വെറോണയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചുകൊണ്ട് സീരിയ എ ടൈറ്റിലും സ്വന്തമാക്കി നായകന്‍ ജിയാന്‍ല്യൂജി ബഫണിന് അര്‍ഹിച്ച യാത്രയയപ്പ് നല്‍കി യുവന്റസ്. നാല്‍പതുകാരനായ ബഫണിനെ വാഴ്തിയുള്ള വമ്പന്‍ ടിഫോകളും ബാനറുകളുമായാണ് യുവന്റസ് ആരാധകര്‍ കളി കാണാന്‍ എത്തിയത്. സൂപ്പര്‍ മാന്‍ എന്ന് വിളിപ്പേരുള്ള തങ്ങളുടെ ഗോള്‍കീപ്പറെ സൂപ്പര്‍ മാനായി ചിത്രീകരിച്ചുകൊണ്ടും ബഫണ്‍ ക്ലബ്ബിനോട് നിലനിര്‍ത്തിയ കൂറിനെ പുകഴ്ത്തിയും ആയിരുന്നു ആരാധകര്‍ അലിയന്‍സ് സ്റ്റേഡിയത്തില്‍ എത്തിയത്.

പതിനേഴ്‌ വര്‍ഷം യുവന്റസ് വലകാത്ത ബഫണിനെ അറുപതാം മിനുട്ടില്‍ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തപ്പോള്‍ സ്റ്റേഡിയം ഒന്നാകെ എഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കി. ഈറന്‍ കണ്ണുകളോടെ മൈതാനം വിട്ട ബഫണ്‍ സഹതാരങ്ങളെ ആലിംഗനം ചെയ്യുകയും ആരാധകരെ അഭിവാദ്യം ചെയ്യുകയും ചെയ്തു. 2011ല്‍ അന്നത്തെ റെക്കോര്‍ഡ് തുകയായ 52 മില്യണ്‍ യൂറോയ്ക്കാണ് ബഫണ്‍ യുവന്റസില്‍ എത്തുന്നത്.

യുവന്‍റസ് എന്ന പേരിനോടൊപ്പം തന്നെ ഓര്‍ക്കപ്പെടുന്ന പേരാണ് ജിയാന്‍ല്യൂജി ബഫണിന്റേത്. നീണ്ട പതിനേഴ് വര്‍ഷം യുവന്റസ് വല കാത്ത നായകന്‍, ഒട്ടനവധി തവണ ലീഗ് കിരീടം, ചാമ്പ്യന്‍സ് ലീഗ് ജേതാവ്. നാല് തവണ ചുണ്ടിനരിക്കില്‍ വച്ച് നഷ്ടപ്പെട്ട ബാലണ്‍ ഡി ഓര്‍. മികച്ച ഗോള്‍കീപ്പറിനുള്ളതും ഫുട്ബോള്‍ താരത്തിനുമുള്ള ഫിഫ പുരസ്കാരങ്ങള്‍ ബഫണിനെ തേടി വന്നത് നിരവധി തവണ. പതിനൊന്ന് വര്‍ഷം ഇറ്റലിയുടെ ഒന്നാം നമ്പര്‍, ലോകകപ്പ് ജേതാവ്. റെക്കോഡുകള്‍ക്ക് കുറവില്ല ബഫണിന്റെ കരിയറിന്.

യുവന്റസ് ആരാധകര്‍ക്ക് ബഫണ്‍ പ്രിയങ്കരനാവുന്നത് മറ്റ് പല കാരണങ്ങള്‍ കൊണ്ട് കൂടിയാണ്. 2006ലാണ് വാതുവെപ്പ് വിവാദത്തെ തുടര്‍ന്ന് മുന്‍നിര ഇറ്റാലിയന്‍ ക്ലബ്ബുകളായ യുവന്റസ്, ഫ്ലോറന്‍റീന, ലാസിയോ എന്നിവരെ രണ്ടാം ഡിവിഷനായ സീരിയാ ബിയിലേക്ക് തരംതാഴ്ത്തുന്നത്.

തരംതാഴ്ത്തലിന് പിന്നാലെ യുവന്റസിന്റെ മിക്ക താരങ്ങളും ക്ലബ് വിട്ടു ഫാബിയോ കന്നവാരോ എമേര്‍സണ്‍ എന്നിവര്‍ റയല്‍ മാഡ്രിഡിലേക്ക് പോയപ്പോള്‍ ലില്ലിയാന്‍ തുറാം, ജിയാന്‍ലുക സംബറോട്ട എന്നിവരെ ബാഴ്‌സലോണ സ്വന്തമാക്കി. ആഡ്രിയാന്‍ മുറ്റു ഫ്ലോറന്‍റീനയിലേക്കും, പാട്രിക് വിയേര, സ്ലാട്ടന്‍ ഇബ്രാഹ്മോവിക് എന്നിവര്‍ മറ്റൊരു ഇറ്റാലിയന്‍ ക്ലബായ ഇന്റര്‍നാഷണലിലേക്കും കൂറുമാറി. വമ്പന്‍ ഓഫറുകള്‍ മുന്നിലുണ്ടായിട്ടും സീരിയന്‍ ബിയിലും ക്ലബ്ബിനൊപ്പം ഉറച്ചുനിന്നു. ആ   തീരുമാനമാണ് ബഫണിനെ യുവന്റസ് ഇതിഹാസമാക്കുന്നത്.

ബഫണിന് അഭിവാദ്യങ്ങള്‍ നേര്‍ന്നുള്ള വമ്പന്‍ ടിഫോ

2006ല്‍ ഇറ്റലിയുടെ വല കാത്തത് ബഫണ്‍ ആയിരുന്നു. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള യാഷിന്‍ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. ഇറ്റാലിയന്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ക്കും മുന്നില്‍ ‘ജിജി’ എന്ന ബഫണിന്റെ ഉയര്‍ച്ച കൂടിയായിരുന്നു ആ ലോകകപ്പ് പ്രകടനം. ഇറ്റലിയില്ലാത്ത ഒരു ലോകകപ്പ് വരാനിരിക്കെയാണ് ബഫണ്‍ നാല്‍പതാം വയസ്സില്‍ യുവന്റസുമായുള്ള കരാര്‍ അവസാനിപ്പിക്കുന്നത്. ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെയിന്റ് ജര്‍മെയ്ന്‍ ബഫണിനുമായി കരാറിലെത്താനുള്ള താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം ബഫണ്‍ യുവന്‍റസില്‍ തന്നെ മറ്റ് ചുമതലകളുമായി തുടരുമെന്നും അഭ്യൂഹങ്ങളുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ