ഒരു ടീം, ക്രിക്കറ്റോ ഫുട്‌ബോളോ ഹോക്കിയോ ഏത് ഗെയിമും ആയിക്കോട്ടെ, തങ്ങളുടെ ആരാധകരുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നത് എങ്ങനെയാണ്? ഉത്തരം വളരെ ലളിതമാണ്, ജയത്തിലൂടെയും തീപാറുന്ന, ആരാധകര്‍ക്ക് അഭിമാനമാകുന്ന പോരാട്ടങ്ങളിലൂടെയാണ്. നല്ല കളികള്‍ കൊണ്ട് മാത്രമേ ഒരു ടീമിന് ആരാധകരെ സമ്പാദിക്കാനും അവരെ എന്നും കൂടെ നിര്‍ത്താനും സാധിക്കുകയുള്ളൂ. ലോകത്തെവിടേയും അങ്ങനെയാണത്. ഈ ചെറിയതും അതുപോലെ പ്രധാനപ്പെട്ടതുമായ വീക്ഷണമാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ഇല്ലാതെ പോയതും ഗോകുലം കേരള എഫ്‌സി തിരിച്ചറിഞ്ഞതും.

കഴിഞ്ഞ സീസണിന്റെ തുടക്കത്തിലെ ഗോകുലത്തിന്റെ ഹോം മത്സരങ്ങള്‍ കാണാനായി കോഴിക്കോട് കോർപറേഷന്‍ സ്റ്റേഡിയത്തില്‍ എത്തിയിരുന്ന ആരാധകരുടെ എണ്ണം വളരെ കുറവായിരുന്നു. മത്സരങ്ങള്‍ നടന്നത് നട്ടുച്ചയ്ക്കായിരുന്നുവെന്നതും ആരാധകരുടെ ഒഴുക്കിനെ തടഞ്ഞതാണ്. എന്നാല്‍ പതിയെ പതിയെ ടീം മികച്ച കളി പുറത്തെടുക്കുകയും ടൂര്‍ണമെന്റിലെ ജയന്റ് കില്ലേഴ്‌സ് ആയി മാറുകയും ചെയ്തതോടെ സ്ഥിതി മാറി. സ്‌റ്റേഡിയത്തിലേക്ക് ആരാധകര്‍ സ്വമേധയാ തന്നെ എത്തി തുടങ്ങി.

ഈ സീസണിലെ ഗോകുലത്തിന്റെ ആദ്യ ഹോം മത്സരം കാണാനായി എത്തിയത് 28,000 ല്‍ പരം ആളുകളായിരുന്നു. അടുത്ത മത്സരങ്ങളിലും ആരാധകര്‍ വരുന്നത് തുടര്‍ന്നു. പതിയെ തങ്ങളുടേതായ ആരാധക്കൂട്ടത്തെ നിശബ്ദമായി ഗോകുലം സൃഷ്ടിക്കുകയായിരുന്നു. ഇതിനായി ഫാന്‍ ജഴ്‌സിയടക്കമുള്ള ക്രിയാത്മകമായ തന്ത്രങ്ങളും വിജയിച്ചു. ഒടുവില്‍ ഗോകുലം കേരള എഫ്‌സി എന്ന പേര് എല്ലാ ഫുട്‌ബോള്‍ ആരാധകരുടേയും മനസില്‍ പതിഞ്ഞു. ഇതിനിടെ ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനവും ഗോകുലത്തിന് ഉപകാരമായി മാറി.

ഇന്നലെ നടന്ന നിലവിലെ ചാമ്പ്യന്മാരായ മിനര്‍വ്വ പഞ്ചാബിനെതിരായ മത്സരം കാണാനായി കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തിലെത്തിയത് 30,246 പേരാണ്. ഇത് ബ്ലാസ്‌റ്റേഴ്‌സിന്റെ കഴിഞ്ഞ ഹോം മത്സരത്തേക്കാള്‍ കൂടുതലാണ്. ബ്ലാസ്‌റ്റേഴ്‌സിന്റെ അവസാന ഹോം മത്സരം എഫ്‌സി ഗോവയ്‌ക്കെതിരായിരുന്നു. മത്സരം കാണാന്‍ എത്തിയത് കേവലം 21,962 പേര്‍ മാത്രമായിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും മോശം റെക്കോര്‍ഡാണ് ഇത്. ബ്ലാസ്‌റ്റേഴ്‌സിന്റെ ഓരോ ഹോം മത്സരം കഴിയുന്തോറും സ്‌റ്റേഡിയത്തിലേക്ക് എത്തുന്നവരുടെ എണ്ണം കുറയുന്നതായാണ് കാണുന്നത്.

ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം കാണാനായി എത്തിയത് 31166 പേരായിരുന്നു. പിന്നീടത് 29962, 28916, 21962 എന്നിങ്ങനെ ഇടിയുകയായിരുന്നു. മറുവശത്ത് ഗോകുലമാകട്ടെ പതിയെ പതിയെ ആരാധകരുടെ ഹൃദയത്തിലേക്ക് ചേക്കേറുകയായിരുന്നു. ഫുട്‌ബോള്‍ കളിക്കുന്നവന്റെ മാത്രം കളിയല്ല, അത് കാണികളുടെ കൂടെ കളിയാണ്. നന്നായി കളിക്കുന്നവര്‍ക്ക് പിന്നില്‍ മാത്രമേ ആരാധകര്‍ അണിനിരക്കുകയുള്ളൂവെന്ന് ഗോകുലത്തിന്റെ മുന്നേറ്റം വ്യക്തമാക്കുന്നു.

അതേസമയം, ഇന്നലത്തെ വിജയത്തോടെ ഗോകുലം ഐ ലീഗ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഗോകുലത്തിന്റെ വിജയം. സൂപ്പര്‍ താരം രാജേഷാണ് 60-ാം മിനിറ്റില്‍ ഗോകുലത്തിനായി വിജയ ഗോള്‍ നേടിയത്. യുവ താരം ഗനി നിഗത്തിന്റെ പാസില്‍ നിന്നുമാണ് രാജേഷ് ഗോള്‍ നേടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook