ചെന്നൈ: കോഴിക്കോട് ഏറ്റുവാങ്ങിയ തോൽവിക്ക് കോയമ്പത്തൂരിൽ മറുപടി നൽകി ഗോകുലം കേരള എഫ്സി. ചെന്നൈ സിറ്റി എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലം തകർത്തത്. നായകൻ ജോസഫ് മാർക്കസിന്റെ വകയായിരുന്നു ഗോകുലത്തിന്റെ വിജയ ഗോൾ. ജയത്തോടെ പോയിന്റ് പട്ടികയിൽ മുന്നിലേക്ക് കുതിക്കാനും ഗോകുലത്തിനായി. നിലവിൽ മൂന്നാം സ്ഥാനത്താണ് ഗോകുലം.

വിരസമായ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. എന്നാൽ ഇരു ടീമുകളും അവസരങ്ങൾ സൃഷ്ടിക്കുന്നതിന് നിരന്തരം ശ്രമിച്ചു. ഒന്നും ലക്ഷ്യത്തിലെത്താതെ വന്നതോടെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയിൽ ജോസഫ് മാർക്കസ് ഗോകുലത്തിനെ മുന്നിലെത്തിക്കുകയായിരുന്നു. 79-ാം മിനിറ്റിലാണ് ജോസഫ് മാർക്കസ് ചെന്നൈ ഗോൾവല ചലിപ്പിച്ചത്. തിരിച്ചടിക്കാനുള്ള ചെന്നൈയുടെ ശ്രമങ്ങൾ വിഫലമായതോടെ ഗോകുലം ഏക ഗോളിന്റെ ജയം സ്വന്തമാക്കി.

നേരത്തെ കോഴിക്കോട് നടന്ന ഹോം മത്സരത്തിൽ ഗോകുലം കേരള ചെന്നൈ സിറ്റിക്കെതിരെ 2-3ന് പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ മത്സരത്തിൽ ജയിക്കേണ്ടത് ഗോകുലത്തിന് അഭിമാന പ്രശ്നം കൂടിയായി കണ്ട ഗോകുലം താരം ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിച്ചിരുന്നില്ല.

ജയത്തോടെ ആറാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് ഉയരാൻ ഗോകുലത്തിനായി. 11 മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവും രണ്ട് സമനിലയും നേടിയ ഗോകുലത്തിന്റെ അക്കൗണ്ടിൽ 17 പോയിന്റാണുള്ളത്. 26 പോയിന്റുള്ള മോഹൻ ബഗാനാണ് പട്ടികയിൽ മുന്നിൽ. രണ്ടാം സ്ഥാനത്തുള്ള മിനർവ പഞ്ചാബിനും ഗോകുലത്തിന്റെ അതേ പോയിന്റാണെങ്കിലും ഗോൾ ശരാശരിയിൽ പഞ്ചാബാണ് മുന്നിൽ. ഫെബ്രുവരി 21ന് നെറോക്കയ്ക്കെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook