മുന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം ആന്‍റോണിയോ ജര്‍മന്‍ ഗോകുലം കേരളാ എഫ്‌സിയിലേക്ക് എന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടയില്‍ പുതിയ സൈനിങ് സ്ഥിരീകരിച്ച് ഗോകുലം എഫ്‌സി. മസിഡോണിയന്‍ താരം ഹ്രിസ്റ്റെജന്‍ ഡെങ്കോവ്സ്കിയാണ് ഗോകുലം കേരളാ എഫ്‌സിയിലേക്ക് എത്തിയ പുതിയ താരം. മസിഡോണിയന്‍ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ സിഡി ഫെറിയോലെന്‍സെയ്ക്ക് വേണ്ടിയാണ് ഹ്രിസ്റ്റെജന്‍ കഴിഞ്ഞ സീസണ്‍ കളിച്ചത്. മാസിഡോണിയയുടെ അണ്ടര്‍ 17, അണ്ടര്‍ 19, അണ്ടര്‍ 21 ദേശീയടീമുകള്‍ക്ക് വേണ്ടിയും ഇദ്ദേഹം കളിച്ചിട്ടുണ്ട്.

അറ്റാകിങ് മിഡ്ഫീല്‍ഡിനൊപ്പം ഇരുവിങ്ങുകളിലും കളിക്കാനാകുന്ന ഇരുപത്തിമൂന്നുകാരന്‍ ഗോകുലം കേരളാ എഫ്‌സിയുടെ മുന്നേറ്റനിരയ്ക്ക് മുതല്‍കൂട്ടാകും. ഐ ലീഗ് മത്സരങ്ങള്‍ അവസാനിച്ചു എന്നിരിക്കെ വരുന്ന സൂപ്പര്‍ കപ്പ്‌ ലക്ഷ്യമാക്കിയാകണം ഗോകുലം എഫ്‌സി ഹ്രിസ്റ്റെജനെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയോളമായ് അദ്ദേഹം ടീമിനൊപ്പം പരിശീലിക്കുന്നുമുണ്ട്. ഡച്ച് ലീഗ്, സ്ലോവേനിയന്‍ ലീഗ് എന്നിവ കളിച്ച അനുഭവസമ്പത്തുമായാണ് ഹ്രിസ്റ്റെജന്‍ കേരളത്തിലെത്തുന്നത്. ഡച്ച് കപ്പ്‌, മസിഡോണിയന്‍ ചാമ്പ്യന്‍ഷിപ്പ് എന്നിവ നേടിയ ടീമുകളിലെ അംഗമായിരുന്നു ഹ്രിസ്റ്റെജന്‍.

അതേസമയം, ആന്‍റോണിയോ ജര്‍മന് വേണ്ടി ഗോകുലം കേരളാ എഫ്‌സി വളവിരിക്കുന്നു എന്ന അഭ്യൂഹത്തെ പരിശീലകന്‍ ബിനോ ജോര്‍ജ് നിരാകരിച്ചില്ല. ” ആന്‍റോണിയോ ജര്‍മന്‍റെ എജന്‍റുമായ് ക്ലബ് സംസാരത്തിലാണ്. നിലവില്‍ മറ്റൊരു ക്ലബ്ബുമായ് കരാറിലാണ് അദ്ദേഹം. അത് കഴിഞ്ഞാല്‍ അത് ആലോചിക്കാവുന്നത്തെ ഉള്ളൂ.” ബിനോ ജോര്‍ജ് ഇന്ത്യന്‍ എക്‌സ്പ്രസ്സ് മലയാളത്തോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഗോകുലം എഫ്‌സിയെ കുറിച്ച് അന്വേഷിച്ചുകൊണ്ട് ആന്റോണിയോ ജര്‍മന്‍ ട്വീറ്റ് ചെയ്തിരുന്നു.

നിലവില്‍ ഇംഗ്ലണ്ടിലെ ഹെമല്‍ ഹെമ്പ്സ്റ്റീഡ് ടൗണ്‍ എഫ്‌സിക്ക് വേണ്ടിയാണ് ആന്റോണിയോ ജര്‍മന്‍ കളിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ