ഐ ലീഗിൽ ഗോകുലത്തിന് ഇന്ന് എട്ടാം അങ്കം. കോഴിക്കോട് സ്വന്തം തട്ടകത്തിൽ ടൂർണമെന്റിൽ കരുത്ത് തെളിയിച്ച റിയൽ കാശ്മീരാണ് കേരളത്തിന്റെ എതിരാളികൾ. വൈകിട്ട് അഞ്ച് മണിക്കാണ് മത്സരം. ടൂർണമെന്റിൽ ജീവൻ നിലനിർത്താനും പോയിന്റ് പട്ടികയിൽ മുന്നിലെത്താനും ഗോകുലത്തിന് ഇന്ന് ജയം അനിവാര്യമാണ്.

ഈസ്റ്റ് ബംഗാളിനെതിരെ അവരുടെ തട്ടകത്തിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ ശേഷമാണ് ഗോകുലം കാശ്മീരിനെതിരെ ഇറങ്ങുന്നത്. കാശ്മീരാകട്ടെ ഷില്ലോങ് ലജോങ് എഫ് സിയെ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കോഴിക്കോട് എത്തിയിരിക്കുന്നത്.

നിലവിൽ പോയിന്റ് പട്ടികയിൽ ഗോകുലത്തേക്കാൾ ഏറെ മുന്നിലാണ് കാശ്മീർ. ഏഴ് മത്സരങ്ങളിൽ നാലും ജയിച്ച കാശ്മീർ 13 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ഏഴ് മത്സരങ്ങളിൽ രാണ്ടെണ്ണം മാത്രം ജയിച്ച ഗോകുലം ഏഴാം സ്ഥാനത്താണ്.

ഇംഗ്ലീഷ് സ്ട്രൈക്കര്‍ അന്റോണിയൊ ജര്‍മ്മന്‍ ടീം വിട്ടത് ആക്രമണനിരയെ ദുര്‍ബലമാക്കിയിട്ടുണ്ട്. എന്നാൽ ടീമിനറെ പ്രകടനത്തെ അത് ബാധിക്കില്ലന്നാണ് കരുതുന്നത്. ജർമ്മന് പകരക്കാരനായി ടീമിലെത്തിയ ജോയൽ സണ്ഡെ അന്തിമ ഇലവനിൽ സ്ഥാനം പിടിച്ചില്ലെങ്കിലും പകരക്കാരനായി എത്താൻ സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസം പരിശീലനവുമായി ബന്ധപ്പെട്ടുണ്ടായ കയ്യങ്കളി മത്സരത്തിന്റെ ആവേശം വർദ്ധിപ്പിച്ചിട്ടുണ്ട്. ഗോകുലം ആരാധകർ കൂടിയെത്തുന്നതോടെ വാശിയേറിയ പോരാട്ടത്തിനാണ് ഏവരും കാത്തിരിക്കുന്നത്. മലയാളി കരുത്തിൽ തന്നെയാകും ഇന്നും ഗോകുലം ബൂട്ട് കെട്ടുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ