ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച നായകൻമാരിൽ ഒരാളാണ് സൗരവ് ഗാംഗുലി. താരത്തിന്റെ ജീവിതവും പ്രകടനവും പുതുതലമുറയുടെ പാഠ പുസ്തകമാണ്. തന്റെ ആത്മകഥയുടെ രചനാ തിരക്കിലായിരുന്നു താരം. ‘എ സെഞ്ചുറി ഈസ് നോട്ട് ഇനഫ് ‘ എന്ന പേരിൽ പുറത്തിറങ്ങുന്ന ആത്മകഥ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിന്റെ സുവർണ്ണ കാലഘട്ടത്തെയാകും അടയാളപ്പെടുത്തുക. എന്നാൽ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയിലെ ഒരു പ്രധാന ഭാഗം ഇപ്പോൾ പരസ്യമായിരിക്കുകയാണ്. തന്രെ വിരമിക്കൽ മൽസരത്തിനിടെ നടന്ന സംഭവത്തെപ്പറ്റിയുള്ള സൗരവ് ഗാംഗുലിയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്ത് വരുന്നത്.

വിരമിക്കൽ മൽസരത്തിൽ മഹേന്ദ്ര സിങ് ധോണി നൽകിയ ഓഫർ ആദ്യം നിഷേധിച്ചതായാണ് സൗരവ് ഗാംഗുലിയുടെ വെളിപ്പെടുത്തൽ. 2008ൽ ഓസ്ട്രേലിയക്കെതിരെയായിരുന്നു ഗാംഗുലിയുടെ അവസാന മൽസരം. നാഗ്പൂർ ടെസ്റ്റിന്റെ അവസാന ദിനം നായക സ്ഥാനം ഏറ്റെടുക്കാൻ മഹേന്ദ്ര സിങ് ധോണി തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ഗാംഗുലി പറയുന്നു. എന്നാൽ താൻ ധോണിയുടെ ആവശ്യം നിരസിച്ചെന്നും ഗാംഗുലി വ്യക്തമാക്കി.

എന്നാൽ ഇന്ത്യ വിജയത്തോട് അടുത്തപ്പോൾ ധോണി വീണ്ടും തന്റെ അടുത്ത് എത്തി നായകനാകാൻ ആവശ്യപ്പെട്ടു. ഈ ആവശ്യം താൻ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തെന്നും ഗാംഗുലി പറഞ്ഞു. നാഗ്പൂർ ടെസ്റ്റിൽ ജയിക്കാൻ 1 വിക്കറ്റ് മാത്രം വേണ്ടപ്പോഴാണ് ഗാംഗുലി ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തത്. ഫീൽഡിങ് സെറ്റ് ചെയ്യുകയും ബോളിങ് തിരഞ്ഞെടുപ്പ് നടത്തിയതും ഗാംഗുലിയാണ്. ഒടുവിൽ ഹർഭജൻ സിങ്ങിന്റെ പന്തിൽ മിച്ചൽ ജോൺസൺ പുറത്തായതോടെ ഇന്ത്യ 172 റൺസിന്റെ കൂറ്റൻ വിജയം ആഘോഷിക്കുകയായിരുന്നു.

അവസാന ടെസ്റ്റ് മൽസരത്തിൽ സെഞ്ചുറി നേടാൻ കഴിയാത്തതിൽ തനിക്ക് നിരാശ ഉണ്ടായെന്നും ഗാംഗുലി ആത്മകഥയിൽ പ്രതിപാദിക്കുന്നുണ്ട്. അവസാന മൽസരത്തിന്റെ ആദ്യ ഇന്നിങ്സിൽ 85 റൺസിനാണ് ഗാംഗുലി പുറത്തായത്. അവസാന ടെസ്റ്റ് മൽസരത്തിൽ വിജയത്തോടെ വിടവാങ്ങാൻ കഴിഞ്ഞതാണ് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്നും ഗാംഗുലി പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook