ്റ് നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook