കോഴിക്കോട്: ഗോകുലം കേരളാ എഫ്‌സിയും റിയല്‍ കശ്മീര്‍ എഫ്‌സിയും തമ്മില്‍ വാക്ക് പോരും വിവാദവും. ഗോകുലത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി റിയല്‍ കശ്മീര്‍ ക്ലബ്ബ് അധികൃതര്‍ രംഗത്തെത്തുകയായിരുന്നു. ഗോകുലം തങ്ങള്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ ഗ്രൗണ്ട് നല്‍കിയില്ലെന്നും യാത്രയ്ക്ക് ബസ് ഏര്‍പ്പെടുത്തിയില്ലെന്നടക്കം നിരവധി ആരോപണങ്ങളാണ് ഗോകുലം മുന്നോട്ട് വച്ചിരിക്കുന്നത്. ഇതോടെ വിഷയത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയടക്കം രംഗത്തെത്തി.

പിന്നാലെ ഗോകുലം കേരള വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു. ഹര്‍ത്താലായതിനാല്‍ ടീമുകളെ മെഡിക്കല്‍ കോളേജ് മൈതാനത്ത് എത്തിക്കാനുള്ള വാഹനം സംഘടിപ്പിക്കുകയെന്നത് ഏറെ ബുദ്ധിമുട്ടായിരുന്നുവെന്നും എന്നിട്ടും ബസ് സജ്ജമാക്കിയെന്നു ഗോകുലം പറയുന്നു. എന്നാല്‍ ബസ് എത്തുന്നതിന് മുമ്പു തന്നെ റിയല്‍ കശ്മീര്‍ താരങ്ങള്‍ കോര്‍പ്പറേഷന്‍ ഗ്രൗണ്ടിലേക്ക് പ്രവേശിക്കുകയും പരിശീലനം ആരംഭിക്കുകയുമായിരുന്നുവെന്നും ഗോകുലം പറയുന്നു. കശ്മീര്‍ ടീം താമസിക്കുന്ന ഹോട്ടലിന് തൊട്ടടുത്താണ് സ്‌റ്റേഡിയം. മത്സരത്തിന് മുമ്പ് ഇവിടെ പരിശീലനം നടത്തുന്നതിന് ഒരു ടീമിനും അനുമതിയില്ലെന്നും അതുകൊണ്ടാണ് മടങ്ങണമെന്ന് ആവശ്യപ്പെട്ടതെന്നുമാണ് ഗോകുലത്തിന്റെ വിശദീകരണം.

സ്‌റ്റേഡിയത്തിലുണ്ടായിരുന്ന കോഴിക്കോട് ജില്ല ഫുട്‌ബോള്‍ ഫെഡറേഷന്‍ ഒഫീഷ്യല്‍ ഹമീദിന് നേരെ കശ്മീര്‍ ടീം ഒഫീഷ്യലുകള്‍ കയര്‍ത്തെന്നും പരിശീലകന്‍ റോബര്‍ട്ട്‌സണും താരങ്ങളും ചെയ്യുന്നത് ഷൂട്ട് ചെയ്യാന്‍ ശ്രമിച്ച ഹമീദിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ച് വലിച്ചെറിഞ്ഞെന്നും ഇതാണ് കലഹത്തിലേക്ക് എത്തിച്ചതെന്നും ഗോകുലം പറയുന്നു. എന്തുകൊണ്ട് തങ്ങള്‍ തയ്യാറാക്കിയ ബസ് നിരസിച്ചതെന്നും എന്തിനാണ് അനുമതിയില്ലാത്ത ഗ്രൗണ്ടില്‍ പ്രവേശിച്ചതെന്നും ഗോകുലം ചോദിക്കുന്നു.

Read Also: ‘ഗ്രൗണ്ടില്‍ നിന്നും ഇറക്കി വിട്ടു, വാഹനം നല്‍കിയില്ല, കോച്ചിനോട് കയര്‍ത്തു’; ഗോകുലത്തിനെതിരെ റിയല്‍ കശ്മീര്‍

കശ്മീരില്‍ നിന്നുമുള്ള പുതിയ ടീമെന്ന വികാരം മാറ്റി വെക്കണമെന്നും റിയല്‍ കശ്മീരിന്റെ സോഷ്യല്‍ മീഡിയ അഡ്മിന്‍ നേരത്തെ എഴുന്നേറ്റെന്നും എന്തൊക്കയോ പറഞ്ഞെന്നും കരുതി അത് സത്യമാകില്ലെന്നും ഗോകുലം പറയുന്നു. കൂടാതെ കളിക്കാന്‍ പേടിച്ചിട്ടാണ് കശ്മീര്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും ഗോകുലം പരോക്ഷമായി ആരോപിച്ചു.

നേരത്തേ കോഴിക്കോട് കളിക്കാനെത്തിയ മിനര്‍വ്വ പഞ്ചാബ് അടക്കമുള്ള ടീമുകള്‍ ഗോകുലത്തിന്റെ ആതിഥേയത്വത്തെ പ്രശംസിച്ചിട്ടുണ്ടെന്നും എവേ മത്സരത്തിനെത്തുന്ന ടീമുകളുടെ പരിശീലന ഗ്രൗണ്ടിനുള്ള പണം ഗോകുലമല്ലാതെ മറ്റൊരു ടീമും നല്‍കുന്നില്ലെന്നും ഗോകുലം ചൂണ്ടിക്കാണിച്ചു. കൂടാതെ പരിശീലനത്തിനിടെ റിയല്‍ കശ്മീര്‍ താരങ്ങള്‍ രണ്ട് റണ്ണര്‍ ബോര്‍ഡുകള്‍ മനപ്പൂര്‍വ്വം തകര്‍ത്തെന്നും ഗോകുലം ആരോപിച്ചു. ഹര്‍ത്താലിനെ കുറിച്ചും റിയല്‍ കശ്മീരിനെ നേരത്തെ തന്നെ അറിയിച്ചിരുന്നതായും ഗോകുലം പറയുന്നു.

പ്രൊഫഷണലുകളെ പോലെ പെരുമാറുന്നതിന് പകരം ഗുണ്ടകളെ പോലെയാണ് റിയല്‍ കശ്മീര്‍ ടീം പെരുമാറിയെന്നും ഗോകുലം പ്രസ്താവനയില്‍ പറയുന്നു. ഔദ്യോഗികമായി പരാതിപ്പെടുന്നതിന് പകരം സോഷ്യല്‍ മീഡിയയില്‍ നുണ പറയുകയാണ് റിയല്‍ കശ്മീര്‍ ചെയ്‌തെന്നും ഗോകുലം ആരോപിക്കുന്നു. സംഭവം നടക്കുമ്പോള്‍ മാച്ച് കമ്മീഷണറും സ്ഥലത്തുണ്ടായിരുന്നുവെന്നും വിഷയത്തില്‍ എഐഎഫ്ഫിന് ഗോകുലം പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

വിവാദം ശക്തമായതോടെ ആരാധകരും ആശങ്കയിലായിരിക്കുകയാണ്. ഐ ലീഗിലെ ഏറ്റവും പ്രിയപ്പെട്ട രണ്ടു ടീമുകളാണ് ഗോകുലവും റിയല്‍ കശ്മീരും. സത്യം ആരുടെ ഭാഗത്തായിരുന്നാലും നാളത്തെ മത്സരത്തില്‍ വിവാദം തീപടര്‍ത്തുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ