കോഴിക്കോട്: ഐ ലീഗിലെ ആദ്യ വിജയം തേടി ഗോകുലം കേരള എഫ്സി ഇന്നിറങ്ങും. കേഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഷില്ലോങ് ലജോങ് എഫ്സിയാണ് ഗോകുലത്തിന്റെ എതിരാളികൾ. പുതിയ സീസൺ നന്നായി തുടങ്ങിയെങ്കിലും ഒരു മത്സരത്തിൽ പോലും മൂന്ന് പോയിന്റ് തികച്ച് വാങ്ങാൻ കഴിഞ്ഞില്ല എന്ന ചീത്തപേര് മാറ്റാനാകും ഗോകുലം ഇന്നിറങ്ങുക.

ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ശക്തരായ മോഹൻ ബഗാനെയും നെറോക്കയെയും സമനിലയിൽ പിടിച്ച ഗോകുലം കഴിഞ്ഞ മത്സരത്തിൽ ചെന്നൈ സിറ്റി എഫ്സിയോട് പരാജയപ്പെടുകയും ചെയ്തു. മൂന്ന് മത്സരങ്ങളിൽ നിന്നും രണ്ട് പോയിന്റുകൾ മാത്രമുള്ള പട്ടികയിൽ പത്താം സ്ഥാനത്താണ് ഗോകുലം.

ആദ്യ കളിയിൽ ഐസോൾ എഫ്സിയെ 1- 0ന് തോൽപിച്ചാണ് ഷില്ലോങ് വരവറിയിച്ചത്. പക്ഷേ, പിന്നീട് ഈസ്റ്റ് ബംഗാളിനോടും കൗമാരനിരയായ ഇന്ത്യൻ ആരോസിനോടും തോറ്റു. 3 കളികളിൽനിന്ന് ഇതുവരെ 3 ഗോളടിക്കാനേ ടീമിനായിട്ടുള്ളൂ. പോയിന്റ് പട്ടികയിൽ ഗോകുലത്തിന് മുന്നിൽ എട്ടാം സ്ഥാനത്താണ് ഷില്ലോങ്.

കഴിഞ്ഞ കളിയിൽ ചുവപ്പ് കിട്ടിയ നായകൻ മുഡെ മൂസയ്ക്ക് പകരം വൈസ് ക്യാപ്റ്റൻ മുഹമ്മദ് റാഷിദാകും ഇന്ന് ടീമിനെ നയിക്കുക. പനി മൂലം ഗോകുലത്തിന്റെ മലയാളി താരം അർജുൻ ജയരാജും ഇന്ന് കളിക്കില്ല. വി.പി.സുഹൈറിനെ ആശ്രയിച്ചാകും ഗോകുലത്തിന്റെ മുന്നേറ്റം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ