കോഴിക്കോട്: ഐ-ലീഗ് ക്ലബ്ബായ ഗോകുലം കേരള എഫ്.സി പ്രതിരോധ താരം ധർമ്മരാജ് രാവണൻ ക്ലബ്ബുമായി കരാറിലെത്തി. വരുന്ന ഐ-ലീഗിൽ ഗോകുലത്തിന്റെ പ്രതിരോധ നിരയിൽ ധർമ്മരാജ് രാവണനും ഉണ്ടാകും. ഡ്യൂറന്റ് കപ്പിന് പിന്നാലെ ഐ-ലീഗ് കിരീടവും ലക്ഷ്യമിടുന്ന ഗോകുലത്തിന്റെ പ്രധാന നീക്കങ്ങളിൽ ഒന്നാണ് താരത്തെ ക്ലബ്ബിലെത്തിച്ചത്.
തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയായ ധർമ്മരാജ് രാവണൻ ഇന്ത്യയിലെ തന്നെ പല പ്രമുഖ ക്ലബ്ബുകൾക്ക് വേണ്ടിയും ബൂട്ട് കെട്ടിയ താരമാണ്. ഡെംമ്പോ എസ്.സി, മോഹൻ ബഗാൻ, ചർച്ചിൽ ബ്രദേഴ്സ്, പൂനെ സിറ്റി എഫ്.സി, ചെന്നൈ സിറ്റി, റിയൽ കശ്മീർ എന്നീ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച താരം ഡ്യൂറന്റ് കപ്പ്, ഐ-ലീഗ്, ഐഎഫ്എ ഷീൾഡ്, ഫെഡറേഷൻ കപ്പ് എന്നീ കിരീടങ്ങൾ ഉയർത്തിയ ചർച്ചിൽ ബ്രദേഴ്സ് ടീമിൽ അംഗമായിരുന്നു. ഡ്യൂറന്റ് കപ്പ് സ്വന്തമാക്കിയ മഹീന്ദ്രക്ക് വേണ്ടി ആ സീസണിൽ താരം കളിച്ചിരുന്നു.
Also Read: ‘ഐ ലീഗിന് ഐഎസ്എല്ലിനേക്കാള് ഉയരത്തിലെത്താനാകും, വേണ്ടത് പിന്തുണയാണ്’; ഉബൈദ് സംസാരിക്കുന്നു
ഗോകുലം കേരള എഫ്.സിക്ക് വേണ്ടി കളിക്കാൻ സാധിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ധർമ്മരാജ് രാവണൻ പറഞ്ഞു. പല ക്ലബ്ബുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ നിന്നുള്ള ഒരു ക്ലബ്ബിന് വേണ്ടി ഇതുവരെ കളിച്ചട്ടില്ല. ഐ ലീഗ് കിരീടം ഗോകുലത്തിലൂടെ കേരളത്തിലെത്തിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗോകുലത്തിന്റെ പ്രതിരോധ നിരയിൽ കൂടുതൽ ആത്മവിശ്വാസം നൽകാൻ ധർമ്മരാജ് രാവണന് സാധിക്കുമെന്ന് പരിശീലകൻ ഫെർണാണ്ടോ സാന്റിയാഗോ പറഞ്ഞു. ധാരാളം പരിചയ സമ്പത്തുള്ള ഒരു താരമാണ് ധർമ്മരാജ്. യുവതാരങ്ങൾക്ക് മെന്ററാകാനും താരത്തിന് സാധിക്കുമെന്നും മുഖ്യ പരിശീലകൻ പറഞ്ഞു.