കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ കുപ്പായത്തിലൂടെ മലയാളി ഫുട്ബോൾ ആരാധകരുടെ പ്രിയപ്പെട്ടവനായി മാറിയ അന്റോണിയോ ജർമ്മൻ ഇന്ത്യയിൽ കളി അവസാനിപ്പിക്കുന്നു. നിലവിൽ ഐ ലീഗിൽ ഗോകുലം കേരള എഫ് സി താരമായ ജർമ്മൻ കരാർ അവസാനിപ്പിച്ചാണ് നാട്ടിലേക്ക് മടങ്ങുന്നത്. ഈ സീസണിലാണ് ജർമ്മൻ ഗോകുലത്തിൽ എത്തുന്നത്.

ഐ ലീഗിൽ ഗോകുലത്തിനായി ആറ് മത്സരങ്ങൾ കളിച്ച ജർമ്മൻ രണ്ട് ഗോളുകളും നേടിയിട്ടുണ്ട്. താരം തന്നെയാണ് ക്ലബ്ബുമായുള്ള കരാർ അവസാനിപ്പിച്ച് മടങ്ങുകയാണെന്ന കാര്യം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.

“മൂന്ന് വർഷത്തെ ഇന്ത്യൻ ജീവിതത്തിന് അവസാനം കുറിക്കുന്നു.ഗോകുലം എഫ് സിയുമായുള്ള കരാർ അവസാനിപ്പിക്കുകയാണ്. എനിക്ക് തന്നെ തൃപ്തിയാകുന്നില്ല, പലകാര്യങ്ങളിലും ഞാൻ സന്തുഷ്ടനല്ലായിരുന്നു. ക്ലബ്ബിനെ ഞാൻ ഒരിക്കലും തെറ്റ് പറയില്ല. ഒരു ഫുട്ബോളർ എന്ന നിലയിൽ നമ്മൾ എവിടെയാണോ അവിടെ സന്തോഷം കണ്ടെത്തണം. മികച്ച പ്രകടനം കാഴ്ചവെയ്ക്കാനും അത് അത്യവശ്യമാണ്. അതിന് സാധിക്കാത്തതിനാലാണ് ഞാൻ ക്ലബ്ബ് വിടാൻ തീരുമാനിച്ചത്. ക്ലബ്ബിനും ആരാധകർക്കും നന്ദി. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. ക്ലബ്ബിന് എല്ലാവിധ ആശംസകളും,” ജർമ്മൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

2015ലാണ് ജർമ്മൻ ആദ്യമായി കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത്. 2017ൽ ക്ലബ്ബ് വിട്ട ജർമ്മൻ എന്നാൽ മലയാളക്കര വിട്ടില്ല. ഈ സീസണിൽ ഐ ലീഗ് കളിക്കാൻ ജർമ്മൻ ഗോകുലത്തിൽ എത്തുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ