ഐലീഗിൽ ഗോകുലം കേരള എഫ്സിയ്ക്ക് തുടർച്ചയായ മൂന്നാം തോൽവി. കരുത്തരായ ചെന്നൈ സിറ്റി എഫ് സിയോടാണ് ഇന്ന് ഗോകുലം പരാജയപ്പെട്ടത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ചെന്നൈയുടെ വിജയം. രണ്ട് റെഡ് കാർഡുകൾ കണ്ട മത്സരത്തിൽ പെഡ്രോ മൻസിയുടെ ഹാട്രിക് മികവിൽ ചെന്നൈ വിജയികളാവുകയായിരുന്നു.

കളിയുടെ 7-ാം മിനിറ്റിൽ തന്നെ ഗോൾ നേടി മുന്നിലെത്തിയത് ചെന്നൈയിയായിരുന്നു. പെഡ്രോ മൻസിയുടെ ഗോൾ വേട്ടയ്ക്ക് അവിടെ തുടക്കം. പത്ത് മിനിറ്റിനുള്ളിൽ ഗോകുലത്തിന്റെ മറുപടി മൂസയിലൂടെ. 38-ാം മിനിറ്റിൽ ജോയൽ സണ്ഡെ ഗോകുലത്തിനെ മുന്നിലെത്തിച്ചു. പെനാൽറ്റി ബോക്സിനകത്ത് ചെന്നൈ താരം പന്ത് കൈകൊണ്ട് തട്ടിയതിന് ലഭിച്ച പെനാൽറ്റി സണ്ഡെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് രണ്ട് റെഡ് കാർഡുകളാണ് റഫറി പുറത്തെടുത്തത്. കൈയ്യാങ്കളിക്കൊടുവിൽ ഗോകുലത്തിന്റെ അർജുൻ ജയരാജും, ചെന്നൈയുടെ സിനിവാസൻ പാണ്ഡ്യനും ചുവപ്പ് കാർഡ് കണ്ട് പുറത്തേക്ക്. രണ്ടാം പകുതിയിൽ പത്ത് പേരുമായാണ് ഇരു ടീമുകളും കളിച്ചത്.

രണ്ടാം പകുതിയിൽ ചെന്നൈയുടെ ശക്തമായ തിരിച്ചുവരവിനാണ് ജവഹർലാൽ നെഹ്രു സ്റ്റേഡിയം സാക്ഷിയായത്. 59-ാം മിനിറ്റിൽ പെഡ്രോ മൻസി ചെന്നൈയെ ഒപ്പമെത്തിച്ചു. 80-ാം മിനിറ്റിൽ വിജയഗോളും പെഡ്രോ മൻസിയുടെ കാലിൽ നിന്ന്. വിജയത്തോടെ 11 മത്സരങ്ങളിൽ 24 പോയിന്റായ ചെന്നൈ സിറ്റി, പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ, 11 മത്സരങ്ങളിൽ 10 പോയിന്റോടെ ഗോകുലം എട്ടാം സ്ഥാനത്താണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook