ഐ ലീഗിൽ ഗോകുലത്തിന് തുടർച്ചയായ രണ്ടാം തോൽവി. ഐസ്വാളിനോടാണ് ഇത്തവണ ഗോകുലം തോൽവി വഴങ്ങിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഐസ്വാളിന്റെ വിജയം. അവസാന നിമിഷം നേടിയ രണ്ട് ഗോളുകളാണ് ഗോകുലത്തിന് തോൽവിയുടെ ആഘാതം കുറച്ചത്.

ഗോളുകൾ പിറക്കാതെ പോയ ആദ്യ പകുതിക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് ഇരു ടീമുകളും നടത്തിയത്. എന്നാൽ ഗോൾ കണ്ടെത്തുന്നതിൽ ഗോകുലം പരാജപ്പെട്ടു. 51-ാം മിനിറ്റിൽ അൻസുമാന ക്രോമയിലൂടെ ഐസ്വാൾ ലീഡെടുത്തു. 63-ാം മിനിറ്റിൽ ഐസ്വാളിന്റെ രണ്ടാം പ്രഹരം. ഇക്കുറി വല കുലുക്കിയത് ലാൽഖ്വപ്യുമ്വിയ. 70-ാം മിനിറ്റിൽ ലോച്ചർസെല ഗോൾ പട്ടിക പൂർത്തിയാക്കി.

ഇതിനോടകം തന്നെ ഐസ്വാൾ വിജയമുറപ്പിച്ചിരുന്നു. എന്നാൽ പോരാട്ടം അവസാനിപ്പിക്കാൻ തയ്യറല്ലായിരുന്ന ഗോകുലം പൊരുതി നോക്കി. മുഴുവൻ സമയത്ത് ഗോൾ കണ്ടെത്താനാകതെ വലഞ്ഞ ഗോകുലത്തിനായി ഇഞ്ചുറി ടൈമിൽ ആദ്യ ഗോൾ. ടീമിലെ പുതുമുഖ കൂടിയായ സണ്ടെയാണ് 90+3-ാം മിനിറ്റിൽ ഗോൾ കണ്ടെത്തി. ഒരു മിനിറ്റിനകം ലഭിച്ച പെനാൽറ്റി അവസരവും ജോയൽ സണ്ടെ ലക്ഷ്യത്തിലെത്തിച്ചു. എന്നാൽ മത്സരം വിജയിക്കാൻ അത് പോരായിരുന്നു.

മത്സരം തോറ്റെങ്കിലും പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്ത് തന്നെ ​ഗോകുലം തുടരും. രണ്ട് മത്സരങ്ങൾ ജയിച്ചപ്പോൾ, നാല് മത്സരങ്ങൾ പരാജയപ്പെടുകയും നാല് മത്സരങ്ങൾ സമനിലയിൽ അവസാനിക്കുകയും ചെയ്തു. പത്ത് പോയിന്റുകളാണ് ഗോകുലത്തിന്റെ സമ്പാദ്യത്തിലുള്ളത്. അതേസമയം നേരത്തെ പത്താം സ്ഥാനത്തുണ്ടായിരുന്നു ഐസ്വാൾ ഗോകുലത്തിനെതിരായ ജയത്തോടെ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തേക്കുയർന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook