കോഴിക്കോട്: ഗോകുലം കേരള എഫ്‌സിയുടെ പരിശീലക സ്ഥാനത്തു നിന്നും ഫെര്‍ണാണ്ടോ വരേല പുറത്ത്. അടുത്ത മാസം ഐ ലീഗ് ടൂര്‍ണമെന്റ് തുടങ്ങാനിരിക്കെയാണ് ഫെര്‍നാണ്ടോ വരേല ക്ലബ് വിട്ടതായി സൂചനകള്‍ വരുന്നത്.

പ്രീ സീസണ്‍ മത്സരങ്ങളില്‍ ടീമിന്റെ മോശം പ്രകടനവും കളിക്കാരോടു മികച്ച ബന്ധം സൃഷ്ടിക്കാന്‍ വരേല പരാജയപ്പെട്ടതുമാണ് പുറത്താവലിലേക്കു വഴി തെളിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഇത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല.

കഴിഞ്ഞ തവണ ഐ ലീഗില്‍ പ്രഥമ സീസണ്‍ കളിച്ച ഗോകുലം കേരള മികച്ച പ്രകടനമാണ് ലീഗില്‍ കാഴ്ച വെച്ചത്. ആദ്യ ഘട്ടത്തില്‍ പതറിയ ടീം രണ്ടാം ഘട്ടത്തില്‍ തകര്‍പ്പന്‍ തിരിച്ചു വരവാണ് നടത്തിയത്. വമ്പന്‍ ശക്തികളായ മോഹന്‍ ബഗാനെയും ഈസ്റ്റ് ബംഗാളിനെയുമെല്ലാം ഗോകുലം ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വരേല പരീശിലകനായി എത്തുന്നത്.

പരിശീലകനായിരുന്ന ബിനോ ജോര്‍ജിനെ മാറ്റി ഗോകുലം കേരള വരേലയെ നിയമിക്കുകയായിരുന്നു. എന്നാല്‍ പ്രി സീസണ്‍ മത്സരങ്ങളില്‍ ടീം തൃപ്തികരമായ പ്രകടനം നടത്താത്തതിനെ തുടര്‍ന്നാണ് വരേല മാനേജ്‌മെന്റിന് വിലക്കപ്പെട്ടവനാകുന്നത്.

വരേല ആദ്യമായി പരിശീലക വേഷത്തിലെത്തുന്ന ക്ലബായിരുന്നു ഗോകുലം കേരള എഫ്‌സി. ടീമിന്റെ പുതിയ പരിശീലകന്‍ ആരാകുമെന്നാണ് ആരാധകര്‍ ഇപ്പോള്‍ ഉറ്റു നോക്കുന്നത്. കഴിഞ്ഞ സീസണു ശേഷം പരിശീലക സ്ഥാനം വിട്ട് ടീമിന്റെ ടെക്‌നിക്കല്‍ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന ബിനോ ജോര്‍ജ് തന്നെ പരിശീലകനാകാനാണ് കൂടുതല്‍ സാധ്യത.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook