scorecardresearch

തെറ്റുകളിൽ നിന്നും ഞാൻ പഠിച്ചു, പിന്നീട് അവസരങ്ങൾ പ്രയോജനപ്പെടുത്തി: റിഷഭ് പന്ത്

നല്ലൊരു ക്രിക്കറ്റ് താരമാകാൻ കൂട്ടത്തിലെ മുതിർന്ന എല്ലാവരിൽ നിന്നും പഠിക്കാൻ ശ്രമിക്കാറുണ്ടെന്നും പന്ത് പറഞ്ഞു

നല്ലൊരു ക്രിക്കറ്റ് താരമാകാൻ കൂട്ടത്തിലെ മുതിർന്ന എല്ലാവരിൽ നിന്നും പഠിക്കാൻ ശ്രമിക്കാറുണ്ടെന്നും പന്ത് പറഞ്ഞു

author-image
Sports Desk
New Update
ബൗളറെ നോക്കാറില്ല, ശ്രദ്ധ അയാളുടെ ബോളിലേക്ക് മാത്രം: റിഷഭ് പന്ത്

ചുരുങ്ങിയ കാലത്തെ തന്റെ അന്തരാഷ്ട്ര കരിയറിൽ ഒരുപാട് ഉയർച്ച താഴ്ചകൾ കാണാനും തെറ്റുകളിൽ നിന്നും പഠിച്ചു മികച്ച കളിക്കാരനാകാനും കഴിഞ്ഞതിൽ സന്തുഷ്ടനാണെന്ന് റിഷഭ് പന്ത്. ശനിയാഴ്ച ബിസിസിഐ ടിവിയോടാണ് പന്ത് മനസുതുറന്നത്‌.

Advertisment

കോവിഡ് മുക്തനായി ഇംഗ്ലണ്ടിനെതിരെ പരമ്പരക്ക് തയ്യാറെടുക്കുന്ന പന്ത് ഇന്ത്യക്ക് വേണ്ടിയുള്ള തന്റെ 22 മത് ടെസ്റ്റ് മത്സരം കളിക്കുന്നത് 2018ൽ അരങ്ങേറ്റം കുറിച്ച അതേ സ്റ്റേഡിയത്തിലാണ്. അന്ന് ട്രെന്റ് ബ്രിഡ്ജ് സ്റ്റേഡിയത്തിൽ നേരിട്ട ആദ്യ ബോൾ തന്നെ സിക്സറിന് പറത്തിയാണ് പന്ത് ടെസ്റ്റ് മത്സരത്തിലേക്കുള്ള തന്റെ വരവറിയിച്ചത്.

"നിരവധി ഉയർച്ച താഴ്ചകൾ ഉണ്ടായിരുന്നത് കൊണ്ടു തന്നെ ഇതൊരു വിസ്മയകരമായ യാത്രയായിരുന്നു. ഒരു ക്രിക്കറ്റർ എന്ന നിലയിൽ നമ്മൾ പരിണമിക്കും, തെറ്റുകളിൽ നിന്നും പഠിക്കും, സ്വയം മെച്ചപ്പെടും, തിരികെ ഗ്രൗണ്ടിലെത്തും നന്നായി കളിക്കും"

"ഞാൻ എന്റെ തെറ്റുകളിൽ നിന്നും പഠിച്ചു എന്നതിൽ സന്തുഷ്ടനാണ്, അതിനു ശേഷം എനിക്ക് ലഭിച്ച എല്ലാ അവസരങ്ങളും ഞാൻ മുതലാക്കി. ഞാൻ സന്തോഷവാനാണ്," റിഷഭ് പന്ത് ബിസിസിഐ ടിവിയിൽ പറഞ്ഞു.

Advertisment

നല്ലൊരു ക്രിക്കറ്റ് താരമാകാൻ കൂട്ടത്തിലെ മുതിർന്ന എല്ലാവരിൽ നിന്നും പഠിക്കാൻ ശ്രമിക്കാറുണ്ടെന്നും പന്ത് പറഞ്ഞു. "ഞാൻ രോഹിത് ഭായിയോട് ഒരുപാട് സംസാരിക്കാറുണ്ട്, കഴിഞ്ഞ മത്സരത്തിൽ നമ്മൾ എന്താണ് ചെയ്തതെന്നും എന്ത് ചെയ്യണമായിരുന്നെന്നും സംസാരിക്കാൻ എനിക്ക് ഇഷ്ടമാണ്. ഒപ്പം ഭാവി മത്സരങ്ങളിൽ എന്താണ് സംഭവിക്കുക എന്നും എന്റെ കളിയിൽ എനിക്ക് എന്ത് ചേർക്കാൻ കഴിയുമെന്നും സംസാരിക്കാറുണ്ട്."

"ഞാൻ വിരാട് ഭായിയോട് സാങ്കേതികമായ കാര്യങ്ങളും സംസാരിക്കാറുണ്ട്. പ്രത്യേകിച്ച് ഇംഗ്ലണ്ടിൽ കളിക്കുന്നതും, വിക്കറ്റിനോട് അടുത്ത് നിക്കുന്നതും പിന്നോട്ട്പോകുന്നതും" പന്ത് പറഞ്ഞു.

"ലോകം മുഴുവൻ ഒരുപാട് ക്രിക്കറ്റ് കളിച്ച രവി ഭായിയോടും ഞാൻ സംസാരിക്കാറുണ്ട്. ആഷ് ഭായിയോടും ഞാൻ സംസാരിക്കും, ബോൾ ചെയ്യുമ്പോൾ ബാറ്റ്‌സമാന്റെ ഉദ്ദേശമെന്താണെന്ന് അദ്ദേഹത്തിന് അറിയാൻ കഴിയും. അതുകൊണ്ട് ഒരു ബാറ്റ്സ്മാൻ എന്ന നിലക്ക് എന്താണ് ബോളർ ചിന്തിക്കുന്നത് എന്ന് എനിക്ക് അറിയാൻ പറ്റും, ഒരു പ്ലെയർ എന്ന നിലയിൽ എല്ലാവരിൽ നിന്നും എനിക്ക് പഠിക്കണം" പന്ത് കൂട്ടിച്ചേർത്തു.

Also read: ഇന്ത്യ- ശ്രീലങ്ക പരമ്പര: തിളങ്ങാൻ കഴിയാതെ സഞ്ജു; ടി20 ലോകകപ്പ് ടീമിൽ ഇടം നേടുക പ്രയാസം

ടെസ്റ്റിൽ 21 മത്സരങ്ങൾ മാത്രമാണ് പൂർത്തിയാക്കിയിരിക്കുന്നത് എങ്കിലും ലോക ക്രിക്കറ്റിൽ ഇപ്പോഴുള്ള മികച്ച താരങ്ങളിൽ ഒരാളാണ് പന്ത്. മൂന്ന് സെഞ്ചുറികൾ ഉൾപ്പടെ 43 റൺസിന്റെ ആവറേജിൽ 1400നു മുകളിൽ റൺസ് പന്ത് ഇതിനോടകം നേടിയിട്ടുണ്ട്. വിക്കറ്റ് കീപ്പറായി 83 പുറത്താക്കലുകളും നടത്തിയിട്ടുള്ള പന്ത്, ഈ വർഷം ആദ്യം നടന്ന ഓസ്‌ട്രേലിയൻ പരമ്പരയിൽ ഇന്ത്യയെ വിജയത്തിൽ എത്തിച്ചതിൽ പ്രധാനിയാണ്.

ഇന്ത്യയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയിലും പന്ത് അഭിവാജ്യ ഘടകമായിരുന്നു.പരമ്പരയിൽ ഒരു മത്സരത്തിൽ ജിമ്മി ആൻഡേഴ്സൺ എറിഞ്ഞ ബോൾ റിവേഴ്‌സ് സ്വീപ് ചെയ്ത് ബൗണ്ടറി കടത്തിയത് ഒരുപാട് പ്രശംസ നേടിയിരുന്നു.

ഒരു നല്ല ക്രിക്കറ്റർ എന്ന നിലയിലേക്ക് കഴിഞ്ഞ ഒരു വർഷത്തിലാണ് താൻ പരിണമിച്ചതെന്ന് പന്ത് പറഞ്ഞു. താൻ പലതും ശ്രമിക്കുകയായിരിന്നു അതിനെ വിശ്വസിച്ചു ചെയ്തപ്പോൾ അതിന്റെ ഫലം ലഭിച്ചെന്നും ഇപ്പോൾ സന്തോഷവാനാണെന്നും പന്ത് പറഞ്ഞു.

ടെസ്റ്റ് മത്സരം കളിച്ചില്ലെങ്കിൽ തന്നെ ഒരു അന്തരാഷ്ട്ര ക്രിക്കറ്റർ ആയി പരിഗണിക്കില്ലെന്ന് പരിശീലകൻ പറഞ്ഞതും ആദ്യ ടെസ്റ്റ് മത്സരത്തിനു മുൻപ് ആ പരിശീലകനെ വിളിച്ചു സംസാരിച്ചതും പന്ത് ഓർത്തു.

ഇംഗ്ലണ്ടിൽ കളിക്കുന്നതിനു അതിന്റെതായ വെല്ലുവിളികൾ ഉണ്ടെന്ന് പന്ത് പറഞ്ഞു, സ്റ്റാൻസിൽ മാറ്റം വരുത്തുന്നതും ക്രീസിനു പുറത്തു നിന്നു ബാറ്റ് ചെയ്യുന്നതും തന്റെ കളിയെ സഹായിക്കുമെന്ന് കരുതുന്നതായി പന്ത് വ്യക്തമാക്കി.

Rishabh Pant

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: