ബെംഗളൂരു: ധോണിയുടെ തകര്‍പ്പന്‍ പ്രകടനത്തെ അഭിനന്ദിച്ച് റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ്‌ലി. ധോണിയെ ഫോമില്‍ കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം സ്വന്തം ബാറ്റിങ് ഇപ്പോള്‍ ഏറെ ആസ്വദിക്കുന്നുണ്ടെന്നും വിരാട് പറഞ്ഞു.

”അദ്ദേഹത്തിന്റെ പ്രകടനത്തില്‍ ഞാന്‍ സന്തോഷിക്കുന്നു. നന്നായി കളിക്കുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്. പക്ഷെ ഞങ്ങളോടായി പോയെന്ന് മാത്രം. അത് കാണാന്‍ ആഗ്രഹിക്കുന്നില്ല. ഈ സീസണില്‍ അദ്ദേഹം നന്നായി കളിക്കുന്നുണ്ട്,” വിരാട് പറയുന്നു.

ബാറ്റിങ് ഓര്‍ഡറില്‍ മുന്നോട്ട് കയറി കളിക്കുന്നതില്‍ ധോണി ഒരുപാട് ആസ്വദിക്കുന്നുണ്ടെന്നും തുറന്നു കളിക്കാന്‍ സാധിക്കുന്നുണ്ടെന്നും കോഹ്‌ലി അഭിപ്രായപ്പെട്ടു. മൽസരശേഷം സംസാരിക്കുകയായിരുന്നു വിരാട്. അതേസമയം, തങ്ങളുടെ പരാജയത്തിന്റെ കാരണം ബോളിങ്ങിലെ പാളിച്ചയാണെന്നും കോഹ്‌ലി പറഞ്ഞു.

വിമര്‍ശകരുടെ വായടപ്പിക്കുന്നാതായിരുന്നു എംഎസ് ധോണിയുടെ വെടിക്കെട്ട് ബാറ്റിങ്. കൊടുങ്കാറ്റായി മാറിയ ധോണിയ്ക്ക് മുന്നില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം ഒന്നുമല്ലതായി മാറി. രണ്ട് പന്ത് ബാക്കി നില്‍ക്കെ ധോണി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഫിനിഷ് ചെയ്യുകയായിരുന്നു. അഞ്ച് വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം.

ധോണിയുടേയും അമ്പാട്ടി റായിഡുവിന്റേയും ബാറ്റിങ് മികവാണ് പടുക്കൂറ്റന്‍ സ്‌കോര്‍ മറി കടക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ സഹായിച്ചത്. 34 പന്തില്‍ നിന്നും ഏഴ് സിക്‌സും ഒരു ഫോറുമായി 70 റണ്‍സെടുത്ത ധോണി നിറഞ്ഞാടുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ