അബുദാബി: ബംഗ്ലാദേശിനെ തോൽപ്പിച്ച് ഫൈനലിലെത്തി ഇന്ത്യയോടേറ്റ തോൽവിക്ക് പകരം ചോദിക്കാമെന്ന പാക് മോഹമാണ് ബംഗ്ലാ കടുവകൾ തകർത്തെറിഞ്ഞത്. സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ 37 റൺസിന് പാക്കിസ്ഥാനെ തകർത്താണ് ബംഗ്ലാദേശ് ഫൈനലിലെത്തിയത്. നാളെ വൈകിട്ട് അഞ്ചു മണിക്കാണ് ഇന്ത്യ-ബംഗ്ലാദേശ് ഫൈനൽ മത്സരം.

സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെ പാക്കിസ്ഥാൻ തോൽപ്പിക്കുമെന്നും ഫൈനലിലെത്തി ഇന്ത്യയോട് പകരം ചോദിക്കുമെന്നും പാക്കിസ്ഥാൻ കോച്ച് മിക്കി ആർതർ ആണ് ഇന്നലെ പറഞ്ഞത്. എന്നാൽ ബംഗ്ലാദേശിനു മുന്നിൽ പാക്കിസ്ഥാൻ മുട്ടുമടക്കി. 240 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന് നിശ്ചിത ഓവറിൽ 202 റൺസെടുക്കാനേ സാധിച്ചുളളൂ.

പാക്കിസ്ഥാന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. നാലോവർ പൂർത്തിയാക്കുന്നതിനു മുൻപേ പാക്കിസ്ഥാന് മൂന്നു വിക്കറ്റാണ് നഷ്ടമായത്. ഫഖർ സമാനും ബാബർ അസമും ഒരു റൺസെടുത്തും സർഫ്രാസ് 10 റൺസെടുത്തും പുറത്തായി. ഷൊയ്ബ് മാലിക് (30) ആസിഫ് അലി (31) കൂട്ടുകെട്ട് പാക്കിസ്ഥാനെ മുന്നോട്ടു നയിച്ചെങ്കിലും അധികം നീണ്ടുനിന്നില്ല. മാലിക്കിന്റെ വിക്കറ്റ് വീഴ്ത്തി റൂബൈൽ ബുസൈൻ ആ കൂട്ടുകെട്ട് പൊളിച്ചു.

ആസിഫ് അലിയും ഫഖർ സമാനും 71 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി പാക് ടീമിന് പ്രതീക്ഷ നൽകിയെങ്കിലും ആസിഫ് അലിയുടെ വിക്കറ്റെടുത്ത് ബംഗ്ലാദേശ് വിജയത്തിന് തടയിട്ടു. പിന്നീടങ്ങോട്ട് വിക്കറ്റുകൾ വീണത് പെട്ടെന്നായിരുന്നു. ഒടുവിൽ 202 റൺസിന് പാക്കിസ്ഥാൻ ഇന്നിങ്സ് അവസാനിച്ചു.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് മുഷ്ഫിഖർ റഹീമിന്റെയും മുഹമ്മദ് മിഥുന്റെയും മികച്ച ബാറ്റിങ്ങിലാണ് 239 റൺസെടുത്തത്. മുഷ്ഫിഖർ 99 റൺസെടുത്തു. മുഹമ്മദ് മിഥുൻ 60 റൺസ് എടുത്തു. ഇരുവരും ചേർന്ന് 144 റൺസിന്റെ കൂട്ടകെട്ടാണുണ്ടാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook