ലണ്ടൻ: ഒരു പതിറ്റാണ്ടിലേറെ നീണ്ട ക്രിക്കറ്റ് ജീവതത്തിന് അന്ത്യം കുറിക്കാൻ തീരുമാനിച്ച് വിരമിക്കൽ പ്രഖ്യാപിച്ച ഇംഗ്ലീഷ് ഇതിഹാസ താരത്തിന് ഇന്ത്യൻ ടീമിന്റെ സർപ്രൈസ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനായി ഓപ്പണർ കുക്ക് മൈതാനത്തേക്ക്. ഗാർഡ് ഓഫ് ഓണർ നൽകിയാണ് ഇന്ത്യൻ ടീം അംഗങ്ങൾ മൈതാനത്തേക്ക് ആനയിച്ചത്. ഇന്ത്യൻ താരങ്ങൾക്കൊപ്പം അമ്പയർമാരും കൂടിയതോടെ കുക്കിന് രാജകീയ വരവേൽപ്പ്.

സാധാരണ ഗതിയിൽ വിരമിക്കൽ പ്രഖ്യാപിച്ച താരങ്ങൾക്ക് കളിയുടെ അവസാനമാണ് ഗാർഡ് ഓഫ് ഓണർ നൽകാറുള്ളത്. തികച്ചും വ്യത്യസ്തമായിരുന്നു കുക്കിന്റെ പ്രവേശനം. ഇംഗ്ലണ്ടിന്റെയും ഇന്ത്യയുടെയും ദേശീയ പതാകകളേന്തിയ കുട്ടികളുടെ നടുവിലൂടെ കുക്ക് മൈതാനത്തേക്ക്. ശേഷം ഇരുവശങ്ങളിലായി നിന്ന ഇന്ത്യൻ താരങ്ങൾ കരഘോഷത്തോടെ താരത്തെ പിച്ചിലേക്കയച്ചു.

2006-ല്‍ ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ച കുക്ക്, ഇംഗ്ലീഷ് ബാറ്റിങ് നിരയിലെ നിർണ്ണായക സാന്നിധ്യമായിരുന്നു. എന്നാൽ ഇന്ത്യക്കെതിരായ പരമ്പരയിൽ കുക്കിന് കാര്യമായ പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഈ പരമ്പരയില്‍ ഏഴ് ഇന്നിങ്സില്‍നിന്നും 109 റണ്‍സ് മാത്രമാണ് കുക്ക് നേടിയത്. ഇതോടെയാണ് താരം അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്. തങ്ങളുടെ മുൻ നായകന് നൽകാൻ വിജയത്തിൽ കുറഞ്ഞതൊന്നും ഇംഗ്ലീഷ് താരങ്ങള്‍ ആഗ്രഹിക്കുന്നില്ല.

33 കാരനായ കുക്ക് ഇം​ഗ്ലണ്ടിനായി ടെസ്റ്റിൽ ഏറ്റവുമധികം റൺസ് നേടിയ താരമാണ്. ടെസ്റ്റിൽ തന്നെ ഏറ്റവും മികച്ച റൺവേട്ടക്കാരുടെ പട്ടികയിൽ ആറാമതാണ് കുക്ക്. കരിയറിൽ 160 ടെസ്റ്റുകളിൽ നിന്നായി 12,254 റൺസാണ് കുക്കിന്റെ സമ്പാദ്യം. 32 സെഞ്ചുറികളും ഇതിലുൾപ്പടും. 92 ഏകദിനങ്ങളിലും പാഡ് കെട്ടിയ അദ്ദേഹം ഏകദിനത്തിൽ 3204 റൺസും നേടിയിട്ടുണ്ട്. 59 ടെസ്റ്റ് മത്സരങ്ങളിൽ ഇം​ഗ്ലണ്ടിനെ നയിച്ചതും കുക്ക് തന്നെയാണ്. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചാലും കൗണ്ടി ക്രിക്കറ്റിൽ താരം തുടരും. എസക്സ്സിനൊപ്പം കൗണ്ടിയിൽ തുടരാനാണ് കുക്കിന്റെ തീരുമാനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook