കോഴിക്കോട്: ഐ- ലീഗിലില്‍ വമ്പൻ അട്ടിമറിയുമായി ഗോകുലം എഫ്സി. ഇന്ത്യൻ ഫുട്ബോളിലെ പ്രതാപികളായ ഈസ്റ്റ് ബംഗാളിനെയാണ് കേരളത്തിന്റെ പ്രതിനിധികളായ ഗോകുലം​ എഫ്സി തോൽപ്പിച്ചത്. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തില്‍ 2-1നാണ് ഗോകുലം ജയിച്ച് കയറിയത്. അവസാന മത്സരത്തിൽ കരുത്തരായ മോഹൻ ബഗാനെ ഗോകുലം​ എഫ്സി അട്ടിമറിച്ചിരുന്നു.

ഗോകുലം എഫ്സിയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളാണ് ആദ്യം മുന്നിൽ എത്തിയത്.
ആദ്യ പകുതിയുടെ അവസാന നിമിഷത്തിലാണ് ഈസ്റ്റ് ബംഗാള്‍ മുന്നിലെത്തിയത്. പെനാല്‍ട്ടിയിലൂടെ കാറ്റ്സുമി യൂസയാണ് ഈസ്റ്റ് ബംഗാളിന് വേണ്ടി ഗോള്‍ നേടിയത്.

എന്നാൽ രണ്ടാം പകുതിയില്‍ പുത്തനുണർവ്വുമായി കളത്തിൽ ഇറങ്ങിയ ഗോകുലം മത്സരം തങ്ങളുടെ വരുതിയിലാക്കുകയായിരുന്നു. 49ആം മിനുട്ടില്‍ കിവി ഷിമോമിയുടെ ഗോളിലൂടെ ഗോകുലം ഈസ്റ്റ്ബംഗാളിനെ സമനിലയിൽ പിടിച്ചു. വിജയഗോളിനായുളള പോരാട്ടമായിരുന്നു പിന്നീട് കണ്ടത്. 86ആം മിനുട്ടില്‍ സലാം സിംഗിന്റെ സെല്‍ഫ് ഗോളിലൂടെ ഗോകുലം ചരിത്രവിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തിന്റെ അവസാന നിമിഷം കേരള താരം മുഹമ്മദ് ഇര്‍ഷാദിനും ഈസ്റ്റ് ബംഗാള്‍ നായകന്‍ അര്‍ണബ് മൊണ്ടലിനു ചുവപ്പുകാര്‍ഡും ലഭിച്ചു. ജയത്തോടെ ആദ്യ ആറു സ്ഥാനത്തിലെത്തി സൂപ്പര്‍ കപ്പിനു യോഗ്യത നേടാമെന്ന പ്രതീക്ഷ ഗോകുലം സജീവമാക്കി. പതിനാലു മത്സരങ്ങളില്‍ നിന്നും പതിനാറു പോയിന്റോടെ നിലവില്‍ എട്ടാം സ്ഥാനത്താണ് ഗോകുലം കേരള എഫ് സി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ