ഐ ലീഗിൽ ഗോകുലം കേരള എഫ് സിയും ചർച്ചിൽ ബ്രദേഴ്സുമായുള്ള മത്സരം പുരോഗമിക്കുന്നു. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിക്കുകയാണ്. അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ കണ്ടെത്തിയ മാർക്കസ് ജോസഫാണ് ഗോകുലത്തിന്റെ സ്കോറർ.

14-ാം മിനിറ്റിൽ ജോസഫ് നേടിയ ഗോളിലൂടെ ഗോകുലമാണ് മുന്നിലെത്തിയത്. 37-ാം മിനിറ്റിൽ സീസെ ചർച്ചിൽ ബ്രദേഴ്സിനെ ഒപ്പമെത്തിക്കുകയായിരുന്നു. പിന്നീട് ഗോൾ കണ്ടെത്തുന്നതിൽ ഇരു ടീമുകളും പരാജയപ്പെട്ടതോടെ ആദ്യ പകുതി സമനിലയിൽ അവസാനിച്ചു.

പോയിന്റ് പട്ടികയിൽ മുന്നിലെത്താൻ ഗോകുലത്തിന് ഇന്ന് വിജയം അനിവാര്യമാണ്. ഗോവയിൽ ചർച്ചിലിന്റെ തട്ടകത്തിൽ വൈകിട്ട് അഞ്ച് മണിക്കാണ് മത്സരം. മൂന്ന് തുടർ പരാജയങ്ങൾക്ക് ശേഷമാണ് ഗോകുലം ചർച്ചിൽ ബ്രദേഴ്സിനെ നേരിടുന്നത്. ചർച്ചിലിനെതിരെ വിജയം മാത്രമാണ് ഗോകുലത്തിന്റെ ലക്ഷ്യം.

ഐ ലീഗിൽ ഗോകുലം ഒരു വിജയം അറിഞ്ഞിട്ട് ആറ് മത്സരങ്ങൾ പിന്നിടുന്നു. ചെന്നൈയ്ക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ പരാജയം. ഐസ്വാളിനെതിരെയും ഇതേ ഗോൾനിലയിലായിരുന്നു ഗോകുലത്തിന്റെ പരാജയം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ