സ്ട്രൈക്കര്‍മാരും മധ്യനിരക്കാരും പ്രതിരോധ താരങ്ങള്‍ വരെ ലോങ് റേഞ്ചുകള്‍ക്ക് മുതിരുന്നത് നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ ഗോള്‍കീപ്പര്‍മാരുടെ ലോങ് റേഞ്ച് ശ്രമങ്ങള്‍ അത്ര പതിവായ കാഴ്ചയല്ല. അതും തന്റെ പകുതിയില്‍ നിന്നും ഗോള്‍ അടിച്ചു കയറ്റിയ ഗോളിയാണ് ഈ ആഴ്ചത്തെ പ്രധാന ഫുട്ബോള്‍ കൗതുകം. അറുപത് യാര്‍ഡ് ദൂരത്ത് നിന്നും ഗോള്‍ നേടിയ ല്യൂഗോ ഗോള്‍കീപ്പര്‍ ആണ് ആ സൂപ്പര്‍സ്റ്റാര്‍ ഗോളി.
ലാ ലിഗ രണ്ടാം ഡിവിഷന് ക്ലബ്ബായ സ്പോര്‍ട്ടിങ് ഗിഹോണിനെതിരെയായിരുന്നു ഹുവാന്‍ കാര്‍ലോസിന്റെ തകര്‍പ്പന്‍ ഗോള്‍. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ നേടി ല്യൂഗോ വിജയിച്ച മൽസരത്തില്‍ തന്റെ പകുതിയില്‍ നിന്നുകൊണ്ടാണ് ഹുവാന്‍ ഗോള്‍ നേടുന്നത്. സ്പോര്‍ട്ടിങ് ഗിഹോണ്‍ പ്രതിരോധത്തിന്റെ ക്ലിയറന്‍സ് കൗണ്ടര്‍ അറ്റാക്കിന് വഴിവയ്ക്കാനിരിക്കെയായിരുന്നു ഇടതുവിങ്ങിലേക്ക് കയറിവന്ന ഗോള്‍കീപ്പര്‍ ലോങ്റേഞ്ചര്‍ തുടുത്തുവിടുന്നത്.
എന്നാല്‍ ഇതറിഞ്ഞുകൊണ്ടുള്ള ശ്രമമായിരുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. ” എനിക്ക് ഗോള്‍ നേടണം എന്നുണ്ടായിരുന്നില്ല. ബോക്സിലേക്ക് പന്തെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം” ചിരിയടക്കാതെ ഹുവാന്‍ കാര്‍ലോസ് പറയുന്നു.
തന്റെ ടീം അംഗങ്ങളെ തന്നെ ഞെട്ടിച്ചു കൊണ്ട് ഹുവാന്‍ കാര്‍ലോസ് നേടിയ ഈ ഗോളിന് വേറെയും പ്രത്യേകതയുണ്ട്. തന്റെ മുപ്പതാം ജന്മദിനത്തിലായിരുന്നു ഹുവാന്റെ ഈ ഗോള്‍നേട്ടം.