ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താരലേലത്തിൽ കോടികൾ വാരി ഓസിസ് താരങ്ങൾ. ഇതുവരെ ഏറ്റവും കൂടുതൽ തുക നേടിയ രണ്ടു പേരും ഓസിസ് താരങ്ങളാണ്. പാറ്റ് കമ്മിൻസാണ് കോടികൾ വാരിയ സൂപ്പർ താരം. 15.5 കോടി രൂപയ്ക്കാണ് പാറ്റ് കമ്മിൻസ് കൊൽക്കത്തയിലെത്തുന്നത്.

ഓസ്ട്രേലിയൻ ദേശീയ ടീം ഉപനായകൻ കൂടിയായ പാറ്റ് കമ്മിൻസ് 2019ൽ ഏറ്റവും കൂടുതൽ തിളങ്ങിയ താരങ്ങളിലൊരാളാണ്. ഓസിസ് അണ്ടർ 18 ടീമിലൂടെ എത്തിയ താരം ഇതിനോടകം 28 ടെസ്റ്റ് മത്സരങ്ങളിലും 58 ഏകദിന മത്സരങ്ങളിലും 25 ടി20 മത്സരങ്ങളിലും ഓസിസ് കുപ്പായമണിഞ്ഞിട്ടുണ്ട്. നിലവിൽ ലോക ഒന്നാം നമ്പർ ടെസ്റ്റ് ബോളർ കൂടിയാണ് താരം.

Also Read: IPL Auction 2020 LIVE Updates in Malayalam

ഓസ്ട്രേലിയയുടെ തന്നെ ഓൾ റൗണ്ടർ ഗ്ലെൻ മാക്സ്‌വെല്ലാണ് നേട്ടമുണ്ടാക്കിയ മറ്റൊരു താരം. 10.75 കോടി രൂപയ്ക്കാണ് ഗ്ലെൻ മാക്സ്‌വെൽ പഴയ തട്ടകമായ കിങ്സ് ഇലവൻ പഞ്ചാബിലെത്തിയത്. ഡൽഹി ക്യാപിറ്റൽസും താരത്തിനായി രംഗത്തുണ്ടായിരുന്നെങ്കിലും കൂടുതൽ തുകയിറക്കി പഴയതട്ടകത്തിലേക്ക് മാക്സ്‌വെല്ലിനെ തിരികെയെത്തിച്ചിരിക്കുകയാണ് ക്ലബ്ബ്.

വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ക്രിക്കറ്റ് ആരാധകരെ ത്രസിപ്പിച്ചിട്ടുള്ള താരമാണ് ഗ്ലെൻ മാക്സ്‌വെൽ. നിർണായക ഘട്ടങ്ങളിൽ പന്തുകൊണ്ടും വിസ്മയം തീർക്കാൻ മാക്സ്‌വെല്ലിന് സാധിച്ചിട്ടുണ്ട്. രണ്ടു കോടി രൂപയായിരുന്നു ഓസീസ് ഓള്‍റൗണ്ടറുടെ അടിസ്ഥാന വില.

2014 മുതല്‍ 2017 വരെ പഞ്ചാബിന്റെ മിന്നും താരമായിരുന്നു മാക്സ്‌വെൽ. അദ്ദേഹം കൂടുതല്‍ സീസണുകള്‍ കളിച്ചിട്ടുള്ള ടീമും പഞ്ചാബ് തന്നെയാണ്. 2018ലെ ഐപിഎല്ലില്‍ ഡല്‍ഹിക്കൊപ്പമായിരുന്നു മാക്സ്‌വെൽ. എന്നാല്‍ കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ അദ്ദേഹം കളിച്ചിരുന്നില്ല. മാനസിക സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നു അടുത്തിടെ ക്രിക്കറ്റില്‍ നിന്നും മാക്സ്‌വെൽ മാറിനിന്നിരുന്നു. ദിവസങ്ങള്‍ക്കു മുമ്പാണ് താന്‍ കളിക്കളത്തില്‍ തിരിച്ചെത്താന്‍ തയ്യാറെടുക്കുന്നതായി താരം അറിയിച്ചത്. വൻ തുക മുടക്കി വീണ്ടും പഞ്ചാബിലെത്തുന്ന താരത്തിൽ ക്ലബ്ബിന് വലിയ പ്രതീക്ഷയാണുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook