ഐ ലീഗിൽ ഗോകുലം കേരള എഫ്സിക്ക് വീണ്ടും തോൽവി. റിയൽ കശ്മീരിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലം പരാജയപ്പെട്ടത്. ജയത്തോടെ റിയൽ കശ്മീർ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേയ്ക്ക് ഉയർന്നു.
കശ്മീരിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല. വിരസമായ ഒന്നാം പകുതിയ്ക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ റിയൽ കശ്മീർ ഗോൾ കണ്ടെത്തുകയായിരുന്നു. 51-ാം മിനിറ്റിൽ ക്രിസോയാണ് കശ്മീരിനായി ഗോൾ കണ്ടെത്തിയത്.
ഐ ലീഗിലെ അരങ്ങേറ്റക്കാരായ റിയൽ കശ്മീർ 16 മത്സരങ്ങളിൽ ഒമ്പതിലും ജയിച്ചപ്പോൾ അഞ്ച് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. രണ്ട് മത്സരങ്ങളിൽ മാത്രമാണ് കശ്മീർ പരാജയപ്പെട്ടത്. 32 പോയിന്റുകളാണ് കശ്മീരിന്റെ ആകെ സമ്പാദ്യം.
എന്നാൽ 15 മത്സരങ്ങൾ കളിച്ച ഗോകുലത്തിന് രണ്ട് മത്സരങ്ങൾ മാത്രമാണ് ജയിക്കാനായത്. ആറ് മത്സരങ്ങളിൽ സമനില വഴങ്ങിയപ്പോൾ ഏഴ് മത്സരങ്ങളിൽ ഗോകുലം പരാജയപ്പെടുകയും ചെയ്തു. 12 പോയിന്റുകളുള്ള ഗോകുലം നിലവിൽ പത്താം സ്ഥാനത്താണ്.