ഐ ലീഗിൽ എവേ മത്സരത്തിൽ വീണ്ടും ഗോകുലത്തിന് തോൽവി. ടൂർണമെന്റിലെ കുട്ടിപ്പടയായ ഇന്ത്യൻ ആരോസിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലം പരാജയപ്പെട്ടത്. ഈ സീസണിൽ ഗോകുലം വഴങ്ങുന്ന മൂന്നാമത്തെ തോൽവിയാണിത്.
66-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ അമര്‍ജിത്ത് സിങ് നേടിയ ഗോളിലാണ് ഇന്ത്യന്‍ ആരോസിന്റെ വിജയം. വിരസമായ ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോൾ കണ്ടെത്തിയില്ല. കാര്യമായ ഗോളവസരങ്ങൾ ഒന്നും സൃഷ്ടിക്കാതെ കടന്നുപോയ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഇന്ത്യൻ ആരോസ് വിജയഗോൾ കണ്ടെത്തിയത്.
വിക്രം സിങ്ങിനെ ഡാനിയല്‍ എഡോയും കാസ്ട്രോയും ചേര്‍ന്ന് ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഇന്ത്യൻ ആരോസ് മുതലാക്കുകയായിരുന്നു. കിക്കെടുത്ത അമർജിത് ഖയ പന്ത് വലയിൽ എത്തിച്ചു. ഗോൾ വഴങ്ങിയതോടെ തിരിച്ചടിക്കാനുള്ള ശ്രമം ഗോകുലം ശക്തമാക്കിയെങ്കിലും ലക്ഷ്യം കാണുന്നതിൽ പരാജയപ്പെട്ടു.
പ്രീതം സിങ്, അര്ജുന് ജയരാജ്, അഭിഷേക് ദാസ് ഭഗത് എന്നിവർ ഇല്ലാതെയാണ് ഇന്ത്യൻ ആരോസിനെതിരെ ഗോകുലമിറങ്ങിയത്.
എവേ മത്സരത്തിൽ തുടർച്ചയായി ഗോകുലം വഴങ്ങുന്ന രണ്ടാമത്തെ പരാജയമാണിത്. അതും കഴിഞ്ഞ മൂന്ന് മത്സരങ്ങൾക്കിടയിൽ. റിയൽ കാശ്മിരിനെതിരെ സ്വന്തം തട്ടകത്തിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ സമനിലയും വഴങ്ങിയിരുന്നു.
ടൂർണമെന്റിൽ എട്ടാം സ്ഥാനത്താണ് ഗോകുലം ഇപ്പോൾ. രണ്ട് മത്സരങ്ങൾ ജയിച്ചപ്പോൾ, മൂന്ന് മത്സരങ്ങൾ പരാജയപ്പെടുകയും നാല് മത്സരങ്ങൾ സമനിലയിൽ അവസാനിക്കുകയും ചെയ്തു. പത്ത് പോയിന്റുകളാണ് ഗോകുലത്തിന്റെ സമ്പാദ്യത്തിലുള്ളത്. ഏഴ് പോയിന്റുകളുള്ള ഇന്ത്യൻ ആരോസ് ഗോകുലത്തിനും പിന്നിൽ ഒമ്പതാം സ്ഥാനത്താണ്.