/indian-express-malayalam/media/media_files/uploads/2018/12/GOKULAM-FC.jpg)
ഐ ലീഗില്‍ മികച്ച പ്രകടനവുമായി നാള്‍ക്കുനാള്‍ ആരാധകരെ സൃഷ്ടിച്ചു കൊണ്ട് മുന്നേറുകയാണ് ഗോകുലം കേരള എഫ്‌സി. ഗോകുലത്തിന്റെ കളി കാണാനായി കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലേക്ക് എത്തുന്നത് ഐഎസ്എല്‍ മത്സരങ്ങളെ പോലും വെല്ലുന്ന ജനാവലിയാണ്. ഗോകുലത്തിന്റെ ഈ വിജയത്തിന് പിന്നിലെ രഹസ്യമെന്തെന്ന് ആലോചിട്ടുണ്ടോ? അറിയില്ലെങ്കില്‍ ഉത്തരം കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസന്‍ തരും.
സ്മാഷുകളിലൂടെയാണ് ഗോകുലം ആരാധകരുടെ മനസ് കീഴടക്കിയതെന്നാണ് ടി.പി.ദാസന്‍ പറയുന്നത്. ഗോകുലം ശ്രീ മാസികയില്‍ എഴുതിയ ലേഖനത്തിലാണ് ടി.പി.ദാസന് ഈ അബദ്ധം പിണഞ്ഞത്. ഗോകുലം എഫ്‌സിയുടെ ഉടമ കൂടിയായ ഗോകുലം ഗോപാലനെ കുറിച്ചുള്ള ലേഖനത്തിനിടെയാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന് അബദ്ധം പറ്റിയത്.
''ഉജ്ജ്വലമായ സ്മാഷുകളിലൂടെ ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സ് കീഴടക്കാന്‍ ഗോകുലത്തിന് കഴിഞ്ഞുവെങ്കില്‍ അതിന് പിന്നില്‍ ചെയര്‍മാനായ ഗോപാലേട്ടന്റെ നല്ല മനസ്സ് തന്നെയാണ്. ഗോകുലം എഫ്‌സി പെട്ടെന്നൊരു ദിവസം പൊട്ടിമുളച്ചതല്ല. വര്‍ഷങ്ങളോളം ഗോപാലേട്ടന്‍ മനസില്‍ സൂക്ഷിച്ച ഒരാശയമായിരുന്നു. ഇക്കാര്യം പലഘട്ടങ്ങിളും എന്നോട് സംസാരിച്ചു'' എന്നായിരുന്നു ടി.പി.ദാസന്റെ വാക്കുകള്‍.
ഫുട്‌ബോളും വോളിബോളും അറിയാത്ത ആളാണോ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ തലപ്പത്തെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ടി.പി.ദാസനെ പരിഹസിച്ചു കൊണ്ടും വിമര്‍ശിച്ചു കൊണ്ടും സോഷ്യല്‍ മീഡിയയിലും പ്രചാരണം ശക്തമാണ്.
അതേസമയം, ലേഖനം എഡിറ്റ് ചെയ്യുന്നതിനിടെ വന്ന പിഴാവാകാം ഇതെന്നാണ് മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം. സംഭവത്തില്‍ ടി.പി.ദാസനോ ഗോകുലം കേരളയോ ഇതുവരേയും പ്രതികരിച്ചിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.