ദേശീയ സെലക്ടർമാർക്കായിതാ ഒരു സുരേഷ് റെയ്ന ക്ലാസിക്ക്. സയ്യിദ് മുഷ്താഖ് അലി ട്വന്റ-20 ടൂർണ്ണമെന്റിലാണ് ഇടങ്കയ്യൻ താരം സുരേഷ് റെയ്നയുടെ വെടിക്കെട്ട് ബാറ്റിങ്. ഉത്തർപ്രദേശിനായി പാഡ്കെട്ടിയ റെയ്ന 59 പന്തിൽ 126 റൺസാണ് അടിച്ച്കൂട്ടിയത്. ബംഗാളിന് എതിരായ മൽസരത്തിലാണ് റെയ്നയുടെ തകർപ്പൻ പ്രകടനം.

മൂന്നാമനായി ക്രീസിൽ എത്തിയ റെയ്ന അനായാസമാണ് ബാറ്റ് വീശിയത്. 49 പന്തിൽ നിന്നായിരുന്നു റെയ്ന സെഞ്ചുറി പൂർത്തീകരിച്ചത്. 7 പടുകൂറ്റൻ സിക്സറുകളും 13 ഫോറുകളും അടങ്ങുന്നതായിരുന്നു റെയ്നയുടെ ഇന്നിങ്സ്. റെയ്നയുടെ സെഞ്ചുറി മികവിൽ ഉത്തർപ്രദേശ് 20 ഓവറിൽ 235 റൺസാണ് അടിച്ച് കൂട്ടിയത്.

റെയ്നയുടെ തകപ്പൻ സെഞ്ചുറിക്ക് സാക്ഷ്യം വഹിക്കാൻ ഇതിഹാസ താരം സൗരവ് ഗാംഗുലിയും ഉണ്ടായിരുന്നു. ബംഗാൾ ടീമിന്റെ ഒപ്പമിരുന്ന ഗാംഗുലി റെയ്നയുടെ സെഞ്ചുറി നേട്ടത്തെ കൈയ്യടിയോടെയാണ് അഭിനന്ദിച്ചത്.

ട്വന്റി-20യിൽ സുരേഷ് റെയ്നയുടെ നാലാം സെഞ്ചുറിയാണ് ഇന്നത്തേത്. ഇതോടെ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന വിരാട് കോഹ്‌ലിയുടേയും രോഹിത് ശർമ്മയുടേയും റെക്കോർഡിന് ഒപ്പമെത്തി റെയ്നയും. വിരാട് കോഹ്‌ലിക്ക് ശേഷം ട്വന്റി-20യിൽ 7000 റൺസ് പിന്നിടുന്ന ഇന്ത്യൻ താരമെന്ന നേട്ടവും റെയ്ന സ്വന്തമാക്കി.

റെയ്‌നയ്ക്ക് ഏറെ ആശ്വാസം നല്‍കുന്ന ബാറ്റിങ് പ്രകടനമാണ് ഇന്നത്തേത്. നേരത്തെ ഫോമില്ലായ്മ മൂലം ദേശീയ ടീമിൽ നിന്നും പുറത്തായ റെയ്‌ന അഭ്യന്തര ക്രിക്കറ്റിലും ദയനീയമായ പ്രകടനമാണ് കാഴ്ച്ചവച്ചത്. ഇതിനിടെ ബെംഗളൂരുവില്‍ നടന്ന ഫിറ്റ്‌നസ് ടെസ്റ്റിലും റെയ്‌ന പരാജയപ്പെട്ടത് താരത്തിന് തിരിച്ചടിയായിരുന്നു.

എന്നാൽ ഐപിഎല്ലില്‍ പഴയ ടീമായ ചെന്നൈ സൂപ്പര്‍ കിങ്സ് റെയ്‌നയെ നിലനിര്‍ത്തിയിരുന്നു. സെഞ്ചുറി നേടിയതോടെ തന്റെ ഫോം നഷ്ടപ്പെട്ടിട്ടിട്ടില്ലെന്ന് ക്രിക്കറ്റ് ലോകത്തെ അറിക്കാനും റെയ്‌നയ്ക്കായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ