ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിനു മുന്നോടിയായി പ്രീ സീസൺ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്.സിക്കു തോൽവി. കേരളത്തിൽ നിന്നുള്ള ഐ ലീഗ് ക്ലബ് ഗോകുലം കേരള എഫ്.സിയാണു ബെംഗളൂരുവിനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു ഗോകുലത്തിന്റെ ജയം. പുതിയ സീസണിനു മുമ്പ് കനത്ത തിരിച്ചടിയാണു ബെംഗളുരു നേരിട്ടിരിക്കുന്നത്.
Also Read: ISL: ഷട്ടോരിയുടെ കൊമ്പന്മാർ; കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ടീമിനെ പ്രഖ്യാപിച്ചു
മത്സരത്തിൽ ആദ്യം മുന്നിലെത്തിയതു ബെംഗളൂരു എഫ്.സിയായിരുന്നു. കളി തുടങ്ങി 15-ാം മിനിറ്റിൽ കീൻ ലെവിസിന്റെ വകയായിരുന്നു ബെംഗളൂരുവിന്റെ ഗോൾ. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുമ്പ് അടുത്തടുത്ത രണ്ടു ഗോളുമായി ഗോകുലം മുന്നിലെത്തി.
44-ാം മിനിറ്റിൽ ഹെൻറി കിസിക്കയുടെ വകയായിരുന്നു ഗോകുലത്തിന്റെ ആദ്യ ഗോൾ. മധ്യ നിരയിൽനിന്ന് മായക്കണ്ണൻ നൽകിയ മനോഹര പാസ് ബെംഗളൂരുവിന്റെ രണ്ടു പ്രതിരോധ താരങ്ങളെയും ഇന്ത്യയുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ ഗുർപ്രീത് സിങ്ങിനെയും മറികടന്ന് ബെംഗളൂരു വലയിൽ.
Also Read: ISL: പുതിയ അങ്കത്തിന് പുതിയ പടച്ചട്ട; കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ജേഴ്സി അവതരിപ്പിച്ചു
അടുത്ത ഗോളിനായി ഗോകുലം കാത്തിരുന്നതു കേവലം ഒരു മിനിറ്റായിരുന്നു. 45-ാം മിനിറ്റിൽ നായകൻ മാർക്കസ് ജോസഫിന്റെ വകയായിരുന്നു ഗോകുലത്തിന്റെ ലീഡ് ഗോൾ. ആദ്യ പകുതിയിൽ പിന്നിലായതോടെ കൂടുതൽ അക്രമണത്തോടെ ബെംഗളൂരു കളിച്ചുവെങ്കിലും ലക്ഷ്യം കണ്ടില്ല. അതേസമയം 85-ാം മിനിറ്റിൽ മലയാളി താരം കെ.പി.രാഹുൽ ഗോകുലത്തിന് വേണ്ടി ഗോൾ പട്ടിക പൂർത്തിയാക്കി.
നായകൻ സുനിൽ ഛേത്രിയുടെ അഭാവം ടീമിൽ വ്യക്തമായിരുന്നു. എന്നാൽ ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിധ്യമായ മലയാളി താരം ആഷിഖ് കുരുണിയൻ, മുന്നേറ്റ താരം ഉദാന്ത സിങ്, ഗോൾ കീപ്പർ ഗുർപ്രീത് സിങ് എന്നിവർ ബെംഗളൂരു നിരയിൽ ഉണ്ടായിരുന്നു.