ന്യൂ യോര്‍ക്ക് : ഇന്നലെയാണ് ന്യൂ യോര്‍ക്ക് സിറ്റി എഫ് സിക്കായി അവസാന പ്രൊഫഷണല്‍ മത്സരം കളിച്ച ശേഷം ആൻഡ്രിയാ പിര്‍ലോ തന്റെ വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. “നന്ദി മാസ്റ്റെറോ” യുവന്റസിന്റെ 21ാം നമ്പര്‍ ജേഴ്സിയിലുള്ള തന്റെയും ആൻഡ്രിയാ പിര്ലോയുടേയും ചിത്രം പങ്കുവെച്ചുകൊണ്ട് റയല്‍ മാഡ്രിഡ് മാനേജര്‍ സിദാന് കുറിച്ചു. ലോക ഫുട്ബോളില്‍ പകരംവെക്കാന്‍ ആരുമില്ലാത്ത ഒരു ഇതിഹാസം കൂടി ബൂട്ടഴിക്കുകയാണ്. ആൻഡ്രിയ പിര്‍ലോ എന്ന പേര് കാല്‍പ്പന്തുകളിയുടെ സൗന്ദര്യമാണ്. കാലമെത്ര കഴിഞ്ഞാലും കാല്പന്തുകളിയെ പ്രേമിക്കുന്നവര്‍, അതിന്റെ സൗന്ദര്യം ആസ്വദിക്കുന്നവര്‍ ആ പേരില്‍ ഉടക്കി നില്ക്കും.
ഇരുപത്തിമൂന്ന് വര്‍ഷം നീണ്ട പ്രൊഫഷണല്‍ ക്ലബ് കരിയറിലായി ആറു സീരിയല്‍ എ കിരീടം, രണ്ട് കോപ്പ ഇറ്റാലിയ, രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടം, രണ്ട് സൂപ്പര്‍ കപ്പ്, രണ്ട് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ്, ഒരു ഫിഫ ക്ലബ് ലോകകപ്പ് കിരീടം. ബ്രെസ്കി, ഇന്റര്‍നാഷണേല്‍, ഏസി മിലാന്, യുവന്റസ് തുടങ്ങിയ ഇറ്റാലിയന്‍ ക്ലബ്ബുകളിലും ഒടുവില്‍ തുടരേയുള്ള പരുക്കുകള്‍ വേഗത കുറച്ച കരിയറിന്റെ അവസാന വര്‍ഷങ്ങളില്‍ അമേരിക്കന്‍ മേജര്‍ ലീഗിലെ ന്യൂ യോര്‍ക്ക് സിറ്റിയുമായും പിര്‍ലോ എന്ന ശില്പി കടഞ്ഞ വിജയങ്ങളില്‍ ചിലത് മാത്രമാണിത്. പിര്ലോയെകുറിച്ച് പറയുമ്പോള്‍ അതിശയോക്തികള്‍ അച്ചടക്കക്കുറവായി അനുഭവപ്പെട്ടേക്കാം. പ്രതിരോധത്തിലൂന്നിയ ഒരു ഇറ്റാലിയന്‍ ഫുട്ബോള്‍ ശൈലി രൂപപ്പെടുത്തുന്നതില്‍ പിര്‍ലോ വഹിച്ച പങ്ക് ഒരു ഗവേഷണ വിഷയം തന്നെയാണ്. സംയമനത്തോടെയല്ലാതെ പിര്‍ലോയെന്ന മധ്യനിരമാന്ത്രികനെ കണ്ടതായ സാഹചര്യങ്ങള്‍ അപൂര്‍വമാണ്. ഒരുപക്ഷെ ഇല്ല എന്ന് തന്നെ പറയാം. പാസിങ്ങുകളിലൂടെ കളി രൂപപ്പെടുത്തുന്ന അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കഴുകന് കണ്ണുകള്‍ ഉള്ള പിര്‍ലോയെ എന്തുകൊണ്ടാണ് ‘ആര്‍ക്കിട്ടെക്റ്റ്’ എന്ന പേരുനല്കി ഫുട്ബോള്‍ ലോകം ആദരിക്കുന്നത്ക്കു എന്നതിന്റെ ഉത്തരം അദ്ദേഹത്തിന്റെ കാലുകളില്‍ തന്നെയുണ്ട്.
അന്താരാഷ്ട്ര ഫുട്ബോളിന്റെ ആരാധകര്‍ക്കും മറക്കാനാകാത്ത ചില പിര്‍ലോ നിമിഷങ്ങളുണ്ട്. സിദാനും, തിയറി ഹെന്റിയും റിബറിയും മലൂദയും അടങ്ങുന്ന ഫ്രഞ്ച് പടയെ തോല്‍പ്പിച്ചു ഇറ്റലി കപ്പ് സ്വന്തമാക്കിയ 2006ലെ ലോകകപ്പ് . മറ്റെരാസിയും സിദാനും തമ്മില്‍ നടന്ന കലഹത്തിലും ശേഷമുള്ള വിവാദങ്ങളിലും മുങ്ങിയത് പിര്‍ലോ എന്ന മധ്യനിര മാന്ത്രികന് കളിയിലുടനീളം നിലനിര്‍ത്തിയാ അസാമാന്യ വൈഭവമായിരുന്നു. പരമ്പരയില്‍ ഉടനീളം ഇറ്റാലിയാന്‍ ടീമിനെ നയിച്ച പിര്‍ലോയുടെ പ്രതിഭ എടുത്തുപറയേണ്ടതു തന്നെയാണ്. സെമി ഫൈനലില്‍ ഫാബിയോ ഗ്രോസോയ്ക്ക് ഗോളിലേക്ക് വഴിയൊരുക്കിയ സെറ്റ് പീസും ഏതൊരു ഫുട്ബോള്‍ ആരാധകന്റെയും ഓര്‍മകളില്‍ നിലനില്‍ക്കുന്നതാണ്. 2002 മുതല്‍ 2015വരെ നീളുന്ന ദേശീയ കരിയറില്‍ പിര്‍ലോയ്ക്ക് ചുറ്റുമാണ് ഇറ്റാലിയന്‍ ഫുട്ബോള്‍ ചലിച്ചത് എന്ന് പറയുന്നതും ഒട്ടും കൂടുതലാവില്ല.
എണ്ണിയാല്‍ തീരാത്ത വ്യക്തിഗത നേട്ടങ്ങളുണ്ട് സ്വന്തമായെങ്കിലും പിര്‍ലോയെ വ്യത്യസ്തമാക്കുന്നത് ഒട്ടും സ്വാര്ത്ഥമല്ലാതെ അവസരങ്ങള്‍ രൂപീകരിക്കുന്നതിലും കളി മെനയുന്നതിലും അക്രമനിരയേയും പ്രതിരോധനിരയേയും ഒത്തുകൊണ്ടുപോകുന്നതിലുമുള്ള പുലര്‍ത്തുന്ന സ്വത്തസിദ്ധ സൗന്ദര്യവും കളി ശൈലിയും തന്നെയാണ്.
മുപ്പത്തിയെട്ടാമത്തെ വയസ്സില്‍ മൈതാനത്ത് നിന്നിറങ്ങുമ്പോഴും പിര്‍ലോയെന്ന ഫുട്ബോളറുടെ മികവിന് ഒട്ടും തന്നെ കോട്ടം സംഭവിച്ചിട്ടില്ല. ന്യൂ യോര്‍ക്ക് സിറ്റി എഫ്സിക്കായുള്ള 62 കളികളില്‍ നിന്നും പതിനെട്ട് അസിസ്റ്റുകളും ഒരു ഗോളും കണ്ടെത്താന്‍ പിര്‍ലോയ്ക്ക് കഴിഞ്ഞു.
ഫുട്ബോള്‍ ഒരു ഓര്‍ക്കസ്ട്രയാണ് എങ്കില്‍ പിര്‍ലോ അതിന്റെ സംവിധായകനാണ്. പടിയിറങ്ങുന്നത് ഒരു വ്യക്തിയല്ല, ഒരു യുഗം തന്നെയാണ്. അസാമാന്യമായ കളി വൈഭാവമുള്ള, സംയമനം കൈമുതലാക്കിയ, അവസരങ്ങളുടെ ശില്പി. അതുകൊണ്ട് തന്നെയാണ് തന്റെ സമകാലികനായ പിര്‍ലോയെ, താളാത്മകമായ ആ ഫുട്ബോള്‍ ജീവിതത്തെ മാസ്റ്റെറോ എന്ന് വിശേഷിപ്പിച്ചുകൊണ്ട് സിദാന് നന്ദിയറിയിക്കുന്നതും. ആഡിയോസ് പിര്‍ലോ !