കൊൽക്കത്ത: ഐ -ലീഗിൽ കൊൽക്കത്തൻ വമ്പന്മാരായ ഈസ്റ്റ് ബംഗാളിനെ അട്ടിമറിച്ച് ഗോകുലം കേരള എഫ്സി. കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളിന്റെ തട്ടകമായ കല്യാണി സ്റ്റേഡിയത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ വിജയം. ജയത്തോടെ കിരീടപ്രതീക്ഷകൾ സജീവമാക്കി ഗോകുലം പോയിന്റ് പട്ടികയിൽ നാലം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.
മത്സരത്തിന്റെ തുടക്കം മുതൽ ആധിപത്യം ഏറ്റെടുത്ത ഗോകുലം തന്നെയാണ് ആദ്യം ഗോൾ കണ്ടെത്തിയതും. മത്സരത്തിന്റെ 21-ാം മിനിറ്റിൽ ഹെൻറി കിസേക്കയാണ് ഗോകുലത്തിനായി ഗോൾ സ്വന്തമാക്കിയത്. എന്നാൽ ആ ആഘോഷം ആറു മിനിറ്റ് മാത്രമാണ് നീണ്ടു നിന്നത്. 27-ാം മിനിറ്റിൽ കാസിം ഐഡേറയുടെ ഗോളിൽ ആതിഥേയർ ഒപ്പമെത്തി.
എന്നാൽ ആദ്യപകുതിയുടെ അധികസമയത്ത് മാർട്ടി ക്രെസ്‌പിയുടെ ഓൺ ഗോൾ ഈസ്റ്റ് ബംഗാളിന് തിരിച്ചടിയാകുകയായിരുന്നു. എതിരാളികളുടെ ഓൺ ഗോളിൽ മുന്നിലെത്തിയ ഗോകുലത്തിന് വേണ്ടി നായകൻ മാർക്കസ് ജോസഫ് 65-ാം മിനിറ്റിൽ ഗോൾ പട്ടിക പൂർത്തിയാക്കി. തിരിച്ചടിക്കാനുള്ള ഈസ്റ്റ് ബംഗാളിന്റെ ശ്രമങ്ങൾ കൃത്യമായി പ്രതിരോധിച്ച ഗോകുലം മൂന്ന് പോയിന്റ് തികച്ച് സ്വന്തമാക്കിയാണ് മത്സരം അവസാനിപ്പിച്ചത്.
ജയത്തോടെ ആറ് കളികളില്‍ 10 പോയന്റുമായി ഗോകുലം നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ആറ് കളികളില്‍ എട്ട് പോയന്റുള്ള ഈസ്റ്റ് ബംഗാള്‍ അഞ്ചാം സ്ഥാനത്തായി. ഏഴ് കളികളില്‍ 14 പോയന്റുളള മോഹന്‍ ബഗാനാണ് ഒന്നാം സ്ഥാനത്ത്.