ഗുവാഹത്തി: ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ ടി20 മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. പുതുവർഷത്തിലെ ഇരുടീമുകളുടെയും ആദ്യ മത്സരം മഴ കളിച്ചതോടെ വെള്ളത്തിലാകുകയായിരുന്നു. ഗ്രൗണ്ടിൽ വെള്ളം കയറിയതോടെയാണ് ഒരു പന്ത് പോലും എറിയാതെ മത്സരം ഉപേക്ഷിക്കേണ്ട സാഹചര്യമൊരുങ്ങിയത്. അവസാന നിമിഷം വരെ അമ്പയർമാർ ഫീൾഡ് പരിശോധിച്ചെങ്കിലും പിച്ച് മത്സരയോഗ്യമല്ലെന്ന് കണ്ടെത്തുകയായിരുന്നു.

ഇതിനിടെയാണ് പിച്ചുണക്കാൻ ഹെയർ ഡ്രയറും തേപ്പുപെട്ടിയും ഉപയോഗിച്ചത്. ആരാധകരാണ് ഇക്കാര്യം കണ്ടെത്തിയത്. ഫൊട്ടോ സഹിതം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ആരാധകർ അസം ക്രിക്കറ്റ് അസോസിയേഷന്റെ നടപടിയിൽ കടുത്ത അമർഷം രേഖപ്പെടുത്തുകയും ചെയ്തു. നിരവധി ട്രോളുകളും ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.

ലോകത്തെ ഏറ്റവും സമ്പന്നമായ കായിക സംഘടനകളിലൊന്നായ ബിസിസിഐ സംഘടിപ്പിച്ച മത്സരത്തിലാണ്, പിച്ചുണക്കാന്‍ ഹെയർ ഡ്രയർ പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ചതെന്ന് ചിലർ പരിഹസിച്ചു. മറ്റു ചിലരാകട്ടെ ഇതാണോ ബിസിസിഐ ഉപയോഗിക്കുന്ന ഏറ്റവും ആധുനിക ഉപകരണങ്ങളെന്ന സംശയവും ഉന്നയിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook