കേരള ഫുട്‌ബോളിന്റെ ചരിത്രത്താളുകളില്‍ 22 കൊല്ലം മുമ്പ് നേടിയൊരു വിജയമുണ്ട്, ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ടൂര്‍ണമെന്റായ ഡ്യൂറന്റ് കപ്പിന്റേത്. ഇതിഹാസ താരം ഐ.എം.വിജയന്റെ എഫ്.സി കൊച്ചിന്‍ ഉയര്‍ത്തിയ കപ്പ് രണ്ട് പതിറ്റാറ്റാണ്ടിനു ശേഷം ഗോകുലം കേരള എഫ്‌സിയിലൂടെ കേരളത്തില്‍ തിരികെ എത്തിയിരിക്കുകയാണ്.
ഇന്ത്യന്‍ ഫുട്‌ബോളിലെ ബാഴ്‌സലോണയും റയല്‍മാഡ്രിഡുമെന്ന് വിശേഷിപ്പിക്കാവുന്ന ഈസ്റ്റ് ബംഗാളിനെയും മോഹന്‍ബഗാനെയും തകര്‍ത്താണ് ഗോകുലം കപ്പുയര്‍ത്തിയത്. ഫൈനലില്‍ മോഹന്‍ബഗാനായിരുന്നു എതിരാളികള്‍. അതിന് മുമ്പ് സെമിയില്‍ ഈസ്റ്റ് ബംഗാളും ഗോകുലത്തിന് മുന്നില്‍ വീണു. പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ഈസ്റ്റ് ബംഗാളിനെ ഗോകുലം തോല്‍പ്പിച്ചത്.
Read More: അഭിമാനമായി മലബാറിയന്‍സ്; മോഹന്‍ ബഗാനെ ഞെട്ടിച്ച് ഗോകുലത്തിന് ഡ്യൂറന്റ് കപ്പ്
സി.കെ.ഉബൈദ് എന്ന കൂത്തുപറമ്പുകാരന്‍ ഗോള്‍ കീപ്പറാണ് സെമി ഗോകുലത്തിന്റേതാക്കി മാറ്റിയത്. ഉബൈദിന് ആ വിജയം ഇരട്ടി മധുരമാണ്. ഒരു വര്‍ഷം മുമ്പ് വരെ ഈസ്റ്റ് ബംഗാളിന്റെ താരമായിരുന്നു ഉബൈദ്. ഗോകുലത്തിന്റെ വിജയത്തെക്കുറിച്ചും മുന്നോട്ടുള്ള യാത്രയെക്കുറിച്ചുമെല്ലാം ഉബൈദ് സംസാരിക്കുന്നു.
ഗോകുലത്തിലേക്ക്
അഖിലേന്ത്യ സെവന്‍സിലൂടെയാണ് ശ്രദ്ധ നേടുന്നത്. വിവ കേരളയുടെ താരമായിരുന്നു. അവിടെ നിന്ന് ഡെംബോ ഗോവയിലേക്കും അവിടെ നിന്ന് എയര്‍ ഇന്ത്യയിലേക്കും ഒഎന്‍ജിസിയിലേക്കും ചേക്കേറി. പിന്നീട് നാല് വര്‍ഷത്തോളം ഈസ്റ്റ് ബംഗാളിന്റെ താരമായിരുന്നു. ഖാലിദ് ജമീലാണ് മുംബൈയില്‍നിന്ന് കൊല്‍ക്കത്തിയിലേക്ക് എത്തിക്കുന്നത്. പക്ഷെ അവസാന വര്‍ഷം വേണ്ടത്ര അവസരം കിട്ടിയില്ല. പിന്നീട് ഗോകുലം കേരളയുടെ താരമായി നാട്ടിലേക്ക് മടങ്ങിയെത്തി.
ചരിത്രം വഴിമാറിയ ഡ്യൂറന്റ് കപ്പ് വിജയം
ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമായിരുന്നു ഡ്യൂറന്റ് കപ്പ് വിജയം. വിശ്വസിക്കാനെ കഴിഞ്ഞിരുന്നില്ല ഞങ്ങളാണ് ഡ്യൂറന്റ് കപ്പ് വിജയികള്‍ എന്ന്. ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ടൂര്‍ണമെന്റാണ്. സെമിയില്‍ ഈസ്റ്റ് ബംഗാളിനേയും ഫൈനലില്‍ മോഹന്‍ ബഗാനേയും തോല്‍പ്പിക്കുന്നു. അതും അവരുടെ മണ്ണില്‍. അതൊരു ഭയങ്കര ഫീലിങ്ങാണ്. 20 ദിവസത്തെ മാത്രം ക്യാംപ് കഴിഞ്ഞാണ് ഇവിടുന്ന് പോകുന്നത്. എല്ലാവരും നല്ല താരങ്ങളാണെന്ന് അറിയാമായിരുന്നുവെങ്കിലും ജയിക്കാന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ ഓരോ മത്സരവും ജയിച്ച് മുന്നേറിയതോടെ ആത്മവിശ്വാസം വര്‍ധിച്ചു. പിന്നെ കപ്പ് എന്തു വില കൊടുത്തും കേരളത്തില്‍ എത്തിക്കണമെന്നായി. ഓരോ താരവും കഠിനാധ്വാനം ചെയ്ത് നേടിയ വിജയമാണ്. ഫുള്‍ ക്രെഡിറ്റും പോകുന്നത് കോച്ചിനാണ്.
ഫെര്‍ണാണ്ടോ ആന്ദ്ര സാന്റിയാഗോ എന്ന പരിശീലകന്‍
കഴിഞ്ഞ വര്‍ഷം കോച്ച് ഇവിടെയുണ്ടായിരുന്നു. അന്ന് അദ്ദേഹത്തിന് സ്പാനിഷല്ലാത്തൊരു ഭാഷ അറിയില്ലായിരുന്നു. പക്ഷെ ഇത്തവണ വരുമ്പോഴേക്കും ഇംഗ്ലീഷൊക്കെ പഠിച്ചു. ഒരുപാട് ഇംപ്രൂവ് ആയിട്ടുണ്ട്. അതില്‍ തന്നെ അദ്ദേഹത്തിന്റെ ഡെഡിക്കേഷന്‍ വ്യക്തമാണ്. 20 ദിവസം കൊണ്ട് ഒരു ടൂര്‍ണമെന്റിന് പോകുന്ന ടീമിനെ എങ്ങനെ വാര്‍ത്തെടുക്കുമെന്ന് ആര്‍ക്കും ഒരു ധാരണയുമുണ്ടായിരുന്നില്ല. എല്ലാത്തിന്റേയും ക്രെഡിറ്റ് അദ്ദേഹത്തിനാണ്. എല്ലാം സൂക്ഷ്മമായി വീക്ഷിക്കുന്ന ആളാണ് കോച്ച്. മാച്ചും പരിശീലനവുമെല്ലാം. എല്ലാം വീഡിയോയെടുത്ത് രാത്രി രണ്ട് മണിവരേയും മൂന്ന് മണിവരെയുമൊക്കെ കണ്ട് ഓരോരുത്തരേയും പഠിക്കും. എന്നിട്ടത് രാവിലെ തന്നെ വ്യക്തിപരമായി വിളിച്ചുപറഞ്ഞു തരും. ആരോടും ദേഷ്യപ്പെടില്ല. എല്ലാവരോടും നല്ല ഫ്രണ്ട്‌ലിയായിട്ടാണ് പെരുമാറുന്നത്. അത് താരങ്ങളുടെ മെന്റാലിറ്റിയേയും നന്നായി സ്വാധീനിക്കുന്നുണ്ട്.
മുന്നില്‍നിന്ന് നയിക്കുന്ന ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫ്
അവന്‍ നല്ല പ്ലെയറാണ്. എല്ലാവര്‍ക്കും അത് അറിയാം. ഇപ്പോള്‍ തന്നെ ട്രിനിഡാഡ് ആന്റ് ടൊബാഗോയുടെ നാഷണല്‍ ടീമിലേക്ക് വിളിച്ചിട്ടുണ്ട്. അതുപോലെ തന്നെ ഹെന്റി. അവര്‍ രണ്ട് പേരും തമ്മില്‍ നല്ല അണ്ടര്‍സ്റ്റാന്റിങ് ആണ്. നല്ല കോമ്പിനേഷനാണ് അവരുടേത്. ഗോകുലത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയന്റ് മാര്‍ക്കസും ഹെന്റിയുമാണ്. ഒരാള്‍ക്ക് മാത്രമായി ഒന്നും ചെയ്യാനാകില്ല. ഒന്നിച്ച് കളിച്ചാലെ ജയിക്കാനാവുകയുള്ളൂ. മാര്‍ക്കസ് ജീനിയസാണ്. ഫൈനലിലെ സെക്കന്റ് ഗോള്‍ കണ്ടാല്‍ മാത്രം മതി അതറിയാന്‍. അവന്റെ ബ്രില്യന്‍സുകൊണ്ട് മാത്രമാണ് ആ ഗോള്‍ അടിക്കാനായത്.
ഫൈനലിന് മുമ്പ്
ഓരോ മത്സരത്തിന് മുമ്പും ചര്‍ച്ച ചെയ്തിരുന്നത് എങ്ങനെയെങ്കിലും ജയിക്കണം എന്ന് മാത്രമായിരുന്നു. ഞങ്ങള്‍ക്ക് എത്രമാത്രം കരുത്തുണ്ടെന്നും എന്തൊക്കെ സാധിക്കുമെന്നും കാണിച്ചുകൊടുക്കണമെന്നായിരുന്നു ചിന്ത. സെമിയില്‍ ഈസ്റ്റ് ബംഗാള്‍ വന്നതോടെ വാശി ഒന്നുകൂടി കൂടി. കാരണം അവരുടെ നാടാണ്, നമുക്ക് ഗ്രൗണ്ട് സപ്പോര്‍ട്ടുണ്ടാകില്ലെന്ന് അറിയാം. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് ടീമുകളാണ് മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും. അവരുടെ നാട്ടില്‍ അവരെ തോല്‍പ്പിക്കുക എന്ന് പറയുമ്പോള്‍ നമ്മുടെ ടീമിന്റെ ഗ്രാഫ് ഉയരുകയാണ്.
ALso Read: ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ഗോകുലം ഡ്യൂറന്റ് കപ്പിന്റെ ഫൈനലില്‍; ഹീറോയായി ഉബൈദ്
കേരളത്തിന്റെ ഹീറോയായി മാറിയ പെനാല്‍റ്റി ഷൂട്ടൗട്ട്
പ്രഷറുണ്ടായിരുന്നില്ല. എന്റെ മനസിലുണ്ടായിരുന്നത് ഒന്നു മാത്രമായിരുന്നു. രണ്ട് കൊല്ലം ഞാന്‍ കളിച്ച ഇടമാണ്. അവര്‍ക്ക് മുന്നില്‍ എന്നെ പ്രൂവ് ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. മത്സരം പെനാല്‍റ്റിയിലെത്തി, ജയിച്ചു. വളരെയധികം സന്തോഷം തോന്നി. അവരുടെ കാണികള്‍ക്കും മാനേജ്‌മെന്റിന് മുന്നില്‍ എന്നെ പ്രൂവ് ചെയ്യാന്‍ സാധിച്ചു.
മുന്നോട്ട്
ഈ വിജയം ഓരോ താരത്തിന്റേയും മെന്റാലിറ്റിയെ സ്വാധീനിച്ചിട്ടുണ്ട്. ഐ ലീഗും സൂപ്പര്‍ കപ്പും വരാനുണ്ട്. അതിലേക്കൊക്കെ ഉള്ളൊരു മുന്നൊരുക്കമാണ് ഈ വിജയം. ഐ ലീഗിലും ഇതുപോലെ കളിക്കാനായാല്‍ കപ്പ് ഇവിടെ എത്തിക്കാനാകും. എല്ലാവരും മെന്റലിയും ഫിസിക്കലിയും കരുത്തരാണ്. 20 ദിവസം കൊണ്ടാണ് ഡ്യൂറന്റ് കപ്പിനായി തയ്യാറായാത്. ഐ ലീഗിന് ഇനിയും സമയമുണ്ട്.
ഐ ലീഗും ഐഎസ്എല്ലും
ഐ ലീഗിന് ഐഎസ്എല്ലിനെ പോലെ തന്നെ മീഡിയയുടെ പിന്തുണ ലഭിച്ചാല്‍ മുന്നിലെത്താനാകും. ഐഎസ്എല്‍ ഷൂട്ട് ചെയ്യാനായി കുറേ ക്യാമറകളുണ്ട്. അതിന്റെ ക്വാളിറ്റി സംപ്രേക്ഷണത്തിലുണ്ട്. ഐ ലീഗിലും അതുപോലെ വരികയാണെങ്കില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ലീഗ് ഐ ലീഗായിരിക്കും.
ഇഷ്ടങ്ങള്‍
ഇംഗ്ലണ്ടാണ് ഇഷ്ട ടീം. ബെക്കാമും റൂണിയുമൊക്കെ ഉള്ളപ്പോള്‍ തുടങ്ങിയ ഇഷ്ടമാണ്. ഗോള്‍ കീപ്പര്‍ ഒളിവര്‍ ഖാനാണ്. ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും ഇഷ്ടം സുനില്‍ ഛേത്രിയെ തന്നെയാണ്. അന്നും ഇന്നും. ഛേത്രിയെ പോലൊരു താരത്തെ നമുക്ക് ഇതുവരെ കിട്ടിയിട്ടില്ല. പിന്നെ വിജയേട്ടനെ ഇഷ്ടമാണ്. പക്ഷെ വിജയേട്ടന്റെ കളി ഇതുവരെ നേരിട്ട് കാണാന്‍ സാധിച്ചിട്ടില്ല. ക്ലബ്ബുകളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് പ്രിയപ്പെട്ടത്. ഐഎസ്എല്ലില്‍ എഫ്‌സി ഗോവ, ബെംഗളൂരു, കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമുകളോടാണ് ഇഷ്ടം.