/indian-express-malayalam/media/media_files/uploads/2018/10/goa.jpg)
ഇന്ത്യൻ സൂപ്പർ ലീഗിൽ പൂനെ സിറ്റിക്കെതിരായ മത്സരത്തിൽ ഗോവയ്ക്ക് തകർപ്പൻ ജയം. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഗോവ പൂനെയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം കോറോയുടെ ഇരട്ടഗോൾ മികവിലാണ് ഗോവ സ്വന്തം മൈതാനത്ത് സന്ദർശകരെ കെട്ടുകെട്ടിച്ചത്.
കളിയുടെ അഞ്ചാം മിനിറ്റിൽ തന്നെ കോറോ എന്ന കോറോമിനാസ് ഗോവയെ മുന്നിലെത്തിച്ചു. എന്നാൽ അധികം വൈകാതെ എട്ടാം മിനിറ്റിൽ പൂനെയുടെ മറുപടി. തുടക്കം തന്നെ ഗോൾ വഴങ്ങിയതോടെ ഇരു ടീമുകളും അക്രമണത്തിലേക്ക് നീങ്ങി. ഇതോടെ ആളൊഴിഞ്ഞ ഗോൾ പോസ്റ്റിലേക്ക് ഒന്നിന് പുറകെ ഒന്നായി ഗോളുകൾ.
നാല് മിനിറ്റുകൾക്ക് ശേഷം 12-ാം മിനിറ്റിൽ ഹ്യൂഗോ ബോമോസിലൂടെ ഗോവൻ മറുപടി. 2-1ന് ഗോവ മുന്നിൽ. 20-ാം മിനിറ്റിൽ ജാക്കിചന്ദ് സിങും പൂനെ വല കുലുക്കി. ഇതോടെ ഗോവൻ ലീഡ് ഒന്നിനെതിരെ മൂന്ന് ഗോളുകളിലേക്ക് ഉയർന്നു. ലീഡ് ഗോൾ വഴങ്ങിയതോടെ പ്രതിരോധത്തിലായ പൂനെയ്ക്ക് രക്ഷകനായി എത്തിയത് എമിലാനോ അൽഫാരോയാണ്. 23-ാം മിനിറ്റിൽ വീണ്ടും ഗോവൻ വല ചലിപ്പിച്ചതോടെ പൂനെ മത്സരത്തിൽ ജീവൻ നിലനിർത്തി.
എന്നാൽ ആദ്യം ഗോൾ കണ്ടെത്തിയ കോറോയുടെ കാലുകൾ ഒരിക്കൽ കൂടി ഗോവയെ രണ്ട് പടി മുന്നിലെത്തിച്ചു. 35-ാം മിനിറ്റിലായിരുന്നു കോറോയുടെ രണ്ടാം ഗോൾ. ഇതോടെ ആദ്യ പകുതിയിൽ തന്നെ ഗോവ രണ്ടിനെതിരെ നാല് ഗോളുകൾക്ക് മുന്നിൽ. ഗോൾ സമൃദ്ധമായ ഒന്നാം പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ഗോൾ നേടാൻ ഇരു ടീമുകൾക്കും ആയില്ല. തുടർച്ചയായ അവസരങ്ങൾ ഗോവ സൃഷ്ടിച്ചെങ്കിലും ഗോൾ മാത്രം അകന്നു നിന്നു.
അതിനിടയിൽ കളിയുടെ അവസാന മിനിറ്റുകളിൽ രണ്ട് തവണയാണ് റഫറി ചുവപ്പ് കാർഡ് പുറത്തെടുത്തത്. 86-ാം മിനിറ്റിൽ പൂനെ താരം ഡിയാഗോ കാർലോസ് പുറത്ത് പോയപ്പോൾ 90-ാം മിനിറ്റിൽ ഗോവയ്ക്ക് നഷ്ടമായത് ഗോൾ സ്കോറർ കോറോയെയാണ്.
ജയത്തോടെ നോർത്ത് ഈസ്റ്റിനെ പിന്തള്ളി ഗോവ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. കളിച്ച മൂന്ന് മത്സങ്ങളിൽ മൂന്നും ജയിച്ച ഗോവ ഒരു മത്സരം സമനിലയിൽ അവസാനിപ്പിക്കുകയും ചെയ്തു. പൂനെയാകട്ടെ കളിച്ച നാലിൽ മൂന്നിലും പരാജയം ഏറ്റുവാങ്ങി പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിലാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.