കോഴിക്കോട്: ഇന്ത്യയ്ക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുള്ള മലയാളി ഫുട്ബോള്‍ താരങ്ങളെ ഗോകുലം കേരളാ എഫ്സി ആദരിക്കുന്നു. മാര്‍ച്ച് എട്ടാം തീയ്യതി ക്ലബ്ബിന്‍റെ ഹോം ഗ്രൗണ്ടായ ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് ചടങ്ങ്. ഐലീഗ് ആദ്യ ഡിവിഷനില്‍ ഈ വര്‍ഷം അരങ്ങേറ്റം കുറിച്ച ടീമിന്‍റെ അവസാന ഹോം മൽസരമാണിത്.

കേരളത്തില്‍ നിന്നുമുള്ള പതിനെട്ട് അന്താരാഷ്ട്ര ഫുട്ബോളര്‍മാര്‍ ക്ലബ്ബിന്‍റെ ആദരം ഏറ്റുവാങ്ങാന്‍ എത്തിച്ചേരും എന്നറിയുന്നു. ഐ.എം.വിജയന്‍, കെ.ടി.ചാക്കോ, പാപ്പച്ചന്‍, സേവ്യര്‍ പയസ്, ഷറഫലി, കുരികേഷ് മാത്യു, ആന്‍സണ്‍, എൻ.പി.പ്രദീപ്‌, എം.സുരേഷ്, പ്രേംനാഥ് ഫിലിപ്പ്, കെ.എഫ്.ബെന്നി, ജോ പോള്‍ അഞ്ചേരി, സേതുമാധവന്‍, കെ.വി.ഡനേഷ്, ബാലചന്ദ്രന്‍, എം.പി.അശോകന്‍, അബ്ദുല്‍ ഹക്കിം, എം.എം.പൗലോസ് എന്നിവരാണ് എത്തുന്നത്. ഇവര്‍ക്ക് പുറമേ ചടങ്ങില്‍ നാല്‍പതോളം മുന്‍ ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കുകയും ചെയ്യും.

കര്‍ണാടകത്തില്‍ നിന്നുമുള്ള മുന്‍ ഇന്ത്യന്‍ നായകന്‍ കാൾട്ടന്‍ ആന്തോണി ചാപ്മാന്‍ ക്ഷണിക്കപ്പെട്ട അതിഥിയായി എത്തുന്നുണ്ട്. നിലവില്‍ കൊച്ചി കേന്ദ്രീകരിച്ചുള്ള ക്വാര്‍ട്ട്സ് ഇന്‍റര്‍നാഷണല്‍ ഫുട്ബോള്‍ അക്കാദമിയുടെ ടെക്നിക്കൽ ഡയറക്ടര്‍ ആണ് കാൾട്ടന്‍. ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനി അദ്ധ്യക്ഷന്‍ ഗോകുലം ഗോപാലനും പരിപാടിയില്‍ അതിഥിയാകും.

നിലവില്‍ ഐ ലീഗ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള മോഹന്‍ ബഗാനോടാണ് ഗോകുലം കേരള എഫ്സിയുടെ അവസാന ഹോം മൽസരം. പട്ടികയില്‍ ഏഴാം സ്ഥാനക്കാരാണ് ഗോകുലം എഫ്സി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ