കോഴിക്കോട്: സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ കരുത്തരായ ഐസ്വാളിനെ സമനിലയിൽ കുരുക്കി ഗോകുലം കേരള എഫ്സി. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് മത്സരം അവസാനിപ്പിച്ചത്. സീസണിലെ ഗോകുലത്തിന്റെ ആദ്യ സമനില കൂടിയാണിത്. മത്സരത്തിന്റെ 70 മിനിറ്റും പത്ത് പേരുമായി കളിച്ച് ഐസ്വാളിന് 14-ാം മിനിറ്റിൽ ജോസഫ് അഡ്ജെ നേടിയ ഗോളാണ് തുണയായത്. ഗോകുലത്തിനായി നായകൻ മാർക്കസ് ജോസഫാണ് സമനില ഗോൾ നേടി.
മോഹൻ ബഗാനെതിരായ മത്സരത്തിൽ നിന്നും മൂന്ന് മാറ്റവുമായാണ് സ്വന്തം തട്ടകത്തിൽ ഗോകുലം ഐസ്വാളിനെതിരെ ഇറങ്ങിയത്. റെഡ് കാർഡ് സസ്പെൻഷൻ കഴിഞ്ഞ ട്രിനിഡാഡ് താരം ആന്ദ്രെ ആദ്യ ഇലവനിൽ മടങ്ങിയെത്തിയപ്പോൾ മലയാളി താരം റാഷിദ് ഖാനും ഇത്തവണ ആദ്യ ഇലവനിൽ ഇറങ്ങി. ഗോൾകീപ്പർ സി.കെ.ഉബൈദിന് പകരം വിഗ്നേശ്വരനും ആദ്യ ഇലവനിലെത്തി.
മൂന്നാം മിനിറ്റിൽ തന്നെ ഐസ്വാളിന് സുവർണാവസരം ലഭിച്ചു. ഐസ്വാൾ നായകൻ ആൽഫ്രഡ് കെമയെ ഫൗൾ ചെയ്തതിന് ഗോകുലത്തിനെതിരായി ബോക്സിന് തെട്ടടുത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക് ഗോകുലം ആരാധരുടെ നെഞ്ചിടിപ്പ് കൂട്ടിയെങ്കിലും പന്ത് പുറത്തേക്ക് പോയി. എട്ടാം മിനിറ്റലും ഒമ്പതാം മിനിറ്റിലും ഗോളെന്നുറപ്പിച്ച മുന്നേറ്റം നടത്തിയ ഹെൻറിയുടെ ലക്ഷ്യവും പിഴച്ചു.
അതേസമയം 14-ാം മിനിറ്റിൽ മാലി താരം അബ്ദുള്ളെ കനോട്ടെ ഐസ്വാളിനായി ആദ്യം ഗോളടിച്ചു. ഗോകുലം പ്രതിരോധത്തിലെ പിഴവ് മതലെടുത്ത് പോൾ റാഫങ്സ്വുവയുടെ അസിസ്റ്റിലായിരുന്നു അബ്ദുള്ളയുടെ ഗോൾ.
പിന്നീട് ഗോൾ മടക്കാനുള്ള ഗോകുലത്തിന്റെ നിരന്തര ശ്രമങ്ങൾ.
20-ാം മിനിറ്റിൽ നദാനിയേൽ നടത്തിയ മുന്നേറ്റം ഗോൾകീപ്പർ തട്ടിമാറ്റിയെങ്കിലും കിസേക്ക ടാർഗറ്റിലേക്ക് ഷൂട്ട് ചെയ്തു. ഇത് കൈകൊണ്ട് തട്ടിമാറ്റിയതിന് ഐസ്വാളിന്റെ ഘാന താരം ജോസഫ് അഡ്ജെയ്ക്ക് റെഡ് കാർഡും ഗോകുലത്തിന് അനുകൂലമായ പെനാൽറ്റിയും. എന്നാൽ കിക്കെടുത്ത നായകൻ ജോസഫ് മാർക്കസിന് പിഴച്ചു. മാർക്കസിന്റെ ഷോട്ട് ഐസ്വാൾ ഗോൾകീപ്പർ ലാൽറെംറുവാത്ത അനായാസം കൈപ്പിടിയിലൊതുക്കി. വലത് വശത്ത് നിന്ന് നദാനിയേലും ഇടത് വശത്ത് നിന്ന് കിസേക്കയും നടത്തിയ മുന്നേറ്റങ്ങളും വിഫലമായതോടെ ആദ്യ പകുതി ഐസ്വാൾ ഒരു ഗോളിന് മുന്നിൽ നിന്നു.
രണ്ടാം പകുതിയുടെ തുടക്കം മുതൽ തന്നെ ഗോകുലം ഒപ്പമെത്താനുള്ള ശ്രമം ആരംഭിച്ചു. 50-ാം മിനിറ്റിൽ ലാൽറോമാവിയായുടെ കാലിൽ നിന്ന് പോയ ഷോട്ട് ദൗർഭാഗ്യം കൊണ്ട് മാത്രമാണ് പുറത്തേക്ക് പോയത്. എന്നാൽ 64-ാം മിനിറ്റിൽ പകരക്കാരനായി എത്തിയ സൽമാൻ ഗോകുലത്തിന്റെ രക്ഷകനായി. 70-ാം മിനിറ്റിൽ സൽമാൻ നടത്തിയ മുന്നേറ്റം നായകൻ മാർക്കസ് ജോസഫ് വലയിലെത്തിക്കുകയായിരുന്നു.
പിന്നീട് ലീഡെടുക്കാനുള്ള ശ്രമം. ഐസ്വാൾ ഗോൾമുഖത്തേക്ക് നിരന്തരം ആക്രമണം അഴിച്ചുവിട്ട ഗോകുലം നിർണായകമായ മൂന്ന് പോയിന്റിനായി പൊരുതിയെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. ഇതോടെ ഗോകുലത്തിന് സ്വന്തം തട്ടകത്തിൽ സീസണിലെ ആദ്യ സമനില.
കഴിഞ്ഞ ദിവസം ഫുട്ബോൾ മത്സരത്തിനിടെ മരിച്ച മുൻ സന്തോഷ് ട്രോഫി താരം ധനരാജന് പ്രണാമമർപ്പിച്ചുകൊണ്ടായിരുന്നു മത്സരം ആരംഭിച്ചത്.