ബെംഗളൂരു: ഇന്ത്യൻ വനിതാ ലീഗ് കിരീടത്തിൽ മുത്തമിട്ട് ഗോകുലം കേരള എഫ്സി. കലാശപ്പോരാട്ടത്തിൽ മണിപ്പൂരിൽനിന്നുള്ള ക്രിപ്സയെ പരാജയപ്പെടുത്തിയാണ് ഗോകുലം ചാംപ്യന്മാരായത്. രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു ഗോകുലത്തിന്റെ വിജയം. കഴിഞ്ഞ വർഷം സെമിയിൽ അവസാനിച്ച കുതിപ്പ് ഇത്തവണ കിരീടത്തിലെത്തിച്ചിരിക്കുകയാണ് ഗോകുലം വനിതകൾ.
ആദ്യ മിനുട്ട് മുതൽ മത്സരത്തിന്റെ ആധിപത്യം ഏറ്റെടുത്ത ഗോകുലം അവസാന നിമിഷം വരെ മികവ് പുലർത്തിയതോടെ ജയവും കിരീടവും കേരളത്തിലേക്ക്. ഒന്നാം മിനുട്ടിൽ ക്രിപ്സയുടെ പ്രതിരോധം തകർത്ത് പരമേശ്വരിയുടെ ഗോളിൽ ഗോകുലം ലീഡെടുത്തു. 27-ാം മിനിറ്റിൽ കമലാ ദേവിയുടെ ഫ്രീകിക്ക് ലീഡ് രണ്ടാക്കി ഉയർത്തി.
പിന്നീട് ക്രിപ്സയുടെ തിരിച്ചടിയായിരുന്നു. ആദ്യ പകുതിയിൽ തന്നെ ഒരു ഗോൾ കണ്ടെത്തിയ ക്രിപ്സ രണ്ടാം പകുതിയിൽ ഗോകുലത്തിനൊപ്പമെത്തി. ഒന്നാം ഗോൾ ഗ്രേസും രണ്ടാം ഗോൾ രത്ന ബാലയും നേടിയതോടെ മത്സരത്തിൽ ക്രിപ്സയുടെ പ്രതീക്ഷകളും സജീവമായി. എന്നാൽ 86-ാം മിനിറ്റിൽ ഗോകുലത്തിന്റെ വിജയമൊരുക്കി സബിത്ര മൂന്നാം ഗോൾ ക്രിപ്സയുടെ വലയിലെത്തിച്ചു. തിരിച്ചടിക്കാനുള്ള ക്രിപ്സയുടെ ശ്രമങ്ങളും ലീഡ് ഉയർത്താനുള്ള ഗോകുലത്തിന്റെ നീക്കങ്ങളും രണ്ട് ടീമിലെയും പ്രതിരോധം തകർത്തപ്പോൾ മത്സരം 3-2ന് ഗോകുലം സ്വന്തമാക്കി.
ഇതാദ്യമായാണ് കേരളത്തിൽ നിന്നൊരു ടീം ദേശീയ വനിതാ ലീഗ് കിരീടം സ്വന്തമാക്കുന്നത്. ഇതുവരെ കേരളത്തിൽനിന്നുള്ള ഒരു ക്ലബ്ബിന്റെ പുരുഷ-വനിതാ ടീമുകൾക്ക് ദേശീയ ലീഗ് കിരീടം സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. ഈ നേട്ടവും ഇനി ഗോകുലം വനിതകൾക്ക് സ്വന്തം.
പ്രാഥമിക ഘട്ടത്തിൽ കളിച്ച എല്ലാ മത്സരവും ജയിച്ചായിരുന്നു ഗോകുലത്തിന്റെ കുതിപ്പ്. പല മത്സരങ്ങളും ഗോകുലം വനിതകൾ ഗോൾ മഴ തീർക്കുകയായിരുന്നു. സെമിയിൽ മുൻ ചാംപ്യന്മാരായ സേതു എഫ്സിയെ പരാജയപ്പെടുത്തിയാണ് ഗോകുലം ഫൈനലിന് യോഗ്യത നേടിയത്. ഫൈനലിലെ വിജയ ഗോൾ ഉൾപ്പടെ 18 ഗോൾ നേടിയ നേപ്പാൾ താരം സബിത്രയാണ് ടൂർണമെന്റിലെ ടോപ് സ്കോറർ.