ലോർഡ്സിൽ ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിനിടെ മഴ പെയ്തപ്പോൾ ഗ്രൗണ്ട് സ്റ്റാഫിനെ സഹായിച്ച് സച്ചിൻ തെൻഡുൽക്കറിന്റെ മകൻ അർജുൻ തെൻഡുൽക്കർ വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ലോർഡ്സ് സ്ട്രീറ്റിൽ ഡിജിറ്റൽ റേഡിയോ കച്ചവടക്കാരനായി മാറിയിരിക്കുന്നു അർജുൻ. 18 കാരനായ അർജുന്റെ സഹായത്തിന് മുൻ ഇന്ത്യൻ താരവും സച്ചിന്റെ അടുത്ത സുഹൃത്തുമായ ഹർഭജൻ സിങ്ങും ഒപ്പമുണ്ട്.

”നോക്കൂ ആരാ റേഡിയോ വിൽക്കുന്നതെന്ന്. 50 എണ്ണം വിറ്റു കഴിഞ്ഞു, ഇനി വളരെ കുറച്ചേ ജൂനിയർ സച്ചിന്റെ പക്കലുളളൂ”, ഇതായിരുന്നു അർജുൻ റേഡിയോ വിൽക്കാനായി നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് ഭാജി ട്വീറ്റ് ചെയ്തത്.

വെളളിയാഴ്ച ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിനിടെ രണ്ടു തവണയാണ് മഴമൂലം കളി മുടങ്ങിയത്. മഴ മൂലം ഗ്രൗണ്ട് സ്റ്റാഫ് സാധാരണ ഡ്യൂട്ടി സമയത്തേക്കാള്‍ കൂടുതല്‍ സമയമാണ് ജോലി ചെയ്യേണ്ടി വന്നത്. ഇതു മനസ്സിലാക്കിയാണ് ഇവരെ സഹായിക്കാന്‍ അർജുൻ മുന്നോട്ടുവന്നത്. അർജുന്റെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട് തങ്ങളുടെ ഔദ്യോഗിക പേജിൽ ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തിരുന്നു.

ലണ്ടനിലുളള അർജുൻ നെറ്റ് പരിശീലനത്തിന് ഇന്ത്യൻ താരങ്ങളെ സഹായിക്കുന്നുണ്ട്. രണ്ടാം ടെസ്റ്റിന് മുന്നോടിയായി നടന്ന പരിശീലനത്തില്‍ എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റിയത് സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കറായിരുന്നു. ഈയടുത്ത് അണ്ടര്‍ 19 രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച അർജുൻ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് പന്തെറിഞ്ഞ് സഹായിച്ചു. ട്വന്റി 20 പരമ്പരയ്ക്ക് മുമ്പും ഇന്ത്യന്‍ ടീമിന് അര്‍ജുന്‍ പന്തെറിഞ്ഞ് നല്‍കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook