സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ വിജയത്തോളം വിലയുള്ള ഒരു സമനിലയാണ് ഇന്ത്യ സ്വന്തമാക്കിയത്. സിഡ്‌നിയിൽ സമനില സ്വന്തമാക്കാൻ ഇന്ത്യയെ സഹായിച്ചത് ആർ.അശ്വിനും ഹനുമ വിഹാരിയും ചേർന്നാണ്. ടെസ്റ്റിന്റെ അവസാനദിനം ഓസീസ് ബൗളിങ് നിരയെ അശ്വിനും വിഹാരിയും ചേർന്ന് ശക്തമായി പ്രതിരോധിക്കുകയായിരുന്നു. ടെസ്റ്റ് അവസാനിക്കുന്നതുവരെ ഇരുവരും പുറത്താകാതെ നിന്നു.
പരുക്കേറ്റിട്ടും ക്ഷമയോടെ ബാറ്റ് ചെയ്‌താണ് വിഹാരി ശ്രദ്ധ നേടിയത്. 161 പന്തുകളിൽനിന്ന് നാലു ഫോറുകൾ സഹിതം 23 റൺസാണ് വിഹാരി നേടിയത്. സിംഗിൾ എടുക്കാൻ സാധിക്കാത്ത വിധം പരുക്ക് താരത്തെ അലട്ടിയിരുന്നു. എന്നിട്ട് പോലും ഓസ്ട്രേലിയയുടെ പേസ് ആക്രമണത്തിനു മുൻപിൽ വിഹാരി വൻമതിൽ തീർത്തു. എന്നാൽ, ഈ ഐതിഹാസിക ഇന്നിങ്സിനെ പരിഹസിക്കുകയാണ് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ബാബുൽ സുപ്രിയോ.
Read Also: ആശങ്ക വേണ്ട, ബ്രിസ്‌ബണിൽ കളിക്കാൻ ഇന്ത്യയ്‌ക്ക് 11 പേരുണ്ട്
വിഹാരിയുടെ ഇന്നിങ്സിനെ വളരെ മോശമായാണ് ബാബുൽ സുപ്രിയോ ചിത്രീകരിച്ചത്. “109 പന്തുകൾ നേരിട്ട് വെറും ഏഴു റൺസ് മാത്രം നേടുക! തീർത്തും മോശമെന്നേ പറയാനുള്ളൂ. ഇന്ത്യയ്‌ക്ക് ചരിത്ര വിജയം സമ്മാനിക്കാനുള്ള അവസരം മാത്രമല്ല ഹനുമ ബിഹാരി നഷ്‌ടപ്പെടുത്തിയത്, മറിച്ച് ക്രിക്കറ്റിനെത്തന്നെയാണ് അദ്ദേഹം കൊന്നത്. വിദൂര സാധ്യതയാണെങ്കിൽപ്പോലും വിജയത്തിനായി പ്രയത്നിക്കാതിരുന്നത് തെറ്റ് തന്നെയാണ്,” ബാബുൽ സുപ്രിയോ ട്വീറ്റ് ചെയ്തു. ക്രിക്കറ്റിനെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്ന് തനിക്ക് തന്നെ അറിയാമെന്നും ട്വീറ്റിന്റെ അവസാനത്തിൽ കുറിച്ചിരിക്കുന്നു.
എന്നാൽ, ബാബുൽ സുപ്രിയോയുടെ ട്വീറ്റിന് വിഹാരിയുടെ മറുപടിയെത്തി. ട്വീറ്റിൽ ‘വിഹാരി’ക്ക് പകരം ‘ബിഹാരി’ എന്നാണ് കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്‌തത്. ഇത് തിരുത്തിയാണ് ഹനുമ വിഹാരി രംഗത്തെത്തിയത്. കേന്ദ്രമന്ത്രിയുടെ ട്വീറ്റ് റിട്വീറ്റ് ചെയ്തിരിക്കുകയാണ് താരം. ‘*Hanuma Vihari’ എന്ന് മാത്രമാണ് വിഹാരി ട്വീറ്റ് ചെയ്തിരിക്കുന്നത്. നിരവധി പേർ വിഹാരിയുടെ ട്രോളിനെ ഏറ്റെടുത്തു. വിരേന്ദർ സെവാഗ് അടക്കം വിഹാരിയുടെ റിട്വീറ്റിനോട് പ്രതികരിച്ചു. ‘നമ്മുടെ വിഹാരി, എല്ലാവർക്കും മുകളിൽ’ എന്നാണ് സെവാഗ് കുറിച്ചത്.
ബംഗാളിലെ അസൻസോളിൽ നിന്നുള്ള എംപിയായ ബാബുൽ സുപ്രിയോ പരിസ്ഥിതി, വനം, കാലാവസ്ഥാ മാറ്റം എന്നീ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയാണ്. രാഷ്ട്രീയത്തിനു പുറമെ പ്രശസ്ത ഗായകനും നടനുമാണ്.