ചെന്നൈ: ഐഎസ്എല്ലിന്റെ നാലാം സീസണിലെ ആദ്യ ജയം എഫ്സി ഗോവയ്ക്ക്. 5 ഗോളുകൾ പിറന്ന മത്സരത്തിൽ 3 എതിരെ 2 ഗോളുകൾക്കാണ് ഗോവ ആതിഥേയരായ ചെന്നൈയിൻ എഫ്സിയെ തകർത്തത്. മത്സരത്തിന്റെ ആദ്യ പകുതിയിൽത്തന്നെയാണ് ഗോവ തങ്ങളുടെ മൂന്ന് ഗോളുകളും നേടിയത്.
ചെന്നൈയിൻ എഫ്സിയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. ജെജെ ലാൽപെഖൂല ഗോവൻ ഗോൾകീപ്പർക്ക് നിരന്തരം തലവേദന സമ്മാനിച്ചു. എന്നാൽ മത്സരത്തിന്റെ ഗതിക്ക് വിരുദ്ധമായാണ് ഗോവ അപ്രതീക്ഷിതമായി ലീഡ് എടുത്തത്. ബ്രണ്ടൻ ഫെർണ്ണാഡസ് നൽകിയ ത്രൂപാസ് നിലംപറ്റെയുള്ളൊരു ഷോട്ടിലൂടെ ഫെറാൻ കോറ വലയിലാക്കുകയായിരുന്നു. മത്സരത്തിന്റെ 25 ആം മിനുറ്റിലാണ് കോറ ലക്ഷ്യം കണ്ടത്. നാലാം സീസണിലെ ആദ്യ ഗോളായിരുന്നു കോറ നേടിയത്.
തൊട്ടടുത്ത മിനുറ്റിൽത്തന്നെ ഗോവ തങ്ങളുടെ രണ്ടാം ഗോളും നേടി. മികച്ചൊരു ഇടങ്കാലൻ ചിപ്പിലൂടെ മാനുവൽ ബ്രൂണോയാണ് ഗോവയുടെ വലകുലുക്കിയത്. 39 മിനുറ്റിൽ മന്ദർ ദേശായിയും ലക്ഷ്യം കണ്ടതോടെ ഗോവ 3 ഗോളിന് മുന്നിലെത്തി.
എന്നാൽ രണ്ടാം പകുതിൽ ഗോൾ മടക്കാൻ ചെന്നൈയിൻ എഫ്സി വിയർത്തു കളിച്ചു. 70 ആം മിനുറ്റിൽ ഇനിഗോ കാൽഡെറോൺ ഒരു ഗോൾമടക്കിയതോടെ മത്സരം ആവേശകരമായി. 83 മിനുറ്റിൽ ജെജെയെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി റാഫേൽ അഗസ്റ്റോ ചെന്നൈയിന്റെ പരാജയ ഭാരം കുറച്ചു. സമനില ഗോളിനായി ചെന്നൈയിൻ വിയർത്തു കളിച്ചെങ്കിലും ഗോവൻ പ്രതിരോധം വഴങ്ങിയില്ല.