ഇംഗ്ലണ്ട്-അയര്‍ലണ്ട് പര്യടനത്തിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. യോ യോ ടെസ്റ്റ് വഴി താരങ്ങളുടെ ഫിറ്റ്‌നസ് പരിശോധിച്ചുള്ള സെലക്ഷനൊക്കെ തകൃതിയായി നടക്കുകയാണ്. അയര്‍ലണ്ടിനെതിരായ ട്വന്റി മത്സരങ്ങളായിരിക്കും ആദ്യ നടക്കുക. ജൂണ്‍ 27, 29 തിയ്യതികളിലാണ് കളികള്‍. പിന്നാലെ ടീം ഇംഗ്ലണ്ടിലേക്ക് പറക്കും.

മൂന്ന് ഏകദിനവും ട്വന്‍ി-20യും അഞ്ച് ടെസ്റ്റുമാണ് പര്യടനത്തിലുള്ളത്. നേരത്തെ ഇംഗ്ലണ്ട് പര്യടനം മുന്നില്‍ കണ്ട് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ഇംഗ്ലീഷ് കൗണ്ടി കളിക്കാന്‍ പോകാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പരുക്ക് മൂലം താരത്തിന് തീരുമാനം മാറ്റേണ്ടി വരികയായിരുന്നു. ഐപിഎല്‍ കഴിഞ്ഞതോടെ താരങ്ങള്‍ക്ക് നീണ്ട വിശ്രമമാണ് ലഭിച്ചത്.

എന്നാല്‍ ഇംഗ്ലണ്ടിലേക്ക് പോകാതിരുന്നത് നന്നായെന്നാണ് കോഹ്ലി പറയുന്നത്. ഇംഗ്ലണ്ടിലേക്ക് പോയിരുന്നുവെങ്കില്‍ തനിക്ക് സാഹചര്യങ്ങള്‍ പഠിക്കാന്‍ സാധിക്കുമായിരുന്നുവെന്നും എന്നാല്‍ 90 ശതമാനം മാത്രമേ ഫിറ്റായിരിക്കുകയുള്ളുവെന്ന് കോഹ്ലി പറഞ്ഞു. അതേസമയം പോകാതെ ഇവിടെ തന്നെ പ്രാക്ടീസ് ചെയ്തതു കൊണ്ട് താന്‍ 110 ശതമാനം ഫിറ്റാണെന്നും മത്സരത്തിന് സജ്ജനാണെന്നും അദ്ദേഹം പറയുന്നു.

പരിശീലകന്‍ രവിശാസ്ത്രിയുമൊത്ത് നടത്തിയ പത്രസമ്മേളനത്തിലായിരുന്നു ഇന്ത്യന്‍ നായകന്റെ പ്രതികരണം. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി പരിചയം കുറവാണെങ്കിലും ദക്ഷിണാഫ്രിക്കയിലേക്കും ശ്രീലങ്കയിലേക്കും പോയ അതേ മൈന്റ് സെറ്റുമായി തന്നെയാണ് ഇംഗ്ലണ്ടിലേക്ക് പോകുമ്പോഴെന്നും കോഹ്ലി പറഞ്ഞു.

പിച്ചും സാഹചര്യങ്ങളും പഠിച്ച് കളിക്കുന്നതിനാല്‍ ഇന്ത്യയ്ക്ക് എല്ലാ മത്സരങ്ങളും ഹോം മത്സരങ്ങള്‍ പോലെ തന്നെയാണെന്നും ഇന്ത്യന്‍ നായകന്‍ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ