മലയാളക്കരയുടെ പ്രിയപ്പെട്ട ക്ലബ്ബ് ഗോകുലം കേരള എഫ്‌സി ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും. വൈകിട്ട് അഞ്ച് മണിക്ക് ഈസ്റ്റ് ബംഗാളിന്രെ തട്ടകത്തിലാണ് മത്സരം. സീസണിലെ തങ്ങളുടെ മൂന്നാം ജയം തേടിയാണ് ഗോകുലം ഇന്ന് ബൂട്ട്കെട്ടുക. പോയിന്ര് പട്ടികയിൽ മുന്നിലെത്താനും ഗോകുലത്തിന് ഇന്ന് ജയിച്ചേ മതിയാകു.

സൂപ്പർ താരം അന്റോണിയോ ജർമ്മൻ ക്ലബ്ബുമായി കരാർ അവസാനിപ്പിച്ച ശേഷം നടക്കുന്ന ആദ്യ മത്സരമെന്ന പ്രത്യേകതയും ഉണ്ട്. സീസണിൽ കഴിഞ്ഞ ആറ് മത്സരങ്ങളിലും കേരളത്തിന്റെ ആദ്യ ഇലവനിൽ കളിച്ച താരമാണ് ജർമ്മൻ. ക്ലബ്ബിനായി രണ്ട് തവണ എതിർ ടീം വല ചലിപ്പിക്കാനും ജർമ്മനായി. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ താരം കരാർ അവസാനിപ്പിക്കുകയായിരുന്നു.

ജർമ്മന്റെ അഭാവം ടീമിന്റെ പ്രകടനത്തിൽ കാര്യമായ മാറ്റം വരുത്താൻ സാധ്യതയില്ല. മലയാളി കരുത്തിലാകും ഇന്നും ഗോകുലം ഇറങ്ങുക. കഴിഞ്ഞ കളികളിൽ മികച്ച പ്രകടനം കാഴ്ചവച്ച അർജുൻ ജയരാജ്, രാജേഷ്, വി.പി.സുഹൈർ എന്നീ മലയാളി താരങ്ങൾ ഇന്നും തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

മൂന്ന് പോയിന്റുകൾ നേടുകയെന്നത് തന്നെയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗോകുലത്തിന്റെ പരിശീലകൻ ബിനോ ജോർജ് പറഞ്ഞു. സീസണിൽ മൂന്ന് മത്സരങ്ങൾ പരാജയപ്പെട്ട ടീമാണ് ഈസ്റ്റ് ബംഗാൾ. എന്നാൽ അവരെ നിസ്സാരരായി കാണുന്നില്ലെന്നും ബിനോ ജോർജ്. ഞങ്ങൾ ടീമായിട്ടാണ് എത്തിയിരിക്കുന്നത്, ഞങ്ങളുടെ ടീമിൽ താരങ്ങൾ ഇല്ലെന്ന് ബിനോ കൂട്ടിച്ചേർത്തു.

ആറ് മത്സരങ്ങളിൽ നിന്നും രണ്ട് ജയവും മൂന്ന് സമനിലയും ഒരു പരാജയവുമായി ഒമ്പത് പോയിന്റുള്ള ഗോകുലം പട്ടികയിൽ ആറാം സാഥാനത്താണ്. ഇന്ന് ജയിക്കാനായാൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്താൻ ഗോകുലത്തിനാകും. രണ്ട് ജയം തന്നെയുണ്ടെങ്കിലും ആറ് പോയിന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാൾ പട്ടികയിൽ എട്ടാം സ്ഥാനത്താണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook