തന്റെ ആദ്യ കോമൺവെൽത്ത് ഗെയിംസിനിറങ്ങിയ ബിന്ദ്യാറാണി ദേവി സോറോഖൈബാമിനെ ‘മീരാബായ് 2.0’ എന്നാണ് പലരും വാഴ്ത്തിയിരുന്നത്. എന്തുകൊണ്ടെന്ന് ഇങ്ങനെ ഒരു വിശേഷണമെന്ന് ആര്‍ക്കും തോന്നാം. ഇരുവരും ഒരേ കായിക ഇനത്തിലാണ് മത്സരിക്കുന്നത്. കൂടാതെ, ഒരേ സംസ്ഥാനം, ഒരേ നഗരം, സമാനമായ കരിയര്‍ വളര്‍ച്ച, എന്തിന് അധികം ഇംഫാലിലെ സായ് നോർത്ത് ഈസ്‌റ്റേൺ റീജിയണൽ സെന്ററിൽ നിന്നാണ രണ്ട് പേരുടേയും തുടക്കവും. ഇന്നലെ ഇരുവരും കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി മെഡലുകളും നേടി.
വനിതകളുടെ 55 കിലോ ഗ്രാം ഭാരോദ്വഹനത്തിലായിരുന്നു 23 വയസുകാരിയായ ബിന്ദ്യാറാണി വെള്ളി നേടിയത്. സ്നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലുമായി 202 കിലോ ഗ്രാമാണ് ഉയര്‍ത്തിയത്. സ്വര്‍ണം നേടിയത് നൈജീരിയയും അദിജാത് അദെനിക്കെ ഒലാരിനോയേക്കാള്‍ ഒരു കിലോ മാത്രമാണ് കുറവുണ്ടായിരുന്നത്.
ഫൈനലിനെത്തിയ ബിന്ദ്യാറാണി സ്നാച്ച് റൗണ്ടില്‍ തന്റെ ആദ്യ ശ്രമത്തില്‍ തന്നെ 81 കിലോയാണ് ഉയര്‍ത്തിയത്. രണ്ടാം ശ്രമത്തില്‍ 84 കിലോയും. ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് റൗണ്ടില്‍ ബിന്ദ്യാറാണി 116 കിലോ ഉയര്‍ത്തിയതായിരുന്നു ഏറ്റവും പോസിറ്റിവായ കാര്യം. എന്തായാലും ബിന്ദ്യാറാണിയുടെ മെഡല്‍ വേട്ടയുടെ തുടക്കം മാത്രമാണിതെന്ന് ഉറപ്പിക്കാം.
ഗെയിംസ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ബിന്ദ്യാറാണിയുടെ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ദേശീയ പരിശീലകന്‍ വിജയ് ശര്‍മ പ്രവചിച്ചിരുന്നു.
“ലോക ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണ മെഡല്‍ അവളുടെ അതുല്യമായ മികവിന്റെ തെളിവാണ്. കോമണ്‍വെല്‍ത്ത് ഗെയിംസിന് മുന്നോടിയായി അവളുടെ ദുര്‍ബലതകള്‍ പരിഹരിക്കാനുള്ള ശ്രമമായിരുന്നു. സാധിക്കുന്ന അത്രയും ചെയ്തു. പക്ഷെ നൈജീരിയന്‍ താരത്തിനൊപ്പമെത്താന്‍ സാധിച്ചില്ല,” വിജയ് ശര്‍മ പറഞ്ഞു.
തന്റെ പ്രകടനം മെച്ചെപ്പെടുത്തുന്നതിനായി മീരാഭായ് ചാനു എത്രത്തോളം പിന്തുണ നല്‍കി എന്നത് ബിന്ദ്യാറാണി മെഡല്‍ നേട്ടത്തിന് ശേഷം വിശദമാക്കി. “ഭാരോദ്വഹനത്തിന്റെ സാങ്കേതിക വശങ്ങള്‍ ചൂണ്ടിക്കാണിച്ചു തന്നു. ഭാരോദ്വഹനത്തിനായുള്ള ലിഫ്റ്റിങ് ഷൂസ് വാങ്ങാനുള്ള പണമില്ലാത്തതിനാല്‍ മീരാഭായ് ആണ് സഹായിച്ചത്,” ബിന്ദ്യാറാണി വ്യക്തമാക്കി.
കഴിഞ്ഞ ആറ് മാസം കൊണ്ട് തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ബിന്ദ്യാറാണിക്കായി. “ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷവതിയാണ്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പക്ഷെ സ്വര്‍ണം കയ്യില്‍ നിന്ന് വഴുതി പോയി. അടുത്ത തവണ കൂടുതല്‍ മികവ് പുലര്‍ത്താന്‍ ശ്രമിക്കും,” ബിന്ദ്യാറാണി എഎന്‍ഐയോട് പറഞ്ഞു.