ഗോവ: ഇന്ത്യൻ ആരോസിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഗോകുലം കേരള എഫ്സിക്ക് ഐ-ലീഗിൽ തുടർച്ചയായ രണ്ടാം ജയം. ആദ്യ എവേ മത്സരത്തിലും ജയം നേടി സീസണിൽ മികച്ച തുടക്കം കുറിക്കാൻ ഗോകുലത്തിന് കഴിഞ്ഞു. ഗോവയിലെ തിലക് മൈതാനിൽ മത്സരത്തിന്റെ 49-ാം മിനിറ്റിൽ ഹെൻറി കിസേക്ക നേടിയ ഗോളാണ് ഗോകുലത്തിന് ജയമൊരുക്കിയത്.
ട്രിനിഡാഡ് ആൻഡ ടൊബാഗോ ത്രയത്തിൽ 3-5-2 ഫോർമേഷനിലായിരുന്നു ഗോകുലം ഇന്ത്യൻ യുവ കരുത്തിനെതിരെ ഇറങ്ങിയത്. മികച്ച ഒരുപിടി മുന്നേറ്റങ്ങൾ മത്സരത്തിന്റെ ആദ്യ മിനിറ്റ് മുതൽ നടത്തിയെങ്കിലും ആദ്യ പകുതി ഗോൾരഹിത സമനിലയിൽ അവസാനിച്ചു. ഹർമൻപ്രീത് സിങ്ങും അമൻ ഛേത്രിയും ഗോകുലം ബോക്സിലേക്കും ഇരച്ചുകയറിയെങ്കിലും മികച്ച പ്രതിരേധം ഗോൾ ഒഴിവാക്കുകായായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോകുലം ലീഡ് കണ്ടെത്തി. 49-ാം മിനിറ്റിൽ ഹെൻറി ആദ്യ മത്സരത്തിൽ നെറോക്കയ്ക്കെതിരെ നേടിയതിന് സമാനമായ രീതിയിൽ തന്നെ ഇന്ത്യൻ ആരോസിനെതിരെയും വല കുലുക്കിയതോടെ ഗോകുലം മുന്നിൽ. മലയാളി താരം ജോർജിന്റെ ലോങ് ബോൾ ബോക്സിനുള്ളിൽ സ്വീകരിച്ച ഹെൻറി ഉന്നം തെറ്റാതെ ഇന്ത്യൻ ആരോസിന്റെ പോസ്റ്റിനുള്ളിലാക്കി.
എന്നാൽ 78-ാം മിനിറ്റിൽ ആന്ദ്രെ എത്തിയേനെയ്ക്ക് റെഡ് കാർഡ് വിധിച്ചത് ഗോകുലത്തിന് തിരിച്ചടിയായി. തുടർന്നുള്ള സമയം പത്തുപേരായി കളിക്കേണ്ടി വന്ന ഗോകുലം പ്രതിരോധത്തിൽ ശ്രദ്ധച്ചെലുത്തി.
ഇന്ത്യൻ ആരോസ് ഗോൾകീപ്പർ സമിക് മിത്രയുടെ പ്രകടനമാണ് വൻ നാണക്കേടിൽ നിന്ന് ഇന്ത്യൻ ആരോസിനെ രക്ഷിച്ചത്. ഹെൻറിയും ജോസഫ് മാർക്കസും നടത്തിയ മിന്നൽ മുന്നേറ്റങ്ങൾ കൃത്യമായി മനസിലാക്കി ഗോൾവലയ്ക്ക് മുന്നിൽ സമിക് കാവൽ തീർക്കുകയായിരുന്നു. കരുത്തരായ ഗോകുലത്തിനെ ചെറിയ സ്കോറിലൊതുക്കാൻ ഇന്ത്യൻ ആരോസിന് സാധിച്ചുവെന്നതും എടുത്തുപറയണം.
ജയത്തോടെ പോയിന്റ് പട്ടികയിൽ ഗോകുലം കേരള എഫ്സി ഒന്നാം സ്ഥാനത്തെത്തി. രണ്ടു മത്സരങ്ങളിൽ നിന്ന് ആറു പോയിന്റാണ് ഗോകുലം സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ നെറോക്ക എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്താണ് ഗോകുലം സീസൺ ആരംഭിച്ചത്.