ഐ ലീഗിൽ തുടർ പരാജയങ്ങളിൽ നിന്ന് വിജയപാതയിൽ തിരിച്ചെത്താൻ ഗോകുലം കേരള എഫ്‌സി ഇന്നിറങ്ങും. മിനർവ പഞ്ചാബാണ് കേരളത്തിന്റെ എതിരാളികൾ. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഗോകുലത്തിന് ഇന്ന് ജയം അനിവാര്യമാണ്. ഉച്ചയ്ക്ക് രണ്ട് മണിക്ക് മിനർവയുടെ തട്ടകത്തിലാണ് മത്സരം.
തുടർച്ചയായ നാല് പരാജയങ്ങൾക്ക് ശേഷമാണ് ഗോകുലം ഇന്ന് മിനർവയ്ക്കെതിരെ ഇറങ്ങുന്നത്. കളിച്ച 12 മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ഗോകുലത്തിന് ജയിക്കാനായത്. അതും സീസണിന്റെ തുടക്കത്തിൽ മാത്രം. പിന്നീട് ഗോകുലം പിന്നോട്ട് പോകുന്ന കാഴ്ചയായിരുന്നു ഐ ലീഗിൽ കണ്ടത്.
ആറ് മത്സരങ്ങളിൽ പരാജയപ്പെട്ട ഗോകുലം നാല് മത്സരങ്ങൾ സമനിലയിൽ അവസാനിപ്പിച്ചു. 22 തവണയാണ് എതിരാളികൾ ഗോകുലത്തിന്റെ ഗോൾ വലയിലേക്ക് നിറയൊഴിച്ചത്. തിരിച്ചടിച്ചതാകട്ടെ 16 എണ്ണവും. പത്ത് പോയിന്റുകൾ മാത്രമുള്ള ഗോകുലം നിലവിൽ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്.
പന്ത്രണ്ട് കളികളിൽ നിന്ന് 13 പോയിന്റുകളുള്ള മിനർവയ്ക്കും ഏറെ നിർണായകമാണ് ഇന്നത്തെ മത്സരം. നിലവിൽ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് മിനർവ. സീസണിൽ ഒരു തോൽവി മാത്രം വഴങ്ങിയിട്ടുള്ള ചെന്നൈ ബഹുദൂരം മുന്നിലാണ്. 30 പോയിന്റുകളാണ് ചെന്നൈക്കുള്ളത്. 22 പോയിന്ര് വീതം നേടിയ ചർച്ചിൽ ബ്രദേഴ്സ്, റിയൽ കാശ്മീർ, ഈസ്റ്റ് ബംഗാൾ എന്നിവരാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിൽ.