കോഴിക്കോട്: ഐ-ലീഗിൽ ഗോകുലം കേരള എഫ്സിയുടെ അടുത്ത ഹോം മത്സരത്തിൽ നിന്നുള്ള ടിക്കറ്റ് വരുമാനം കഴിഞ്ഞ മാസം മരണപ്പെട്ട ധനരാജിന്റെ കുടുംബത്തിന്. ചർച്ചിൽ ബ്രദേഴ്സിനെതിരെ ജനുവരി 26ന് നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റ് വരുമാനമാണ് ധനരാജൻ രാധകൃഷ്ണന്റെ കുടുംബത്തിന് നൽകുക. പെരിന്തൽമണ്ണയിൽ സെവൻസ് ടൂർണമെന്റിൽ പങ്കെടുക്കുന്നതിനിടയിലാണ് മുൻ സന്തോഷ് ട്രോഫി താരം കൂടിയായ ധനരാജൻ കുഴഞ്ഞ് വീണ് മരിച്ചത്.
ചർച്ചിൽ ബ്രദേഴ്സിനെതിരായ മത്സരത്തിൽ കോംപ്ലിമെന്ററി പാസുകൾ ഉണ്ടായിരിക്കില്ലെന്നും ആ ടിക്കറ്റുകൾ കൂടി വിറ്റഴിച്ച് മത്സരദിവസത്തെ മുഴുവൻ വരുമാനവും ധനരാജന്റെ കുടുംബത്തിന് നൽകാനാണ് തീരുമാനമെന്നും ഗോകുലം മാനേജ്മെന്റ് അറിയിച്ചു. ധനരാജിന്റെ കുടുംബത്തെ മത്സരം കാണാന്‍ ക്ഷണിച്ചിട്ടുണ്ടെന്നും ഗോകുലം എഫ്.സി ചെയര്മാന് ഗോകുലം ഗോപാലന് അറിയിച്ചു.ധനരാജിന്റെ കുടുംബത്തെ സഹായിക്കുകയെന്നത് ഫുട്ബോള്‍ ക്ലബ് എന്ന നിലയില്‍ തങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: ജീവിതത്തിന് ലോങ് വിസില്‍; മത്സരത്തിനിടെ ഫുട്ബോള്‍ താരം കുഴഞ്ഞുവീണ് മരിച്ചു
ധനരാജിന്റെ മരണശേഷം നടന്ന ഐസ്വാൾ എഫ്സിക്കെതിരായ മത്സരത്തിൽ താരത്തോടുള്ള ആദരസൂചകമായി മൗനം ആചരിച്ചിരുന്നു. അന്ന് കയ്യിൽ കറുത്ത ബാഡ്ജ് അണിഞ്ഞാണ് ഗോകുലം താരങ്ങൾ കളത്തിലിറങ്ങിയത്.
Also Read: കലിപ്പടക്കണം; കണക്ക് പുസ്തകത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകൾ ഇങ്ങനെ
നേരത്തെ പാലക്കാട് ധനരാജിന്റെ കുടുംബത്തിന് വേണ്ടിയുള്ള ധനസഹായാർത്ഥം സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിനിടെ ഗ്യാലറി തകർന്ന് വീണിരുന്നു. ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസ താരങ്ങളായ ബൈചുങ് ബൂട്ടിയ, ഐഎം വിജയന് തുടങ്ങിയവര്‍ മത്സരിക്കാനിരിക്കെയാണ് അപകടം ഉണ്ടായത്. 4000ത്തോളം ആളുകൾ തിങ്ങിനിറഞ്ഞ ഗ്യാലറിയുടെ ഒരുഭാഗം പൂർണമായും തകർന്ന് വീഴുകയായിരുന്നു.