കഴിഞ്ഞ ദിവസം ഐസിസിയും വിംബിള്‍ഡണും തമ്മില്‍ നടന്ന ട്വിറ്റര്‍ ചര്‍ച്ച വന്‍ ഹിറ്റായി മാറിയിരുന്നു. ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററുടെ ഷോട്ടിനെ കുറിച്ചായിരുന്നു ചര്‍ച്ച. ക്രിക്കറ്റ് ഇതിഹാസം സച്ചിനോടാണ് ഐസിസി ഫെഡററെ ഉപമിച്ചത്. ഇതിന് പിന്നാലെയിതാ ഫെഡററെ അഭിനന്ദിച്ച് തന്നെ രംഗത്തെത്തിയിരിക്കുകയാണ് സച്ചിൻ. അഭിനന്ദിക്കുക മാത്രമല്ല, ഫെഡറര്‍ക്ക് ക്രിക്കറ്റിന് ട്യൂഷനും എടുത്തു കൊടുത്തു സച്ചിന്‍.

ക്രിക്കറ്റിലെ ഷോട്ടിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ളതായിരുന്നു ഫെഡററുടെ ഷോട്ട്. ഇതിനെ അഭിനന്ദിച്ചു കൊണ്ട് സച്ചിന്‍ ട്വീറ്റ് ചെയ്യുകയായിരുന്നു. കൈയ്യും കണ്ണും തമ്മിലുള്ള കോര്‍ഡിനേഷന്‍ നന്നായിട്ടുണ്ടെന്നായിരുന്നു സച്ചിന്റെ ട്വീറ്റ്. ഒപ്പം വിംബിള്‍ഡണ്‍ ജയിച്ചതിന് ശേഷം പരസ്പരം ക്രിക്കറ്റിന്റേയും ടെന്നീസിന്റേയും ടിപ്പുകള്‍ കൈമാറമെന്നും സച്ചിന്‍ പറഞ്ഞു. ക്രിക്കറ്റ് കഴിഞ്ഞാല്‍ പിന്നെ സച്ചിന് ഏറെയിഷ്ടമുള്ള കായിക ഇനമാണ് ടെന്നീസ്.

സച്ചിന്റെ ട്വീറ്റിന് മറുപടിയുമായി ഉടനെ തന്നെ ഫെഡററുമെത്തി. വിംബിള്‍ഡണ്‍ കഴിയുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്നും നോട്ടുകള്‍ എടുക്കാന്‍ ഇപ്പോഴേ തയ്യാറാണെന്നായിരുന്നു ഫെഡററുടെ മറുപടി. ഇതിന് സച്ചിനും മറുപടി കൊടുത്തു. ഫെഡറര്‍ തന്നെ ബാക്ക് ഹാന്റ് സ്‌ട്രോക്ക് പഠിപ്പിക്കുകയാണെങ്കില്‍ ഫെഡറര്‍ക്ക് സ്‌ട്രെയ്റ്റ് ഡ്രൈവ് പഠിപ്പിച്ചു തരാം എന്നായിരുന്നു സച്ചിന്റെ മറുപടി. അതോടൊപ്പം, ഫെഡററുടെ കളി കാണാന്‍ എത്താന്‍ സാധിക്കില്ലെന്നും എന്നാല്‍ ടിവിയിലൂടെ കാണുമെന്നും സച്ചിന്‍ പറഞ്ഞു.

തനിക്ക് ടെന്നീസിനോടും ഫെഡററോടുമുള്ള സ്‌നേഹം പലപ്പോഴായി സച്ചിന്‍ തുറന്നു പറഞ്ഞിട്ടുണ്ട്. രണ്ടു പേരും കായിക ലോകം കണ്ട ഏക്കാലത്തേയും മഹാന്മാരായ താരങ്ങളാണെന്നത് സംശയത്തിന് വകയില്ലാത്തതാണ്. കഴിഞ്ഞ ദിവസം സച്ചിനും ഫെഡററും എയര്‍പോര്‍ട്ടില്‍ വച്ച് കണ്ടുമുട്ടുന്നതിന്റെ മിം ഐസിസി പോസ്റ്റ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയ ഇത് ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും ട്വീറ്റ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ