scorecardresearch

Latest News

ഐ ലീഗ്: കിരീടക്കുതിപ്പിനൊരുങ്ങി ഗോകുലം; പ്രതിരോധം മുതൽ മുന്നേറ്റം വരെ ശക്തം, അറിയാം താരങ്ങളെ

പുതിയ സീസണിൽ ഡ്യൂറന്റ് കപ്പ് കിരീട നേട്ടവും ഷെയ്ഖ് കമാൽ ടൂർണമെന്റിൽ സെമി വരെയെത്തിയ അപരാജിത കുതിപ്പും ഗോകുലത്തിന്റെ പ്രതീക്ഷകൾ വർധിപ്പിക്കുന്നു

I League, Gokulam kerala Fc, GKFC, ഐ ലീഗ്, ഗോകുലം കേരള എഫ്സി, ജികെഎഫ്സി, ie malayalam, ഐഇ മലയാളം

കോഴിക്കോട്: ഐ ലീഗ് പുതിയ പതിപ്പിന് ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ പകിട്ടൊന്നുമില്ലെങ്കിലും ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് പ്രിയപ്പെട്ടതാണ് ഐ ലീഗ്. പുതിയ സീസണിന് വിസിൽ മുഴങ്ങാൻ ഒരുങ്ങുമ്പോൾ പ്രതീക്ഷയിൽ തന്നെയാണ് കേരളത്തിൽ നിന്നുള്ള ഗോകുലം കേരള എഫ്സിയും.

നിറം മങ്ങിയ കഴിഞ്ഞ സീസണിന് ശേഷം മിന്നും തിരിച്ചുവരവാണ് പുതിയ സീസണിൽ ഗോകുലം നടത്തിയിരിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും പഴയ ഡ്യൂറന്റ് കപ്പ് കേരളത്തിലെത്തിച്ചുകൊണ്ടായിരുന്നു ഗോകുലം സീസൺ തുടങ്ങിയത്. ബംഗ്ലാദേശിൽ നടന്ന ഷെയ്ഖ് കമാൽ ട്രോഫി ടൂർണമെന്റിൽ അപരാജിത കുതിപ്പുമായി സെമി വരെ എത്താനും ഗോകുലത്തിനായി.

ഇതേ കുതിപ്പ് ഐ ലീഗിലും ആവർത്തിക്കാമെന്നും കിരീടം കേരളത്തിലെത്തിലേക്ക് എത്തിക്കാമെന്നും ഗോകുലം കേരള എഫ്സി പ്രതീക്ഷിക്കുന്നു. അർജന്റീന വംശജനായ സ്‌പാനിഷ് പരിശീലകൻ ഫെർണാണ്ടോ ആന്ദ്രെയുടെ മടങ്ങിവരവിൽ ഗംഭീര തുടക്കം ലഭിച്ച ക്ലബ് കിരീടത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ലെന്നതാണ് സത്യം. പ്രതിരോധം മുതൽ മുന്നേറ്റം വരെ എല്ലാ റോളുകളിലും തിളങ്ങാൻ സാധിക്കുന്ന ഒരുപിടി താരങ്ങൾ ഗോകുലം കുപ്പായത്തിൽ കളത്തിലിറങ്ങും.

സി.കെ.ഉബൈദ്

കണ്ണൂർ സ്വദേശിയായ സി.കെ.ഉബൈദാണ് ടീമിന്റെ ഒന്നാം ഗോൾകീപ്പർ. വിവ കേരളയിലൂടെ കരിയർ ആരംഭിച്ച ഉബൈദ് മുംബൈയ്ക്ക് വേണ്ടിയും എയർ ഇന്ത്യയ്ക്കുവേണ്ടിയും കളിച്ചിട്ടുണ്ട്. ഈസ്റ്റ് ബംഗാളിൽനിന്നാണ് താരം ഗോകുലം കേരള എഫ്സിയിൽ എത്തുന്നത്. ഡ്യൂറന്റ് കപ്പിൽ മിന്നും പ്രകടത്തോടെ തിളങ്ങിയ ഉബൈദ് കിരീടം കേരളത്തിലെത്തിക്കുന്നതിലും നിർണായക പങ്ക് വഹിച്ചിരുന്നു. ടൂർണമെന്റിലെ ഗോൾഡൻ ഗ്ലൗ സ്വന്തമാക്കിയ ഉബൈദ് ഐ ലീഗിലും ഗോകുലത്തിന്റെ ഗോൾവലയ്ക്ക് മുന്നിലെ ഉറച്ചകോട്ടയാകും.

Also Read: ഒന്നാമന്‍ മെസി, പട്ടികയില്‍ സുനില്‍ ഛേത്രിയും; ഇന്ത്യയ്ക്ക് അഭിമാനം

വിഗ്നേശ്വരൻ ഭാസ്കരൻ

വിക്കിയെന്ന പേരിൽ അറിയപ്പെടുന്ന തമിഴ്നാട് സ്വദേശി വിഗ്നേശ്വരൻ ഭാസ്കറാണ് ടീമിലെ മറ്റൊരു ഗോൾ കീപ്പർ. ചെന്നൈ സിറ്റി എഫ്സി, മിനർവ പഞ്ചാബ്, ചർച്ചിൽ ബ്രദേഴ്സ് ഉൾപ്പടെയുള്ള ഇന്ത്യയിലെ പ്രമുഖ ക്ലബ്ബുകൾക്കുവേണ്ടി കളിച്ചശേഷമാണ് താരം ഗോകുലത്തിലെത്തുന്നത്.

അജ്മൽ പി.എ

കഴിഞ്ഞ മൂന്ന് വർഷമായി ഗോകുലം കേരള എഫ്സിയുടെ താരമാണ് അജ്മൽ. മലപ്പുറം സ്വദേശിയായ അജ്മൽ കേരള പ്രീമിയർ ലീഗ് കിരീടം നേടിയ ഗോകുലത്തിന്റെ റിസർവ് ടീമിൽ അംഗമായിരുന്നു.

സെബാസ്റ്റ്യൻ തങ്മുവൻസങ്

മണിപ്പൂർ സ്വദേശിയായ സെബാസ്റ്റ്യൻ ഗോകുലത്തിന് വേണ്ടി റൈറ്റ് ബാക്ക് ഫുൾ, ബാക്ക് പൊസിഷനുകളിൽ കളിക്കുന്ന താരമാണ്. ചെന്നൈ സിറ്റി, പൂനെ സിറ്റി, നെറോക്ക എഫ്സി എന്നീ ടീമുകളിൽ കളിച്ചുള്ള പരിചയ മികവ് ഗോകുലത്തിന് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് താരവും ആരാധകരും.

ജസ്റ്റിൻ ജോർജ്

ടീമിലെ മറ്റൊരു മലയാളി സാനിധ്യമാണ് കോട്ടയംകാരൻ ജസ്റ്റിൻ ജോർജ്. ബെംഗളൂരു എഫ്സിയിൽനിന്നാണ് താരം ഗോകുലത്തിലെത്തുന്നത്. ഗോകുലത്തിന്റെ റിസർവ് ടീമിൽ കഴിഞ്ഞ തവണ കേരള പ്രീമിയർ ലീഗിലും ജസ്റ്റിൻ കളിച്ചിരുന്നു.

മുഹമ്മദ് ഇർഷാദ്

പ്രതിരോധത്തിൽ ഗോകുലത്തിന്റെ വിശ്വസ്തനാണ് മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് ഇർഷാദ്. തുടക്കത്തിൽ മധ്യനിരയിലാണ് കളിച്ചിരുന്നെങ്കിലും പിന്നീട് ലെഫ്റ്റ് ബ്ലാക്കിൽ സ്ഥിര സാനിധ്യമാണ്. ബംഗ്ലാദേശിൽ നടന്ന ഷെയ്ഖ് കമാൽ ട്രോഫിയിൽ ഉൾപ്പടെ ടീമിനെ നയിച്ചിട്ടുള്ള താരം നിലവിൽ ഗോകുലത്തിന്റെ വൈസ് ക്യാപ്റ്റനാണ്.

Also Read: ഒന്നുകില്‍ കഴിവ് തെളിയിക്കുക, അല്ലെങ്കില്‍ സഞ്ജുവിനായി മാറിനില്‍ക്കുക; പന്തിനോട് ലക്ഷ്‌മൺ

ആന്ദ്രെ ഇറ്റിയാനെ

പ്രതിരോധത്തിലെ ഉറച്ച കോട്ടയാണ് ട്രിനിഡാഡ് ആൻഡ് ടൊബഗോ താരം ആന്ദ്രെ ഇറ്റിയാനെ. കഴിഞ്ഞ സീസണിൽ ഉൾപ്പടെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.

നവോച്ച സിങ്

ഗോകുലം കേരള എഫ്സിയുടെ വിങ് ബാക്കിൽ കളിക്കുന്ന താരമാണ് നവോച്ച സിങ്. മണിപ്പൂരുകരനായ ഇദ്ദേഹം നെറോക്ക എഫ്സിയിൽ നിന്നുമാണ് കേരളത്തിലേക്ക് എത്തുന്നത്.

ധർമരാജ് രാവണൻ

കഴിഞ്ഞ ഐ ലീഗ് സീസണിൽ മിന്നും പ്രകടനവുമായി തിളങ്ങിയ റിയൽ കശ്മീർ ടീമിൽ കളിച്ച ധർമരാജ് രാവണൻ ഈ സീസണിൽ ഗോകുലം കേരള എഫ്സിയുടെ ഭാഗമാണ്. തമിഴ്നാട് തിരിച്ചിറപ്പള്ളിക്കാരനായ ധർമരാജ് ഡെംപോ എഫ്സി, മോഹൻ ബഗാൻ, ചർച്ചിൽ ബ്രദേഴ്സ്, പൂനെ സിറ്റി, ചെന്നൈ സിറ്റി എന്നീ ടീമുകൾക്കുവേണ്ടിയും കളിച്ചിട്ടുണ്ട്.

മുഹമ്മദ് സലാ

അതിവേഗ നീക്കങ്ങളിലൂടെ ലെഫ്റ്റ് വിങ്ങിൽ മിന്നും പ്രകടനം പുറത്തെടുക്കുന്ന മുഹമ്മദ് സലാ മലപ്പുറം തിരൂർ സ്വദേശിയാണ്.

അശോക് സിങ്

കൃത്യതയാർന്ന ക്രോസുകൾക്ക് പേരുകേട്ട താരമാണ് മണിപ്പൂരുകാരൻ അശോക് സിങ്. നെറോക്ക എഫ്സിയിൽനിന്നാണ് താരം ഗോകുലത്തിലേക്ക് എത്തുന്നത്.

ഹാരൂൺ അമിരി

അഫ്ഗാനിസ്ഥാനിൽനിന്നു ഗോകുലത്തിനായി കളിക്കാൻ ഐ ലീഗിൽ എത്തിയിരിക്കുന്ന താരം ഡിഫൻസീവ് മിഡ്ഫീൾഡറുടെ റോളിലാണ് കളിക്കുന്നത്. അഫ്ഗാൻകാരനാണെങ്കിലും കഴിഞ്ഞ കുറേ നാളുകളായി ഇന്ത്യൻ ലീഗുകളിൽ സജീവമാണ് താരം. ഐ ലീഗിൽ ഡെമ്പോ എഫ്സി, ഡിഎസ്കെ ശിവാജിയൻസ്, മോഹൻ ബഗാൻ, ചെന്നൈ സിറ്റി എഫ്സി താരങ്ങൾക്കുവേണ്ടി കളിച്ചിട്ടുള്ള താരം ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്സി ഗോവയുടെയും ഭാഗമായിരുന്നു.

ശിബിൽ മുഹമ്മദ്

മലപ്പുറം സ്വദേശി ശിബിൽ മുഹമ്മദ് വ്യത്യസ്ത റോളുകളിൽ കളിക്കാൻ സാധിക്കുന്ന താരമാണ്. ലെഫ്റ്റ് ബാക്ക്, ലെഫ്റ്റ് വിങ്, മീഡ്‌ഫീൽഡ് എന്നീ പൊസിഷനുകൾ അനായാസം വഴങ്ങുന്ന താരം കഴിഞ്ഞ മൂന്ന് വർഷമായി ഗോകുലത്തിന്റെ ഭാഗമാണ്. കേരള പ്രീമിയർ ലീഗിലും താരം തിളക്കമാർന്ന പ്രകടനം പുറത്തെടുത്തിരുന്നു.

മുഹമ്മദ് റാഷിദ്

മധ്യനിരയിൽ ഗോകുലത്തിന്റെ വിശ്വസ്തനാണ് മുഹമ്മദ് റാഷിദ് എന്ന വയനാടുകാരൻ. മധ്യനിരയിൽ കളി മെനയുന്നതിലും ഗോളവസരങ്ങൾ ഒരുക്കുന്നതിലും പങ്കുവഹിക്കുന്ന മുഹമ്മദ് റാഷിദ് ഗോകുലത്തിന് വേണ്ടി ഡ്യൂറന്റ് കപ്പിലും ഷെയ്ഖ് കമാൽ കപ്പിലും എല്ലാ മത്സരങ്ങളിലും ആദ്യ ഇലവനിൽ ഇടംപിടിച്ചിരുന്നു.

മായക്കണ്ണൻ

റിസർവ് ടീമിൽനിന്ന് സീനിയർ ടീമിലേക്ക് എത്തിയ മറ്റൊരു താരമാണ് മായക്കണ്ണൻ. മധ്യനിരയിലാണ് താരത്തിന്റെയും കളി മികവ്. തമിഴ്നാട് സ്വദേശിയായ മായക്കണ്ണൻ കഴിഞ്ഞ കേരള പ്രീമിയർ ലീഗിലും ഗോകുലത്തിനായി കളിച്ചിരുന്നു.

യാമ്പോയ് മൊയ്റാങ്

മണിപ്പൂരുകാരനായ മൊയ്റാങ് ഹൈദരാബാദ് എഫ്സിയിൽ നിന്നുമാണ് ലോൺ അടിസ്ഥാനത്തിൽ ഗോകുലത്തിലെത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണിലും ഗോകുലത്തിന് വേണ്ടി താരം കളിച്ചിരുന്നു.

സൽമാൻ കെ

കഴിഞ്ഞ മൂന്ന് സീസണുകളിലും ഗോകുലത്തിന്റെ ഭാഗമായിരുന്ന തിരൂരുകാരൻ സൽമാന് ഇത് ടീമിലേക്കുള്ള മടങ്ങിവരവ് കൂടിയാണ്. കഴിഞ്ഞ മൂന്നുമാസമായി പരുക്കിന്റെ പിടിയിലായിരുന്നു.

നഥാനിയേൽ ഗാർസിയ

ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽനിന്ന് ഗോകുലത്തിൽ ഈ സീസണിന്റെ തുടക്കത്തിലെത്തിയ താരമാണ് നഥാനിയേൽ ഗാർസിയ. സെറ്റ്പീസുകൾ എടുക്കുന്നതിൽ മികവ് പുലർത്തുന്ന താരം ഷെയ്ഖ് കമാൽ ട്രോഫിയിലെ രണ്ടു മത്സരങ്ങളിൽ മാൻ ഓഫ് ദി മാച്ചായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ജിതിൻ എം.എസ്

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽനിന്നു ഗോകുലത്തിലേക്കെത്തിയ താരമാണ് ജിതിൻ എംഎസ്. കേരള സന്തോഷ് ട്രോഫി ടീമിലും അംഗമായ താരം ദക്ഷിണ മേഖല മത്സരങ്ങളിൽ തിളങ്ങിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന് പുറമെ എഫ്സി കേരള, ഓസോൺ എഫ്സി എന്നീ ക്ലബ്ബുകൾക്കുവേണ്ടിയും താരം കളിച്ചിട്ടുണ്ട്.

നിക്കോളാസ് ഫെർണാണ്ടസ്

വിങ്ങുകളിൽ കുതിപ്പിനെത്തുന്ന നിക്കോളാസ് ഗോവൻ സ്വദേശിയാണ്. ഐ ലീഗ് ക്ലബ്ബായ ചർച്ചിൽ ബ്രദേഴ്സിൽ നിന്നുമാണ് താരം ഗോകുലത്തിലെത്തുന്നത്.

കഴിഞ്ഞ സീസണിൽ ഗോകുലത്തിനായി ഏറ്റവും കരുത്ത് കാട്ടിയ താരമാണ് മാർക്കസ് ജോസഫ്. സീസൺ പകുതിക്ക് ശേഷം ഗോകുലത്തിൽ എത്തിയ മാർക്കസ് ക്ലബിന് പുതുജീവൻ നൽകുകയായിരുന്നു. ഇപ്പോൾ ക്ലബിന്റെ ക്യാപ്റ്റൻ കൂടിയായ മാർക്കസ് ജോസഫ് ഐലീഗിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. ഡ്യൂറന്റ് കപ്പ് ഗോകുലം നേടിയപ്പോഴും ടൂർണമെന്റിലെ ടോപ്പ് സ്കോററായത് മാർക്കസ് ആയിരുന്നു. ഐ ലീഗിൽ പുതിയ കുതിപ്പിന് ഗോകുലം ഇറങ്ങുമ്പോഴും പ്രധാന ആത്മവിശ്വാസം മാർക്കസ് തന്നെയാണ്.

ഹെൻറി കിസേക്ക

കഴിഞ്ഞ സീസണിൽ ജോസഫ് മാർക്കസിന്റെ റോളിലായിരുന്നു ആദ്യ സീസണിൽ ഗോകുലം കേരള എഫ്സിയ്ക്കുവേണ്ടി ഹെൻറി കിസേക. ഒരു സീസൺ കൊൽക്കത്തയിൽ ചിലവഴിച്ച ശേഷം വീണ്ടും ഗോകുലത്തിൽ തിരിച്ചെത്തിയിരിക്കുകയാണ് താരം. ഡ്യൂറന്റ് കപ്പിൽ ഹെൻറി കിസേകയും മാർക്കസും തമ്മിലുള്ള കൂട്ടുകെട്ടായിരുന്നു ടീമിന് കരുത്തായത്. കഴിഞ്ഞ സീസണിൽ 9 മത്സരങ്ങൾ കളിച്ച മാർക്കസ് 7 ഗോൾ നേടിയിരുന്നു. പിന്നീട് മോഹൻ ബഗാനിലെത്തിയ താരം അവിടെ 11 ഗോളുകളും സ്വന്തമാക്കി.

ലാൽറൊമാവിയ

സെക്കൻഡ് ഡിവിഷൻ ക്ലബായ ചിങ വെങ എഫ്സിയിൽനിന്നാണ് ലാൽറൊമാവിയ ഗോകുലത്തിൽ എത്തുന്നത്. അറ്റാക്കറായും വിങ്ങറായും കളിക്കുന്ന താരമാണ്.

രാഹുൽ കെ.പി

കാസർഗോഡ് സ്വദേശിയായ രാഹുൽ ഗോകുലത്തിന്റെ റിസർവ് ടീമിൽനിന്ന് സീനിയർ ടീമിലേക്ക് എത്തിയ താരമാണ്. സന്തോഷ് ട്രോഫിയിൽ കേരളത്തിനു വേണ്ടിയും കെപിഎല്ലിൽ ഗോകുലം റിസർവ് ടീമിനുവേണ്ടിയും പുറത്തെടുത്ത മിന്നും പ്രകടനമാണ് രാഹുലിനെ സീനിയർ ടീമിലേക്ക് എത്തിച്ചത്.

ക്ഷെത്രിമയും മീതെ

നെറോക്ക എഫ് സി താരമായിരുന്ന മാലെം മീതെ ഐലീഗ് ഫുട്ബോൾ പ്രേമികൾക്ക് പരിചിതനാണ്. ഐലീഗിൽ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുള്ള താരം വിങ്ങുകളിൽ നിന്ന് മികച്ച ക്രോസുകൾ നൽകുന്നതിൽ വിദഗ്ധനാണ്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Gokulam kerala fc is ready for new i league season here is the players profile