ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ഫൈനലിനിടെ സെർജിയോ റാമോസിന്റെ ഫൗളിൽ വീണ് തോളിന് പരുക്കേറ്റ ഈജിപ്ഷ്യൻ നായകൻ മുഹമ്മദ് സലാഹിനെ കുറിച്ചായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഫുട്ബാൾ ലോകത്തിന്റെ ആശങ്ക. എന്നാൽ, ലണ്ടനിലെത്തി ചികിത്സ തേടിയതിനു പിന്നാലെ താരം റഷ്യയിൽ ടീമിനൊപ്പം താനുണ്ടാവുമെന്ന് വ്യക്തമാക്കുകയും ചെയ്തു.
‘ശപിക്കപ്പെട്ടൊരു രാവായിരുന്നു അത്. എന്നാൽ എന്നിലെ പോരാളി ഏതു ദുർഘടങ്ങളെയും നേരിടാൻ തയ്യാറാണ്. അഭിമാന പൂർവം ഞാൻ റഷ്യയിൽ ഉണ്ടാകും. നിങ്ങളുടെ സ്നേഹവും പിന്തുണയും ആണ് എന്റെ കരുത്ത്’,’ ആരാധകരുടെ ആശങ്കയകറ്റി ആത്മവിശ്വാസത്തോടെ മുഹമ്മദ് സലാഹ് ട്വീറ്റ് ചെയ്യുകയും ചെയ്തു.
ലോകകപ്പിനായി ഇതുവരെ അന്തിമ ടീമിനെ പ്രഖ്യാപിക്കാത്ത ഈജിപ്ത് ജൂൺ നാലിന് മുമ്പായി 23 അംഗ സംഘത്തെ തിരഞ്ഞെടുക്കുമ്പോൾ സലാഹും മുൻ നിരയിലുണ്ടാവുമെന്ന് ഫുട്ബോള്‍ ആരാധകര്‍ പ്രതീക്ഷിക്കുകയാണ്.
സലാഹിന്റെ പരുക്കിനെ ആരാധകര്‍ വേദനയോടെ കാണുമ്പോഴാണ് ‘ഇത് ദൈവത്തിന്റെ ശിക്ഷയാണ്’ എന്ന് പറഞ്ഞ് ഒരു ഇസ്ലാമിക പ്രഭാഷകന്‍ രംഗത്ത് വന്നിരിക്കുന്നത്. നോമ്പെടുക്കാതെ ഫുട്ബോള്‍ കളിച്ചത് കൊണ്ട് ദൈവം കൊടുത്ത ശിക്ഷയാണ് ഇതെന്നാണ് കുവൈത്തിലെ ഇസ്ലാമിക പ്രഭാഷകന്‍ മുബാറക് അല്‍ ബതാലി പറഞ്ഞത്. നേരത്തേ ഫൈനലില്‍ നോമ്പെടുത്താണ് കളിക്കുക എന്നായിരുന്നു സലാഹ് പറഞ്ഞിരുന്നത്. എന്നാല്‍ ക്ലബ്ബിലെ ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് അദ്ദേഹം നോമ്പെടുക്കാതെ കളത്തിലിറങ്ങുകയായിരുന്നു.
നോമ്പ് വീട്ടിയെടുക്കാനുളള സൗകര്യം മുസ്ലിങ്ങള്‍ക്ക് ഉളളത് കൊണ്ട് തന്നെ സലാഹ് എതിര്‍പ്പ് പറയാതെ കളിക്കിറങ്ങുകയും ചെയ്തു. എന്നാല്‍ സലാഹ് തന്നെയാണ് പരുക്ക് വരുത്തി വച്ചതെന്ന് മുബാറക് അല്‍ ബതാലി കുറ്റപ്പെടുത്തി. ബ്രിട്ടനില്‍ നിന്ന് ഉക്രെയിനിലേക്കുളള യാത്രയ്ക്ക് വേണ്ടിയല്ലാതെ മൽസരത്തിന് വേണ്ടി മാത്രമായി നോമ്പ് കളഞ്ഞത് ന്യായീകരിക്കാനാവില്ലെന്ന് മൗലവി പറഞ്ഞു.
‘ദൈവമാണ് അദ്ദേഹത്തെ ശിക്ഷിച്ചത്. അയാള്‍ ചെയ്ത പാപത്തിന്റെ ഫലമാണത്. അയാൾ തന്നെ അത് അനുഭവിക്കണം. പരുക്ക് നിങ്ങള്‍ക്ക് നല്ലതിനാണ്. വിഷമിക്കേണ്ട, പശ്ചാത്താപത്തിന്റെ വാതില്‍ നിങ്ങള്‍ക്കായി തുറന്നിട്ടിരിക്കുകയാണ്’, മൗലവി കൂട്ടിച്ചേര്‍ത്തു. നേരത്തേ അൽഖായിദയ്ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് വിവാദത്തില്‍ പെട്ടയാളാണ് ഇയാള്‍. ചാമ്പ്യൻസ്ലീഗ് ഫൈനലിനിടെ റാമോസാണ് സലാഹിനെ പരുക്കേല്‍പ്പിച്ചത്.
പത്ത് മാസം മുമ്പാണ് മുഹമ്മദ് സാല ഇറ്റാലിയന്‍ ക്ലബ്ബ് എഎസ് റോമയില്‍ നിന്ന് ലിവര്‍പൂളില്‍ ചേരുന്നത്. 42 ദശലക്ഷം യൂറോയുടെ കരാര്‍. റോമ ക്ലബ്ബിന് കോളടിച്ചുവെന്ന രീതിയിലായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നത്. ലിവര്‍പൂളിന് വലിയ ഗുണമൊന്നും ഈ ട്രാന്‍സ്ഫറിലൂടെ ലഭിക്കില്ലെന്ന വിലയിരുത്തലും. എന്നാല്‍, കോച്ച് യുര്‍ഗന്‍ ക്ലോപിന്റെ കണക്ക് കൂട്ടലുകള്‍ ശരിയായിരുന്നു.
ക്രിസ്റ്റ്യാനോയെയും മെസിയെയും കുറിച്ച് ധാരാളം എഴുതുന്ന പത്രക്കാര് മുഹമ്മദ് സാലയെ കുറിച്ചും എഴുതണമെന്ന് യുര്‍ഗന്‍ ക്ലോപ് പറഞ്ഞു. ഇടത്തേ കാല് കൊണ്ടുള്ള ഫിനിഷിങ് പാടവത്തിലും ഗ്രൗണ്ടില്‍ ദ്രുതഗതിയില്‍ പെരുമാറുകയും ചെയ്യുന്ന സാല ഇടക്ക് മെസിയെ ഓര്‍മിപ്പിക്കുന്നുവെന്ന് ക്ലോപ്. ലോകഫുട്ബോളര്മാരുടെ നിരയിലേക്ക് ഉയരാനുള്ള പ്രതിഭ ഈജിപ്ത് താരത്തില്‍ ഉണ്ട്. അത് ലോകം കണ്ടു കൊണ്ടിരിക്കുകയാണെന്നും ക്ലോപ്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook