കോഴിക്കോട്: ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ഐ.എം.വിജയന്‍. ഒരുപക്ഷെ വിജയനോളം പ്രതിഭയുള്ള മറ്റൊരു താരത്തേയും ഇന്ത്യ കണ്ടിട്ടില്ല. കറുത്ത മുത്തായും ഇന്ത്യന്‍ പെലെയായും വിജയനെ രാജ്യം നെഞ്ചേറ്റിയിരുന്നത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ പോയകാലത്തിന്റെ മരിക്കാത്ത ഓര്‍മ്മകളാണ്.

എന്നാല്‍ കാലം ഒരുപാട് മുന്നോട്ട് പോന്നു. ഇത് ഐഎസ്എല്ലിന്റെ കാലമാണ്. കാല്‍പന്തിനൊപ്പം പണവും മൈതാനത്ത് ഉരുളുന്ന കാലം. യുവതാരങ്ങള്‍ക്ക് അവസരവും ഫുട്‌ബോളിന് നഷ്ടപ്രതാപം വീണ്ടെടുത്ത് നല്‍കുകയും ചെയ്യുന്ന ഐഎസ്എല്‍ പക്ഷെ വിജയനെ പോലുള്ള പഴയ താരങ്ങളെ അമ്പേ മറക്കുകയാണ് എന്ന്  വിജയന്റെ ആരാധകർ പരാതി ഉയർത്തി. വിജയന് അര്‍ഹമായ പരിഗണന നൽകിയില്ലെന്നും ആരാധകര്‍ ആരോപിക്കുന്നു. .

ആരാധകരുടെ പ്രതിഷേധം കണ്ടത് കഴിഞ്ഞ ദിവസം നടന്ന മൽസരത്തിന് എത്തിയ സിനിമാ താരങ്ങള്‍ക്ക് വിവിഐപി പാസ് നല്‍കിയപ്പോൾ വിജയന് അത് നൽകിയില്ലെന്നായിരുന്നു ആരാധകരുടെ ആരോപണം.   അഡാര്‍ ലവ് ഫെയിം പ്രിയ വാര്യര്‍ക്കും റോഷനുമായിരുന്നു കളികാണാന്‍ അധികൃതര്‍ വിവിഐപി പാസ് നല്‍കിയത്. ഇതിനെതിരെ  നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലും പ്രതികരിച്ചു.

എന്നാല്‍ വിജയനെ ആദരിക്കാന്‍ ഒരുങ്ങുകയാണ് കേരളത്തില്‍ നിന്നുമുള്ള ഏക ഐ ലീഗ് ടീമായ ഗോകുലം കേരളാ എഫ്‌സി. ഗോകുലത്തിന്റെ അടുത്ത ഹോം മാച്ചിലാണ് വിജയനുള്‍പ്പടെയുള്ള മുന്‍കാല താരങ്ങളെ ആദരിക്കുന്നത്. വിവരം ടീം അധികൃതര്‍ തന്നെയാണ് അറിയിച്ചത്.

വരുന്ന ചൊവ്വാഴ്ച രാത്രി എട്ടുമണിയ്ക്കാണ് ഗോകുലത്തിന്റെ ഹോം മാച്ച്. മോഹന്‍ ബഗാനാണ് ഗോകുലത്തിന്റെ എതിരാളികള്‍. കേരളത്തിനും ഇന്ത്യയ്ക്കുമെന്ന പോലെ തന്നെ മോഹന്‍ ബഗാനു വേണ്ടിയും നിരവധി മൽസരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് ഐ.എം.വിജയന്‍. 1991 മുതല്‍ 1999 വരെ കൊല്‍ക്കത്തന്‍ ക്ലബ്ബിനായി വിജയന്‍ ബൂട്ട് കെട്ടിയിട്ടുണ്ട്. അറുപതോളം ഗോളുകളും നേടിയിട്ടുണ്ട്.

അതേസമയം, സൂപ്പര്‍ കപ്പ് മോഹങ്ങളുമായാണ് ഗോകുലം മോഹന്‍ ബഗാനെ നേരിടുന്നത്. പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള ഗോകുലത്തിന് വിജയിച്ചാല്‍ ആറാമതെത്താം. എന്നാല്‍ സ്ഥാനമുറപ്പിക്കണമെങ്കില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റേയും ഷില്ലോങ് എഫ്‌സിയുടേയും മൽസര ഫലം കൂടി വ്യക്തമാകണം. നിലവില്‍ നാലാമതാണ് മോഹന്‍ ബഗാന്റെ സ്ഥാനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ