ഡ്യൂറന്റ് കപ്പിൽ നിന്ന് ഐ-ലീഗിലേക്കുള്ള ദൂരം; ഗോകുലം താരങ്ങൾ മനസ് തുറക്കുന്നു

പുതിയ സീസണിൽ ഗംഭീര തുടക്കമാണ് ഗോകുലത്തിന് ലഭിച്ചിരിക്കുന്നത്

Gokulam Kerala FC, ഗോകുലം കേരള എഫ്.സി, GKFC, Durand Cup 2019, ഡ്യൂറന്റ് കപ്പ്, ie malayalam, ഐഇ മലയാളം

നീണ്ട 22 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കേരളത്തിലേക്ക് ഡ്യൂറന്റ് കപ്പ് എത്തുന്നത്. 1997ൽ എഫ്.സി കൊച്ചിന് ശേഷം ഡ്യൂറന്റ് കപ്പ് സ്വന്തമാക്കുന്ന കേരളത്തിൽ നിന്നുള്ള ആദ്യത്തെ ക്ലബ്ബായത് ഗോകുലം കേരള എഫ്.സി. ചുരുങ്ങിയ സമയം കൊണ്ട് ഇന്ത്യൻ ഫുട്ബോളിൽ തങ്ങളുടെ സാനിധ്യമറിയിച്ച ഗോകുലം ഇപ്പോൾ ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ടൂർണമെന്റുകളിൽ ഒന്നിൽ ചാമ്പ്യന്മാരായിരിക്കുന്നു. കാൽപന്തുകളി മൊഹബത്തായി കൊണ്ടുനടക്കുന്ന മലബാറിന്റെ മണ്ണിൽ കേന്ദ്രീകരിച്ചിരിക്കുന്ന ഗോകുലം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്ന പിറവിയുടെ രണ്ടാം വർഷത്തിലാണെന്നത് എടുത്ത് പറയണം.

16 ടീമുകൾ ഏറ്റുമുട്ടിയ ഡ്യൂറന്റ് കപ്പിൽ ഗോകുലം കേരള എഫ് സിയുടെ സർവ്വാധിപത്യം ആയിരുന്നു. ഗ്രൂപ്പ് ഡിയിൽ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ചാണ് ഗോകുലം സെമി യോഗ്യത ഉറപ്പിച്ചത്. ചെന്നൈയിനെതിരായ ആദ്യ മത്സരത്തിൽ 4-0ന്റെ വമ്പൻ ജയം. ഇന്ത്യൻ എയർഫോഴ്സിനെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഐലീഗ് രണ്ടാം ഡിവിഷൻ ചാമ്പ്യന്മാരായ ട്രാവുവിനെ ഗോകുലം തകർത്തത് ഒന്നിനെതിരെ നാല് ഗോളിന്‌.

നായകൻ മാർക്കസ് ജോസഫ് തന്നെയായിരുന്നു ടീമിന്റെ പ്രധാന കരുത്ത്. ഫൈനലിലെ ഇരട്ട ഗോൾ ഉൾപ്പടെ 11 ഗോളുകളാണ് മാർക്ക്സ ജോസഫ് എന്ന ട്രിനിഡാഡ് ആൻഡ് ടൊബാഗോ താരം സ്വന്തമാക്കിയത്. ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും ടോപ്പ് സ്കോററായതും ജോസഫ് തന്നെ.

ഡുറന്റ് കപ്പിനായുള്ള ഒരുക്കത്തിന് ഗോകുലമെടുത്തത് 25 ദിവസം മാത്രമാണ്. ചുരുങ്ങിയ സമയം കൊണ്ട് ഒരു ചാമ്പ്യൻ ടീമിനെ വാർത്തെടുത്ത് സ്‌പെയ്ൻകാരൻ ഫെർണാണ്ടോ ആന്ദ്രെ സാന്റിയാഗോയാണ്. നേരത്തെ ടീമിന്റെ പരിശീലകനായി എത്തിയപ്പോൾ കേരള പ്രീമിയർ ലീഗ് കിരീടം ഗോകുലത്തിന് സമ്മാനിച്ച കോച്ച് തന്രെ രണ്ടാം വരവിൽ ഡ്യൂറന്റ് കപ്പിലൂടെ തുടക്കം കുറിച്ചിരിക്കുന്നു.

Also Read:‘ഐ ലീഗിന് ഐഎസ്എല്ലിനേക്കാള്‍ ഉയരത്തിലെത്താനാകും, വേണ്ടത് പിന്തുണയാണ്’; ഉബൈദ് സംസാരിക്കുന്നു

ഐ ലീഗിലെ ജയിന്റ് കില്ലേഴ്സാണ് ഗോകുലം. പല വമ്പന്മാരെയും മുട്ടുകുത്തിച്ചിട്ടുള്ള ക്ലബ്ബ് ഇപ്പോൾ അർഹിച്ച ചാമ്പ്യൻഷിപ്പും സ്വന്തമാക്കിയിരിക്കുന്നു. കഴിഞ്ഞ രണ്ട് വർഷംകൊണ്ട് ഈ വലിയ നേട്ടത്തിലേക്ക് ടീമിനെയെത്തിച്ചത് ചിട്ടയായ പരിശീലനവും ദീർഘ വീക്ഷണവും തന്നെയാണ്. അത്തരത്തിലൊരു വളർച്ചയിലേക്ക് ടീമിനെ ഒരുക്കിയെടുത്തത് നിലവിൽ കേരള സീനിയർ ഫുട്ബോൾ പരിശീലകൻ കൂടിയായ ഗോകുലത്തിന്റെ മുൻ മുഖ്യ പരിശീലകൻ പരിശീലകൻ ബിനോ ജോർജ്ജാണ്.

കഴിഞ്ഞ സീസണിൽ ടീമിന്റെ പരിശീലകനായിരുന്ന ബിനോ ജോർജ് തുടക്കം മുതൽ ക്ലബ്ബിന്റെ ഭാഗമാണ്. നിലവിൽ ടീമിൽ നിർണായക സാനിധ്യമായി മാറിയ പല താരങ്ങളും ബിനോ ജോർജിന്റെ കണ്ടെത്തലുകളാണ്. ടോക്നിക്കൽ ഡയറക്ടറായി ടീമിന്റെ ഭാഗമാണ് ഇപ്പോഴും ബിനോ ജോർജ്.

ടീമിന്റെ പ്രധാന കരുത്തിൽ മറ്റൊന്ന് ഗ്യാലറികളെ ആവേശം കൊള്ളിക്കുന്ന ആരാധകരാണ്. ഐ ലീഗിലെ പല പ്രമുഖ ക്ലബ്ബുകളേക്കാളും പിന്തുണ ഗോകുലത്തിന് ലഭിക്കുന്നുണ്ട്. കഴിഞ്ഞ ഐഎസ്എൽ സീസണിൽ നമ്മൾ അത് കണ്ടതാണ്. പതിനായിരങ്ങളാണ് ഗോകുലത്തിന്റെ ഹോം ഗ്രൗണ്ടായ കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ എത്തിയിരുന്നത്. ഈസ്റ്റ് ബംഗാളിന്റെയും മോഹൻ ബഗാന്റെയും തട്ടകമായ കൊൽക്കത്തയിൽ പോലും ഗോകുലത്തിന് പിന്തുണയുമായി ആരാധകർ എത്തിയിരുന്നു.

പുതിയ സീസണിൽ ഗംഭീര തുടക്കമാണ് ഗോകുലത്തിന് ലഭിച്ചിരിക്കുന്നത്. ഐ ലീഗ് ഉൾപ്പടെ വരാനിരിക്കുന്ന ടൂർണമെന്റുകളിലും തിളങ്ങാമെന്ന പ്രതീക്ഷയിലാണ് താരങ്ങൾ. ഇനിയും പ്രതീക്ഷിക്കാം, അട്ടിമറികളല്ല ആവേശം പകരുന്ന നല്ല തകർപ്പൻ ജയങ്ങൾ തന്നെ.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Gokulam kerala fc road to durand cup 2019 champions

The moderation of comments is automated and not cleared manually by malayalam.indianexpress.com