ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിനെ വിഴുങ്ങിയിരിക്കുന്ന സൂപ്പര്‍സ്റ്റാര്‍ സംസ്കാരത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് സുപ്രീംകോടതി നിയമിച്ച ബിസിസിഐ അഡ്മിനിസ്ട്രേറ്റേഴ്സ് കമ്മിറ്റിയില്‍ നിന്നും രാമചന്ദ്ര ഗുഹ രാജിവയ്ക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിനെ ബാധിച്ചിരിക്കുന്നത് ചിലരുടെ ഭിന്നതാൽപര്യങ്ങളാണെന്നും ഈ അത്യാപത്ത് തന്നെ വ്യാകുലനാക്കുന്നുവെന്നും പറയുന്നുണ്ട് ക്രിക്കറ്റ് പ്രേമിയായ ഈ ചരിത്രകാരന്‍.

രാമചന്ദ്ര ഗുഹ ബിസിസിഐയ്ക്ക് അയച്ച ഏഴു പേജുകളുള്ള കത്തില്‍ വിമര്‍ശനങ്ങളാണ് ഏറെയും. അഭ്യന്തര ക്രിക്കറ്റ് താരങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം നല്‍കണമെന്ന് രാമചന്ദ്ര ഗുഹ ആവശ്യപ്പെടുന്നു. സുപ്രീംകോടതി നിയമിച്ച വിനോദ് റായിയുടെ അധ്യക്ഷതയിലുള്ള നാലംഗ ഭരണസമിതിയില്‍ സ്ത്രീ താരങ്ങളൊന്നും പ്രതിനിധികളായി ഇല്ലെന്നും രാമചന്ദ്ര ഗുഹ പറയുന്നുണ്ട്. പക്ഷെ അദ്ദേഹത്തെ ഏറ്റവും അലട്ടുന്നത് സൂപ്പര്‍ താരങ്ങളുമായി ബന്ധപ്പെട്ട വിഷയമാണെന്നും ക്രിക്കറ്റിനെ വിഴുങ്ങിയിരിക്കുന്ന സൂപ്പര്‍സ്റ്റാര്‍ സംസ്കാരം ആണെന്നും ഗുഹ ബിസിസിഐക്ക് അയച്ച രാജി കത്തില്‍ കാണാവുന്നതാണ്.

ശിഖര്‍ ധവാന്‍, റിഷഭ് പന്ത്‌ എന്നീ ക്രിക്കറ്റ് താരങ്ങളെയൊക്കെ മാനേജ് ചെയ്യുന്ന പിഎംജി കമ്പനി ഉടമയായ സുനില്‍ ഗവാസ്കര്‍ തന്നെ ബിസിസിഐ കമന്റേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്നതിലെ വിരോധാഭാസങ്ങള്‍ രാമചന്ദ്ര ഗുഹ കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. “ഒന്നുകില്‍ അദ്ദേഹം പിഎംജിയില്‍ നിന്നും ഒഴിവാകണം അല്ലെങ്കില്‍ ബിസിസിഐ കമന്റേറ്റര്‍ സ്ഥാനം ഒഴിയണം” എന്ന് രാമചന്ദ്ര ഗുഹ എഴുതുന്നു. മഹേന്ദ്ര സിങ് ധോണിയുടെ കാര്യത്തിലും അദ്ദേഹം വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച ധോണി ഇപ്പോഴും ദേശീയ ടീമിന്‍റെ കരാറില്‍ ഒന്നാം ഗ്രേഡ് കളിക്കാരനാണ്. അതിലെ പൊരുത്തക്കേടിനെ ഗുഹയുടെ രാജിക്കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ” ക്രിക്കറ്റില്‍ ഇതിന് വിശദീകരണങ്ങളില്ല. ഇത് നല്‍കുന്നത് തെറ്റായൊരു സന്ദേശമാണ്” ഗുഹ പറയുന്നു.

ധോനിക്കെതിരെ വേറെയും വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നുണ്ട് രാമചന്ദ്ര ഗുഹ. നിലവില്‍ ടീമിലുള്ള ചില താരങ്ങള്‍ പ്രതിനിധീകരിക്കുന്ന മറ്റൊരു ടീമില്‍ ഉടമസ്ഥതയുള്ളയാളാണ് മഹേന്ദ്ര സിങ് ധോണി. അപ്പോഴും ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ ആയി അദ്ദേഹം തുടരുന്നു എന്നതിലെ പൊരുത്തക്കേടിനെ രാമചന്ദ്ര ഗുഹ വിമര്‍ശിക്കുന്നു. “ഇത് (സൂപ്പര്‍സ്റ്റാര്‍ സംസ്കാരം) നിര്‍ത്തേണ്ടതുണ്ട്. അത് നമുക്ക് മാത്രമേ നിര്‍ത്താന്‍ സാധിക്കൂ” അദ്ദേഹം പറയുന്നു.

പേരെടുത്ത് പറയുന്നില്ല എങ്കിലും ഇന്ത്യന്‍ എ, അണ്ടര്‍ 19 ടീമുകളുടെ കോച്ചായിരിക്കുമ്പോള്‍ തന്നെ ഐപിഎല്ലില്‍ ഡല്‍ഹി ടീമിനെ മെന്റര്‍ ചെയ്തതും രാമചന്ദ്ര ഗുഹ സൂചിപ്പിക്കുന്നുണ്ട്.

ഇന്ത്യന്‍ കോച്ചായ അനില്‍ കുംബ്ലെയോടുള്ള ബിസിസിഐയുടെ പെരുമാറ്റം വളരെ മോശമാണ്. ഒരു വര്‍ഷ കാലയളവില്‍ നല്ലൊരു പ്രകടനം കാഴ്ചവെച്ചിട്ടും ബിസിസിഐ സിഇഒ രാഹുല്‍ ജൊഹ്റിയും ബിസിസിഐ ഉദ്യോഗസ്ഥരും ഒട്ടും പ്രഫഷണലായല്ല അനില്‍ കുംബ്ലെയോട് പെരുമാറിയത്. സുപ്രീംകോടതി നിയമിച്ച ബിസിസിഐ അഡ്മിനിസ്ട്രേറ്റേഴ്സ് കമ്മറ്റിയും ഇതിനോട് പ്രതികരിക്കാതെ വായടച്ചിരിക്കുകയായിരുന്നുവെന്നും ഗുഹ പറഞ്ഞു.

Ramachandra Guha Resignation Letter to Shri Vinod Rai by The Indian Express on Scribd

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ